ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാർട്ടി വീണ്ടും സമരത്തിനിറങ്ങിയതോടെ ജന്തർ മന്ദറിലെ സമരത്തില്‍ അതിക്രമം കാണിക്കുകയും ദളിത് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർക്കുകയും ചെയ്‌ത അക്രമിയെ ഡല്‍ഹി പൊലീസ് പിടികൂടി.
സി.ജെ.പി നേതാക്കളും ലോക്‌സഭാ എം.പിമാരായ ചന്ദ്രശേഖർ ആസാദ് പപ്പു യാദവ് അടക്കമുള്ളവരും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചതോടെ പൊലീസ് വഴങ്ങുകയായിരുന്നു. പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പു നല്‍കിയതോടെ സമരക്കാർ പിൻമാറി.
പാഴ്‌വാക്കായാല്‍ വീണ്ടും വരുമെന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടർന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യു.പിയിലെ ബുലന്ദ് ഷഹറില്‍ നിന്ന് പ്രതിയെ പിടികൂടി. വധശ്രമം,എസ്.സി/എസ്.ടി നിയമം എന്നിവ ചുമത്തണമെന്ന ആവശ്യവും പൊലീസ് അംഗീകരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്കെതിരെയുള്ള സാമൂഹ മാദ്ധ്യമ അധിക്ഷേപങ്ങളിലും വധഭീഷണിയിലും പോക്സോ അടക്കം ചുമത്തി പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. നൂറുകണക്കിന് വിദ്യാർത്ഥികള്‍ സ്റ്റേഷൻ ഉപരോധ സമരത്തിന് എത്തിയിരുന്നു. വിദ്യാർത്ഥിനിക്ക് പിന്തുണയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
കപില്‍ മിശ്ര രക്ഷിച്ചെന്ന് പ്രതിയുടെ വീരവാദം
തീവ്ര ഹിന്ദുവാണെന്നും വിദ്യാർത്ഥിനിയുടെ പിതാവിന്റെ തല തകർത്തത് താനാണെന്നും സ്വതന്ത്ര ഭരദ്വാജ് കഴിഞ്ഞദിവസം യുട്യൂബ് പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹി തൊഴില്‍ മന്ത്രി കപില്‍ മിശ്ര ഇടപെട്ടാണ് സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ചതെന്ന് അക്രമി അവകാശപ്പെടുകയും ചെയ്തു. ഈ വീഡിയോയാണ് സി.ജെ.പിയെ പ്രകോപിപ്പിച്ചത്. ചെറിയ പരിക്ക് മാത്രമായിരുന്നുവെന്നും,തലയോട്ടിയില്‍ പൊട്ടലില്ല എന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ നിലപാട്.
സമര മേഖലയിലെത്തി 101 കൊലക്കേസ് പ്രതികള്‍
ജൂലായില്‍ സി.ജെ.പി സമരം നടന്ന ജന്തർ മന്ദർ മേഖലയിലെത്തിയത് 101 കൊലക്കേസ് പ്രതികള്‍. സൗത്ത് ഡല്‍ഹിയില്‍ ജിം ഉടമയെ വെടിവച്ചു കൊന്ന കേസിലെ പ്രതി രാജു എന്ന യോഗേഷ് അടക്കമാണിത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ഷാർപ്പ് ഷൂട്ടറാണ് രാജു. അതീവഗുരുതര കുറ്റങ്ങള്‍ ചുമത്തപ്പെട്ട 2873 പേർ സമര മേഖലയിലെത്തിയെന്ന് ഡല്‍ഹി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഫേഷ്യല്‍ റെക്കഗ്നിഷൻ സംവിധാനം മുഖേനയാണ് ഇവരെ തിരിച്ചറിഞ്ഞത്. കൊലക്കേസ് പ്രതികള്‍ക്കു പുറമെ 61 പീഡനക്കേസ് പ്രതികള്‍,ആറ് പോക്സോ കേസ് കുറ്റവാളികള്‍,37 വധശ്രമക്കേസ് പ്രതികള്‍ അടക്കം മേഖലയിലെത്തി. ഇവരുടെ ദുരൂഹ സാന്നിദ്ധ്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.

