തൊടുപുഴ: വാട്ടർ അതോറിട്ടി ഓഫീസിന് സമീപത്തെ 15 അടിയോളം ഉയരമുള്ള കല്‍ക്കെട്ട് കനത്ത മഴയെ തുടർന്ന് തകർന്നു വീണു.
തൊടുപുഴ എക്‌സൈസ് സർക്കിള്‍ ഓഫീസിനു സമീപത്തേയ്ക്കാണ് വെള്ളിയാഴ്ച അർദ്ധ രാത്രിയോടെയുണ്ടായ കനത്ത മഴയില്‍ കല്‍ക്കെട്ട് ഇടിഞ്ഞു വീണത്. എക്‌സൈസ് സർക്കിള്‍ ഓഫീസിലേയ്ക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഇതു വഴിയാണ്. സാധാരണ ഇവിടെ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പാർക്ക് ചെയ്യുന്നത് പതിവാണ്. കെട്ടിടിഞ്ഞ് വീണത് രാത്രി സമയത്തായതിനാല്‍ അപകടം ഒഴിവായി. റോഡില്‍ കല്ലും മണ്ണും കിടക്കുന്നതിനാല്‍ എക്‌സൈസ് സർക്കിള്‍ ഓഫീസിലേയ്ക്ക് നിലവില്‍ വാഹനങ്ങളും കയറ്റാനാവില്ല. ഇതിനു സമീപത്തു തന്നെ കല്‍ക്കെട്ടിന്റെ ബാക്കി ഭാഗം നില്‍ക്കുന്നത് അപകട ഭീഷണിയുയർത്തുന്നുണ്ട്. മഴ ശക്തമായാല്‍ വീണ്ടും കെട്ട് ഇടിയാനുള്ള സാദ്ധ്യതയേറെയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കുടിവെള്ളം മുടങ്ങും
വാട്ടർ അതോറിട്ടി ഓഫീസിന് സമീപം കരിങ്കല്‍ കെട്ട് ഇടിഞ്ഞതോടെ നഗരത്തില്‍ ശുദ്ധജല വിതരണം നടത്തിയിരുന്ന കുടിവെള്ള പൈപ്പുകളും തകരാറിലായി. ഇതു മൂലം കുമാരമംഗലം പഞ്ചായത്തിലും തൊടുപുഴ നഗരസഭയിലെ ഒന്നു മുതല്‍ 15 വരെയുള്ള വാർഡുകളിലും കുടിവെള്ള വിതരണം തടസപ്പെടും. പൈപ്പുകളുടെ തകരാർ പരിഹരിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ആറു വരെ ജലവിതരണം പൂർണമായി നിലയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

