Dailyhunt

വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികളില്‍ നിരീക്ഷണം ശക്തമാക്കും

വടകര: അഴിയൂരില്‍ കൊവിഡ് രോഗികളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്, പൊലീസ്, റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രോഗികള്‍ കൂടിയ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. വീടുകളില്‍ കഴിയുന്ന രോഗികളില്‍നിന്ന് അടുത്ത ബന്ധുക്കള്‍ക്ക് രോഗം പകരുന്നത് കണ്ടെത്തിയതിനാലാണ് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്. ബ്രിഗേഡിയര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തല സംവിധാനം അടുത്ത പത്ത് ദിവസത്തേക്ക് തുടരും. കൊവിഡ് രോഗം വ്യാപിക്കും വിധം നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും. ഒരു പോസിറ്റീവ് രോഗി ഉണ്ടായാല്‍ വീട്ടിലെ മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കി പരിശോധന നടത്തി സമ്ബര്‍ക്കം തടയും.

ഒരു വീട്ടില്‍ തന്നെ പോസിറ്റീവ് രോഗികളും നെഗറ്റീവ് രോഗികളും ഒരുമിച്ച്‌ താമസിക്കുമ്ബോള്‍ നെഗറ്റീവായവരെ വാര്‍ഡുതലത്തില്‍ താമസിപ്പിക്കുന്നതിന് സംവിധാനം ഒരുക്കുവാന്‍ വാര്‍ഡ് ആര്‍. ആര്‍. ടി യുടെ യോഗം ഉടന്‍ ചേരും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്‍ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഷീബ അനില്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ നസീര്‍, ചോമ്ബാല എസ് ഐ. എസ്. നിഖില്‍, വില്ലേജ് അസിസ്റ്റന്റ് കെ ബഷീര്‍, കൊവിഡ് ചുമതലയുള്ള അദ്ധ്യാപകരായ സലീഷ് കുമാര്‍, കെ പി പ്രീജിത് കുമാര്‍, സി കെ സാജിദ്, ആര്‍ പി റിയാസ് എന്നിവര്‍ സംസാരിച്ചു. കൊവിഡ് ബ്രിഗേഡിയര്‍ മാര്‍ക്കുള്ള ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi