മാനന്തവാടി: വയനാട് ജില്ലാ സ്കൂള്‍ ശാസ്ത്രമേള സമാപിച്ചപ്പോള്‍ 1,786 പോയന്റോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്തും 1,723 പോയന്റുമായി ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും 1,509 പോയന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനവും നേടി.
സ്‌കൂളുകളില്‍ 379 പോയന്റുമായി ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. 324 പോയന്റുമായി പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കന്ററി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും 318 പോയന്റുമായി നടവയല്‍ സെന്റ് തോമസ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഐ.ടി. മേളയില്‍ എം.ജി.എം.സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി.
കുരുമുളക് തണ്ടില്‍ നിന്ന്
മണികള്‍ വേർതിരിക്കാം
മാനന്തവാടി: കുരുമുളക് കർഷകർക്ക് സന്തോഷ വാർത്ത. കുരുമുളക് തണ്ടില്‍ നിന്ന് മുളകുമണികള്‍ വേർതിരിക്കുന്ന പേപ്പർ ആന്റ് സ്‌റ്റെം സെപ്പറേറ്റിംഗ് യന്ത്രത്തിന്റെ മാതൃകയുമായി ആർ.സി.സി.എച്ച്.എസ്.എസിലെ അമീൻ ഫർഹാനും ആദില്‍ അമീനും. തൊഴിലാളി ക്ഷാമം നേരിടുന്ന കാലഘട്ടത്തില്‍ കർഷകർക്ക് ഏറെ ഉപകാരപ്രദമാവും. ഇത്തരം യന്ത്രങ്ങളിലൂടെ അഞ്ച് മിനിട്ടിനുള്ളില്‍ ഒരു കിലോ കുരുമുളക് വേർതിരിച്ചെടുക്കാനാവുമെന്ന് ഇരുവരും പറഞ്ഞു. കാർവ് ഷാഫ്റ്റ് മെഷിനാണ് ഇതിന്റെ പ്രധാന ഘടകം. ഹൈസ്‌ക്കൂള്‍ വിഭാഗം വർക്കിംഗ് മോഡലിലാണ് മാതൃക അവതരിപ്പിച്ചത്.
സംസ്ഥാന ശാസ്ത്രമേളയിലേക്ക് അമ്മയും മകളും
മാനന്തവാടി: ജില്ല ശാസ്ത്രമേളയില്‍ മത്സരിച്ച് വിജയികളായ അമ്മയും മകളും സംസ്ഥാന തല മത്സരത്തിലേക്ക്. തലപ്പുഴ ഗവ.യു.പി. സ്‌കൂള്‍ അദ്ധ്യപിക നിഷ പോള്‍ ആണ് അദ്ധ്യപക വിഭാഗത്തില്‍ ഗണിത ശാസ്ത്രത്തില്‍ മത്സരിച്ചത്. മകള്‍ ആഷ്ന ജോസഫ് ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്രത്തിലുമാണ് മാറ്റുരച്ചത്. കണിയാരം ജി.കെ.എം.ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
വയനാടിനായി സ്മാർട്ട് 'ഫ്യുച്ചർ' സിറ്റി
മാനന്തവാടി: ഭാവിയിലെ വയനാടിനായി സ്മാർട്ട് സിറ്റിയുമായി എ.കെ മുഹമ്മദ് ലബീബും മുഹമ്മദ് ഫായിസും. ഉരുള്‍ പൊട്ടലും ഗതാഗത കുരുക്കും വന്യമൃഗ ശല്യവും ഭാവിയില്‍ തരണം ചെയ്യാനുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയ പനമരം ക്രസന്റ് പബ്ളിക് സ്‌ക്കൂള്‍ വിദ്യാർത്ഥികളുടെ മാതൃകക്ക് ഹൈസ്‌ക്കൂള്‍ വിഭാഗം വർക്കിംഗ് മോഡലില്‍ ഒന്നാം സ്ഥാനവും ലഭിച്ചു.
ജില്ല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളായ ഉരുള്‍ പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകുമ്പോള്‍ ശബ്ദ വെളിച്ച സംവിധാനങ്ങളിലൂടെ അധികൃതർക്കുള്ള മുന്നറിയിപ്പ്, വന്യമൃഗ ശല്യം രൂഷമാകുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ എത്തിയാല്‍ ചിത്രങ്ങള്‍ സഹിതം സന്ദേശം കൈമാറാൻ കഴിയുന്ന സ്മാർട്ട് ഫോറസ്റ്റ്, സ്ഥല സൗകര്യങ്ങള്‍ തിരിച്ചറിഞ്ഞ് വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ കഴിയുന്ന സ്മാർട്ട് പാർക്കിംഗ്, വൈദ്യുതി ലഭ്യത കുറവിന് പരിഹാരമായി നടപ്പാതകളിലൂടെ കാല്‍നടയാത്രക്കാർ നീങ്ങുമ്പോള്‍ ഈ ഊർജ്ജം വൈദ്യുതി ആക്കി മാറ്റാൻ കഴിയുന്ന സജ്ജീകരണം, ത്രീ വേ സമാർട്ട് ട്രാഫിക് സിസ്റ്റം എന്നിവയെല്ലാം ഉള്‍ക്കൊളളുന്നതാണ് സ്മാർട്ട് സിറ്റി. വയനാട് പിന്നോക്ക ജില്ലയെന്ന പ്രചാരണങ്ങളില്‍ നിന്നുമുള്ള മാറ്റമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ഇന്നലെ ലബീബിന്റെ പിറന്നാള്‍ കൂടിയായത് ഒന്നാം സ്ഥാനത്തോടൊപ്പം ഇരട്ടി മധുരമായി .
പാരമ്പര്യം തുണച്ചു, യദു ഒന്നാമൻ
മാനന്തവാടി: ചൂരല്‍ കൊണ്ടുള്ള ഉത്പന്ന നിർമാണം പല കുട്ടികള്‍ക്കും പുതുമയാണെങ്കിലും നല്ലൂർനാട് അംബേദ്കർ മെമ്മോറിയല്‍ ഹയർസെക്കൻഡറി സ്‌കൂളിലെ യദുകൃഷ്ണന് ഇത് ജീവിതത്തിന്റെ ഭാഗമാണ്. കാട്ടിക്കുളം ഗവ. ഹയർസെക്കന്ഡറി സ്‌കൂളില്‍ നടന്ന മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് പത്താംക്ലാസുകാരനായ യദു ജില്ലാ ശാസ്‌ത്രോത്സവത്തിനെത്തിയത്. പേന ഇട്ടുവെക്കാൻ സാധിക്കുന്ന പെൻ ഹോള്‍ഡറും ക്ഷേത്രത്തിലേക്ക് പൂവും പ്രസാദവും കൊണ്ടുപേകാൻ സാധിക്കുന്ന കൊട്ടയും സാധനങ്ങള്‍ ഇട്ടുവെക്കാൻ സാധിക്കുന്ന കുട്ടയുമാണ് രണ്ടര മണിക്കൂറിനുള്ളില്‍ യദു നിർമിച്ചത്. അച്ഛനും മുത്തച്ഛനുമൊക്കെ പാരമ്പര്യമായി ചെയ്തുപോകുന്ന തൊഴിലാണെന്ന് യദു പറഞ്ഞു. കഴിഞ്ഞ വർഷം മുതലാണ് ശാസ്‌ത്രോത്സവത്തില്‍ ചൂരല്‍ കൊണ്ടുള്ള ഉത്പന്ന നിർമാണം മത്സരയിനമായി ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവും എ ഗ്രേഡും കിട്ടിയതിന്റെ ആത്മവിശ്വാസസത്തിലാണ് ഇത്തവണയും ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തിനു യദു എത്തിയത്. ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട യദുകൃഷ്ണൻ വാളാട് എടത്തന അച്ചപ്പന്റെയും ശാരദയുടെയും മകനാണ്.

