കിളിമാനൂര്‍: പഴയകുന്നുമ്മല്‍ ആശാ പ്രവര്‍ത്തകരായ ഗീതയ്ക്കും ജലജയ്ക്കും ദീപ്തിക്കും അഭിനന്ദന പ്രവാഹം. ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ പ്രസവവേദനയില്‍ പുളഞ്ഞ സ്ത്രീയുടെ പ്രസവം എടുത്ത് അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചാണ് ആശ പ്രവര്‍ത്തകര്‍ മാതൃകയായത്.
കഴിഞ്ഞദിവസം രാവിലെ എട്ടു മണിയോട് കൂടിയാണ് സംഭവം. ഊമന്‍പള്ളിക്കര പുലിപ്പാറ വീട്ടില്‍ സൗമ്യയുടെ പ്രസവമാണ് ആശാ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ കാരണം നടന്നത്. രാവിലെ ജോലിക്ക് പോകാനായി ജലജയും ഗീതയും ദീപ്തിയും ഇറങ്ങിയപ്പോഴാണ് ജെ.പി.എച്ച്.എന്‍ ആയ ഷെറിന്റെ വിളി വരുന്നത്. വിവരം അറിഞ്ഞു പതിനൊന്നാം വാര്‍ഡിന്റെ ചുമതലയുള്ള ജലജയ്ക്ക് സഹായം ആയി ചെല്ലുകയായിരുന്നു പന്ത്രണ്ടാം വാര്‍ഡിലെ ആശാവര്‍ക്കര്‍മാരായ ദീപ്തിയും ഗീതയും.

