ആലപ്പുഴ: വാര്‍ഡ് വിഭജന ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കും. വാര്‍ഡ് വിഭജനത്തെ കോടതിയിലും ചോദ്യം ചെയ്യും. സെന്‍സസ് തുടങ്ങാന്‍ തീരുമാനിക്കുകയും വാര്‍ഡ് വിഭജനവുമായി മുന്നോട്ടു പോകുകയും ചെയ്യുന്നത് പരസ്പര വിരുദ്ധമാണ്. തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍പട്ടിക സ്വീകരിച്ചതും ശരിയല്ല. 30 - 40 ലക്ഷം പേരുകള്‍ പട്ടികയില്‍ ചേര്‍ക്കാനുണ്ട്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്) പുതുക്കലിന് സഹകരിക്കില്ലെന്ന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ സെന്‍സസുമായി സഹകരിക്കുമെന്ന് പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു.
ഗവര്‍ണറുടെ നടപടി ശരിയല്ല
പൗരത്വ പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ പരസ്യ എതിര്‍പ്പുമായി ഗവര്‍ണര്‍ ഇറങ്ങിയത് ശരിയായില്ല. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാം. എന്നാല്‍ ഏറ്റുമുട്ടല്‍ ദൗര്‍ഭാഗ്യകരമാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും ഗവര്‍ണര്‍ പങ്കെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

