ബംഗളൂരു: റോഡുകളെയും പൊതുഗതാഗത സംവിധാനങ്ങളെയും പ്രതിസന്ധിയിലാക്കി നഗരത്തില്‍ വാഹനപ്പെരുപ്പം രൂക്ഷമാകുന്നതായി റിപ്പോർട്ട്.
കണക്കുകള്‍ പ്രകാരം ബംഗളൂരു നഗരത്തിലെ ജനസംഖ്യയില്‍ ഓരോ വർഷവും 3.7 ശതമാനം വർദ്ധനവുണ്ടാകുന്നതായാണ് വിവരം. വാഹനങ്ങളുടെ എണ്ണത്തില്‍ ഏതാണ്ട് 10 ശതമാനത്തിനടുത്താണ് വളർച്ച. ജനസംഖ്യാ വളർച്ചയേക്കാള്‍ വേഗത്തില്‍ വാഹനങ്ങള്‍ പെരുകുന്നത് നഗരത്തിലെ ഗതാഗതക്കുരുക്കും യാത്രാക്ലേശവും ഇരട്ടിയാക്കുകയാണ്.
നഗരത്തിലെ ഐടി കോറിഡോറുകളിലും പ്രധാന ബിസിനസ്, താമസ മേഖലകളിലും റോഡ് ഉപയോഗം കുത്തനെ ഉയർന്നിട്ടുണ്ട്. നഗരത്തിലേക്ക് കുടിയേറുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം സ്വന്തം വാഹനങ്ങളുമായി എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. കേരളം ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളുടെ സാന്നിദ്ധ്യവും നഗരത്തിലെ തിരക്ക് വർദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ജനസംഖ്യയിലും വാഹനപ്പെരുപ്പത്തിലും മുൻവർഷങ്ങളേക്കാള്‍ ഇരട്ടി വേഗതയിലാണ് ബംഗളൂരു നഗരം മുന്നോട്ട് പോകുന്നത്. 2011ല്‍ 85.2 ലക്ഷമായിരുന്ന ജനസംഖ്യ ഇന്ന് ഒന്നര കോടി കടന്നതായാണ് വിലയിരുത്തല്‍. മനുഷ്യർക്കൊപ്പം തന്നെ നഗരത്തിലെ വാഹനങ്ങളുടെ എണ്ണവും ഇരട്ടിച്ചു. നിലവിലെ കണക്കനുസരിച്ച് 1.25 കോടി വാഹനങ്ങളാണ് നഗരത്തില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാത്രമല്ല, പ്രതിദിന യാത്രകള്‍ക്കായി നഗരവാസികള്‍ വലിയ തോതില്‍ ആശ്രയിക്കുന്ന ഓണ്‍ലൈൻ ടാക്സികള്‍, ഓട്ടോ സർവീസുകള്‍ എന്നിവയുടെ എണ്ണത്തിലുണ്ടായ വർദ്ധനവും റോഡുകളില്‍ തിരക്ക് ഇരട്ടിയാക്കുന്നു. സ്വകാര്യ വാഹനങ്ങളും ടാക്സി സർവീസുകളും ഒരുപോലെ നിരത്തിലിറങ്ങുന്നത് ജംഗ്ഷനുകളിലും പ്രധാന പാതകളിലും കിലോമീറ്ററുകളോളം നീളുന്ന കുരുക്കിനാണ് കാരണമാകുന്നത്.
ഗതാഗതകുരുക്ക് കാരണം ഏഴ്-എട്ട് കിലോമീറ്റർ താണ്ടണമെങ്കില്‍ പലപ്പോഴും മൂന്ന് മണിക്കൂറെങ്കിലും വേണ്ടിവരാറുണ്ട്. തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് റോഡ് മെച്ചപ്പെടാത്തതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമാകുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം വാഹനങ്ങളെ നിയന്ത്രിക്കാൻ കൂടുതല്‍ കർശനമായ ട്രാഫിക് എൻഫോഴ്സ്‌മെന്റ് തന്ത്രങ്ങള്‍ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി ഗതാഗത ആസൂത്രണം മുന്നോട്ടുപോയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ബംഗളൂരു നഗരം കൂടുതല്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

