Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീടുകളില്‍  ഉപയോഗിക്കാതെ ശേഷിക്കുന്നത്  47 ശതമാനത്തോളം,  പഠനത്തില്‍   ഗുരുതര കണ്ടെത്തലുകള്‍

വീടുകളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്നത് 47 ശതമാനത്തോളം, പഠനത്തില്‍ ഗുരുതര കണ്ടെത്തലുകള്‍

പാതിവഴിയില്‍ ഉപയോഗം നിറുത്തിയ മരുന്നുകള്‍ 47.2 %

പഠനം നടത്തിയത് കായണ്ണ ജി.എച്ച്‌.എസ്‌.എസ് വിദ്യാർത്ഥികള്‍

കോഴിക്കോട്: വീടുകളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകളുടെയും അവയുടെ അശാസ്ത്രീയ നിർമ്മാർജ്ജന രീതികളെ പറ്റിയും പഠനം.

ഇത്തരം മരുന്നുകളുടെ സാമ്പത്തിക ആരോഗ്യ പരിസ്ഥിതി പ്രത്യാഘാതത്തെ പറ്റി കായണ്ണ ജി.എച്ച്‌.എസ്.എസിലെ സാമ്പത്തികശാസ്ത്ര വിഭാഗവും ഇക്കണോമിക്‌സ് ക്ലബുമാണ് 'റീ-ലൈഫ്' - സുരക്ഷിത ഭാവിക്കായി ഉത്തരവാദിത്വത്തോടെയുള്ള മരുന്നുപയോഗം' പഠനം നടത്തിയത്. റിപ്പോർട്ട് തുടർനടപടികള്‍ക്കായി കായണ്ണ പഞ്ചായത്തിന് കെെമാറി.

പഠനത്തില്‍ പങ്കെടുത്ത വീടുകളില്‍ 62.4 ശതമാനം ഉപയോഗിക്കാത്ത മരുന്നുകളുണ്ടെന്ന് കണ്ടെത്തി. 50.8 ശതമാനം വീടുകളില്‍ ചിലപ്പോഴെങ്കിലും അല്ലെങ്കില്‍ പതിവായി മരുന്നുകള്‍ ശേഷിക്കുന്നു. 47.2 ശതമാനം പേർ ചികിത്സ പൂർത്തിയാകും മുമ്പ് മരുന്നുപയോഗം നിറുത്തിയവരാണ്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീട്ടിലുണ്ടെന്നോ എന്ന് ഉറപ്പില്ലാത്തവർ 47.6 ശതമാനമാണ്.

പഞ്ചായത്തിലെ 250 കുടുംബങ്ങളെ ഉള്‍പ്പെടുത്തി 40 വിദ്യാർത്ഥികള്‍ 20 സംഘങ്ങളായാണ് സർവേ നടത്തിയത്. വീടുകളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകള്‍, ചികിത്സ പൂർത്തിയാക്കുന്നതിന് മുമ്പ് മരുന്നുപയോഗം നിറുത്തുന്ന പ്രവണത, കാലാവധി കഴിഞ്ഞ മരുന്നുകളുടെ സാന്നിദ്ധ്യം, അവയുടെ നിലവിലെ നിർമാർജ്ജനരീതി, മരുന്ന് മാലിന്യവുമായി ബന്ധപ്പെട്ട ബോധവത്കരണം, സുരക്ഷിതമായ തിരിച്ചെടുക്കല്‍ സംവിധാനത്തോടുള്ള ജനങ്ങളുടെ സമീപനം എന്നിവയാണ് പ്രധാനമായും പഠനവിധേയമാക്കിയത്.

വേണം ബോധവത്കരണം

ഉപയോഗിക്കാത്തതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകള്‍ നിലവില്‍ കൈകാര്യം ചെയ്യുന്ന രീതി 68.4 ശതമാനവും സുരക്ഷിതമല്ല. മരുന്നുകള്‍ സുരക്ഷിതമായി തിരികെ സ്വീകരിക്കുന്ന സംഘടിത സംവിധാനത്തെ 93.2 ശതമാനം പേരും പിന്തുണച്ചു. അത്തരം സംവിധാനമുണ്ടായാല്‍ ഉപയോഗിക്കുമെന്ന് 96.8 ശതമാനം പേർ അറിയിച്ചു. ബോധവത്കരണം വേണമെന്ന് ആവശ്യപ്പെട്ടവർ 94.8 ശതമാനമാണ്. വാർത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിൻസിപ്പല്‍ ഇൻചാർജ് ഡോ. പി.കെ ഷാജി, അദ്ധ്യാപിക ഫസ്ല റഹ്‌മാൻ വിദ്യാർത്ഥികളായ അനഘ, പാർവണ, ആദിത്യൻ എന്നിവർ പങ്കെടുത്തു.

ആവശ്യങ്ങള്‍ ഇങ്ങനെ

ഉപയോഗിക്കേണ്ടവയും ഉപയോഗം കഴിഞ്ഞതും തരംതിരിക്കണം.

ആവശ്യമില്ലാത്തവ ശേഖരിച്ച്‌ ശാസ്ത്രീയമായി സംസ്‌കരിക്കണം.

മരുന്ന് നിർമ്മാർജ്ജനത്തിന് പ്രത്യേക നയം രൂപീകരിക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi