Dailyhunt

വഴിയില്‍ തട്ടിയെടുത്ത ദേശീയ പാര്‍ട്ടിയുടെ മൂന്നരക്കോടി വന്നത് കര്‍ണാടകയില്‍നിന്ന്

കവര്‍ച്ചയ്ക്ക് പിന്നില്‍ പാര്‍ട്ടി നേതാക്കള്‍

തൃശൂര്‍:കൊടകരയില്‍ വച്ച്‌ അജ്ഞാതര്‍ തട്ടിയെടുത്ത മൂന്നര കോടി രൂപ ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.പാര്‍ട്ടി നേതാക്കള്‍ തന്നെ വാഹനാപകടമുണ്ടാക്കി പണം തട്ടിയതാണെന്ന വിവരവും പൊലീസിന് ലഭിച്ചു.

ഏപ്രില്‍ മൂന്നിന് രാവിലെ തൃശൂര്‍ - എറണാകുളം ദേശീയപാതയിലെ കൊടകരയിലായിരുന്നു സംഭവം.മറ്റൊരു കാര്‍ പിന്നില്‍ കൊണ്ടുവന്ന് ഇടിപ്പിച്ചശേഷം പണം സൂക്ഷിച്ചിരുന്ന കാര്‍ തട്ടികൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ഇതേ പാര്‍ട്ടിയിലെ ജില്ലാ ഭാരവാഹിത്വത്തിലുള്ള രണ്ട് നേതാക്കളാണെന്നും വ്യക്തമായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വിനിയോഗിക്കാനായി കൊണ്ടുവന്ന കോടിക്കണക്കിന് രൂപ കോഴിക്കോടു വച്ചാണ് പല ജില്ലകള്‍ക്കായി വീതിച്ചത്. അതില്‍ എറണാകുളത്ത് വിതരണം ചെയ്യാന്‍ കാറില്‍ കൊടുത്തു വിട്ടതാണ് മൂന്നരക്കോടി രൂപ.

കാര്‍ വൈകിട്ട് തൃശൂരിലെ പാര്‍ട്ടി ഓഫീസിലെത്തി. രാത്രി യാത്രയില്‍ പിടിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നു പറഞ്ഞ് പാര്‍ട്ടി നേതാക്കള്‍ യാത്രയ്ക്ക് തടസം നിന്നതായി പറയുന്നു. ആ നേതാക്കള്‍ തന്നെയാണ് പണം തട്ടാന്‍ പദ്ധതിയിട്ടത്. പണം ഏത് വണ്ടിയിലാണെന്ന് കൃത്യമായി പ്രതികളെ അറിയിച്ചതും ഇവരാണെന്ന് സംശയിക്കുന്നു. പണവുമായി പോയ കാര്‍ കൊടകരയിലെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. അപകടമാണെന്ന് കരുതി കാര്‍ നിറുത്തിയപ്പോള്‍ ഇടിച്ച കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി പണമുണ്ടായിരുന്ന കാറുമായി രക്ഷപ്പെട്ടു. പുലര്‍ച്ചെ 4.40ന് കാര്‍ കൊടകര മേല്‍പ്പാലം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഉടമ കൊടകര പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞത്.

തട്ടിക്കൊണ്ടുപോയ കാര്‍ ഉപേക്ഷിച്ച നിലയില്‍ ഇരിങ്ങാലക്കുടയ്ക്ക് സമീപം കണ്ടെത്തി. കാറിന്റെ സീറ്റും ഉള്‍ഭാഗവും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഇവിടെയാണ് പണം ഒളിപ്പിച്ചതെന്നാണ് കരുതുന്നത്.

ഇതിനിടെ പണം കൊണ്ടുവന്നയാളുമായി ഒത്തുതീര്‍പ്പിനും ശ്രമം നടന്നു. കേസായതോടെ പ്രതി സ്ഥാനത്തുള്ള നേതാക്കള്‍ വീണ്ടും ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും നടന്നില്ല. അപകടമുണ്ടാക്കിയ കാറിന്റെ ഉടമ മുങ്ങിയെന്ന് പറയുന്നു. സംഭവം ദേശീയ നേതൃത്വത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. പാര്‍ട്ടിയില്‍ ഏറെക്കാലമായി ഗ്രൂപ്പിസമുണ്ട്. അതുകൊണ്ടു തന്നെ സംഭവം കൊഴുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi