Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വന്‍ ട്വിസ്റ്റ്, പൊലീസുകാരന്റെ ബൈക്ക് കത്തിച്ചത് യുവതികള്‍; കാരണം രാഷ്ട്രീയമല്ല

വന്‍ ട്വിസ്റ്റ്, പൊലീസുകാരന്റെ ബൈക്ക് കത്തിച്ചത് യുവതികള്‍; കാരണം രാഷ്ട്രീയമല്ല

കൊല്ലം: അഞ്ചലില്‍ പൊലീസുകാരന്റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. മൂന്ന് വര്‍ഷത്തിന് മുമ്പ് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലെ ലാത്തി ചാര്‍ജ് ആണ് ബൈക്ക് കത്തിച്ചതിന് പിന്നിലെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്.

എന്നാല്‍ കൃത്യത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമല്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്. കേസില്‍ രണ്ട് യുവതികളെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് കത്തിച്ചതിനുള്ള കാരണമാകട്ടെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറിയതും.

ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശികളായ ഗായത്രി മോഹന്‍ (26), കൊല്ലം, ശൂരനാട് സ്വദേശി ആരതി (24) എന്നിവരാണ് അറസ്റ്റിലായത്. ആറന്‍മുള സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിവേകിന്റെ ബുള്ളറ്റ് ബൈക്കാണ് യുവതികള്‍ കഴിഞ്ഞ ദിവസം ചുട്ടെരിച്ചത്. വീടിന് മുന്നില്‍ കരിയോയില്‍ ഒഴിച്ചതിനാല്‍ വിവേകും മാതാപിതാക്കളും വാഹനം കത്തുന്നത് കണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അതില്‍ തെന്നി വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യത്തിലാണ് വാഹനം കത്തിച്ചതെന്നാണ് അഞ്ചല്‍ പൊലീസിന്റെ കണ്ടെത്തല്‍. ഇതിനിടെ പൊലീസ് കസ്റ്റഡിയില്‍ യുവതികളില്‍ ഒരാള്‍ വിഷം കഴിച്ച്‌ ആത്മഹത്യാശ്രമം നടത്തി. പനലൂരിലെ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച്‌ തിരികെ മടങ്ങുമ്പോഴാണ് യുവതികളില്‍ ഒരാള്‍ വിഷം കഴിച്ചത്. തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിങ് സെന്റര്‍ വിദ്യാര്‍ത്ഥിനികളായ ഇരുവരെയും സമീപത്തെ ലോഡ്ജില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുവതികളില്‍ ഒരാളും വിവേകും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. തുടര്‍ന്നാണ് വിവാഹം നിശ്ചയിച്ച്‌ ഉറപ്പിച്ചത്. എന്നാല്‍ പിന്നീട് ഈ വിവാഹത്തില്‍ നിന്ന് വിവേക് പിന്‍മാറി. ഇതോടെയാണ് പകയുണ്ടായതെന്നും ബൈക്ക് കത്തിക്കാന്‍ തീരുമാനിച്ചതെന്നും യുവതികള്‍ പൊലീസിനോട് പറഞ്ഞു. മൂന്ന് പേജുള്ള കത്തും വിവേകിന്റെ വീടിന് മുന്നില്‍ നിന്ന് ലഭിച്ചിരുന്നു. ഞങ്ങള്‍ ഇനി തിരിച്ച്‌ വരില്ലെന്ന് നീ കരുതിയോ? എന്നത് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് രാഷ്ട്രീയ വിരോധമാണ് കൃത്യത്തിന് പിന്നിലെന്ന് സംശയത്തിലേക്ക് എത്തിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi