കൊച്ചി: ലക്ഷ്യബോധമില്ലാത്ത വിദ്യാഭ്യാസം അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ സൃഷ്ടിക്കുമെന്ന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനും കാലടി സംസ്കൃത സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസറുമായ ജെലീഷ് പീറ്റർ പറഞ്ഞു.
കേരളകൗമുദിയും മാഗ്നറ്റ് സ്റ്റഡി എബ്രോഡ് വിദ്യാഭ്യാസ ഏജൻസിയും സൗത്ത് ഇന്ത്യൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാറില്‍ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പിഎച്ച്.ഡിയും ഉന്നതബിരുദങ്ങളുമുള്ള നിരവധി ചെറുപ്പക്കാർ തൊഴില്‍രഹിതരുടെ പട്ടികയിലുണ്ട്. ലക്ഷ്യബോധമില്ലാത്തതാണ് ഇതിന് കാരണം. കഴിവും അഭിരുചിയും ബലഹീനതകളും തിരിച്ചറിഞ്ഞുവേണം കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ. അങ്ങനെയുള്ളവർക്ക് ജോലിഉറപ്പാകും.
കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് പനിയും ജലദോഷവുമൊക്കെ ഉണ്ടാകുന്നവർ മറൈൻഎൻജിനിയറിംഗ് പോലുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കരുത്. ഒരുപാട് ജോലിസാദ്ധ്യതയുള്ളതാണ് പാരാമെഡിക്കല്‍ കോഴ്സുകള്‍. എന്നുകരുതി രക്തം കണ്ടാല്‍ തലകറങ്ങുന്നവരും ആശുപത്രിയുടെ ഗന്ധം അസ്വസ്ഥതയുണ്ടാകുന്നവരും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്ക് പോകരുത്. ചിലർക്ക് സ്വന്തം കഴിവുകളെക്കാള്‍ പരിമിതികളെക്കുറിച്ചാണ് എപ്പോഴും ആശങ്ക. പൊക്കക്കുറവ്, നിറമില്ലായ്മ തുടങ്ങി നിരവധി അപകർഷതകള്‍ കൊണ്ടുനടക്കുന്നവരുണ്ട്. സ്വന്തം കഴിവുകളില്‍ ഏറ്റവും ഉയർന്നുനില്‍ക്കുന്നതെന്തോ അതിനനുസരിച്ചുവേണം കോഴ്സ് തിരഞ്ഞെടുക്കല്‍. ചെറുപ്പംമുതല്‍ കുട്ടികളുടെ കഴിവും കഴിവുകേടും തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും കടമയാണ്. മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് കുട്ടികളെ അഭിരുചിയില്ലാത്ത വിഷയങ്ങളിലേക്ക് തള്ളിവിടുന്നത് തൊഴില്‍രഹിതരേയും സാമൂഹ്യവിരുദ്ധരേയും സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
വിദേശ സർവകലാശാലകളിലെ മികച്ച കോഴ്സുകളെക്കുറിച്ചും ലഭ്യമായ സ്കോളർഷിപ്പുകളെക്കുറിച്ച് കേംബ്രിഡ്ജ് ക്വാളിഫൈഡ് സെല്‍റ്റ ഇൻസ്ട്രക്ടർ കാരിസ് സാറാ ജോർജ്, മാഗ്‌നറ്റ് സ്റ്റഡി എബ്രോഡ് ബിസിനസ് ഹെഡ് ബെൻ ബാബു, ജനറല്‍ മാനേജർ സരിഗ ഡി. മേനോൻ, വിദേശ വിദ്യാഭ്യാസത്തിനുള്ള ബാങ്ക് വായ്പകളെക്കുറിച്ചും ലഭ്യതയെക്കുറിച്ചും സൗത്ത് ഇന്ത്യൻ ബാങ്ക് ഗ്ലോബല്‍ എഡ്യൂക്കേഷൻ ലോണ്‍ ഹെഡ് ജി. മഞ്ജു എന്നിവരും ക്ലാസെടുത്തു. നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും സെമിനാറില്‍ പങ്കെടുത്തു.

