Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു;  കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

സുല്‍ത്താൻബത്തേരി: വടക്കനാട് പള്ളിവയലില്‍ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങും കമുകും മറിച്ചിട്ടു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

വീട് ഭാഗികമായി തകരുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വെള്ളക്കെട്ട് കുട്ടികൃഷ്ണന്റെ വീടിന് മുകളിലേക്ക് കാട്ടാന തെങ്ങും കമുകും കുത്തി മറിച്ചിട്ടത്.

മഴയായിരുന്നതിനാല്‍ കാട്ടാന തോട്ടത്തിലെത്തിയതും മരങ്ങള്‍ മറിച്ചിടുന്നതും വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിന്നീട് വീടിന് മുകളിലേക്ക് തെങ്ങ് വീണ വലിയ ശബ്ദം കേട്ടാണ് എല്ലാവരും പുറത്തേക്കിറങ്ങിയത്.
വീടിന്റെ മേല്‍ക്കൂരയും ഒരു മുറിയും ഭാഗികമായി തകർന്നു. മുറ്റത്തെ കിണർ ഇടിഞ്ഞുവീഴുകയും വെള്ളമെടുക്കാൻ സ്ഥാപിച്ചിരുന്ന മോട്ടോർ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിക്കുകയും ചെയ്തു. തെങ്ങ് പതിച്ച ഭാഗത്തെ മുറിയില്‍ ആരും കിടന്നിരുന്നില്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

വടക്കനാട് പള്ളിവയലില്‍ കാട്ടാനശല്യം രൂക്ഷം

പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ ആഴ്ചയാണ് ജോലിയ്ക്ക് സ്കൂട്ടിയില്‍ പോവുകയായിരുന്ന വീട്ടമ്മയെ പച്ചാടിയില്‍വെച്ച്‌ കാട്ടാന ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്. ഒരു മാസം മുമ്പാണ് സൊസൈറ്റിയില്‍ പാല്‍ അളന്ന് കൊടുക്കാൻ പോയ ക്ഷീര കർഷകനെ കാട്ടാന വീട്ടികുറ്റിയില്‍വെച്ച്‌ അക്രമിച്ചത്. കഴിഞ്ഞ മാർച്ചിലാണ് പച്ചാടിയില്‍ സ്വന്തം കൃഷിയിടത്തില്‍വെച്ച്‌ യുവ കർഷകനെ കാട്ടാന കൊലപ്പെടുത്തിയത്. ആനശല്യം അതി രൂക്ഷമായ പച്ചാടി ,വടക്കനാട്,പള്ളിവയല്‍,വള്ളുവാടി മേഖലയില്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് കാട്ടാന ജനവാസമേഖലയില്‍ കഴിയുന്നത്. കർഷകരുടെ കൃഷി തിന്നും ചവിട്ടിയും നശിപ്പിക്കുന്നതിന് പുറമെ കുടിവെള്ള ടാങ്കുകളും പൈപ്പുകളും മോട്ടറുകളുമെല്ലാം കാട്ടാന നശിപ്പിക്കുകയും ചെയ്തുവരുന്നു. ശല്യക്കാരനായ കാട്ടാനയെ ഓടിച്ച്‌ വിടാൻ നോക്കിയാല്‍ ആന ആക്രമിക്കുന്നതിനായി ആളുകളുടെ നേരെ ഓടിയടുക്കുകയാണ് ചെയ്യുന്നത്. പലരുടെയും വീട്ടുമുറ്റങ്ങളിലാണ് കാട്ടാന നേരം പുലരുന്നത് വരെ നിലയുറപ്പിക്കുന്നത്. കാട്ടാന ശല്യത്തിനെതിരെ വനംവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi