Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വേളാപുരത്തെ അണ്ടര്‍പാസേജ് നിര്‍മാണം നിലച്ചു വെള്ളക്കെട്ട് ഭീഷണിയില്‍ നാട്ടുകാര്‍

വേളാപുരത്തെ അണ്ടര്‍പാസേജ് നിര്‍മാണം നിലച്ചു വെള്ളക്കെട്ട് ഭീഷണിയില്‍ നാട്ടുകാര്‍

പാപ്പിനിശ്ശേരി: നാട്ടുകാർക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി ദേശീയപാതയില്‍ വേളാപുരത്ത് അണ്ടർപാസേജ് നിർമാണത്തിന് നിലം ഒരുക്കിയെങ്കിലും ആറുമാസമായി ഒന്നും നടന്നില്ല.

ജനുവരി ആദ്യമാണ് അണ്ടർപാസേജിനായി സ്ഥലത്തെ മണ്ണ് നീക്കി നിലം ഒരുക്കിയത്. പലവട്ടം മണ്ണ് പരിശോധനയടക്കം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാസങ്ങളായി പണികളാകെ നിശ്ചലമാണ്. നിലം ഒരുക്കിയ സ്ഥലത്തെ കുഴിയില്‍ മഴയില്‍ വെള്ളം നിറഞ്ഞതോടെ അപകട ഭീഷണിയിലും പകർച്ചവ്യാധി ഭീഷണിയിലുമാണ് നാട്ടുകാർ.
അണ്ടർപാസേജ് നിർമിക്കാനുള്ള തീരുമാനം ദേശീയപാത അധികൃതർ അറിയിച്ചെങ്കിലും വലിപ്പത്തെക്കുറിച്ച്‌ വ്യക്തമായ വിവരം അധികൃതർ പുറത്ത് വിട്ടില്ല. എന്തായാലും ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കടക്കാനുള്ള അണ്ടർപാസേജാണ് നിർമിക്കുക എന്ന് മാത്രമായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നത്. ജനുവരിയില്‍ പ്രവൃത്തി തുടങ്ങി മാർച്ചോടെ പൂർത്തിയാക്കുമെന്നുള്ള വാഗ്ദാനമാണ് പാഴായത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം അണ്ടർപാസേജ് തന്നെ ഒഴിവാക്കി വേളാപുരം മുതല്‍ തുരുത്തിവരെ ഭിത്തികെട്ടി മണ്ണിട്ട് ഉയർത്തി പാതയൊരുക്കുന്നത് ഉചിതമല്ലെന്ന വിദഗ്ദ്ധ റിപ്പോർട്ടും അതിനിടയില്‍ ഉയർന്നിരുന്നു. ഇതിന്റെ മുന്നോടിയായി പാപ്പിനിശ്ശേരി പഞ്ചായത്തും ഇത്തരം കൂറ്റൻ ഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തിയാല്‍ അപകട സാധ്യതയുണ്ടെന്ന് നിവേദനങ്ങളിലൂടെ ദേശീയപാത അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആദ്യ പദ്ധതിരേഖ പ്രകാരമുള്ള നിർമാണരീതി തന്നെ മാറ്റം വരുത്തണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

ദേശീയപാത നിർമാണവും നിലച്ചു

നിലവില്‍ ഈ പ്രദേശത്താകെ ദേശീയപാതയില്‍ ഒരു നിർമാണവും നടക്കാത്ത സ്ഥിതിയാണ്. കണ്ണൂർ റീച്ചില്‍ 87 ശതമാനം പണി പൂർത്തിയാക്കിയതായി അടുത്തിടെ ദേശീയപാത അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും ഇനിയും ദീർഘകാലം കൊണ്ട് പൂർത്തിയാക്കേണ്ട പ്രവൃത്തികള്‍ തന്നെ ബാക്കിയാണ്. പല സ്ഥലത്തും രൂപ കല്‍പ്പന ചെയ്തത് തന്നെ മാറ്റങ്ങള്‍ വരുത്തി പലതവണ തിരുത്തിയാണ് നിർമാണം നടത്തിയത്. വേളാപുരം മുതല്‍ തുരുത്തിയിലെ പുതിയ പാലം വരെയുള്ള ഭാഗത്തെ മണ്ണിന്റെ ഘടന കൂടി കണക്കിലെടുത്ത് മേല്‍പ്പാലമോ വയഡക്ടുകള്‍ അടക്കമുള്ള നിർമാണങ്ങളോ വേണ്ടി വന്നേക്കുമെന്ന സൂചനകളാണ് അധികൃതർ നല്‍കുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുമാസമായി കൂടുതല്‍ സ്ഥലങ്ങളില്‍ മണ്ണ് പരിശോധനയും നടത്തിവരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi