Dailyhunt
വിതുര മേഖലയില്‍  കുടിവെള്ളക്ഷാമം

വിതുര മേഖലയില്‍ കുടിവെള്ളക്ഷാമം

വിതുര: വിതുര പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി. സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലെ സ്ഥിതിയും മറിച്ചല്ല.

വിതുര പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ കിണറുകള്‍ മുഴുവൻ വറ്റിയ അവസ്ഥയിലാണ്. താഴ്ന്നപ്രദേശങ്ങളിലെ കിണറുകളിലും വേണ്ടത്ര വെള്ളമില്ല. നദികളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഡാമുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. സമൃദ്ധമായി ഒഴുകിയിരുന്ന കല്ലാറും വറ്റി തുടങ്ങി. നദിയുടെ മിക്ക ഭാഗവും നിശ്ചലാവസ്ഥയിലാണ്.

വിതുര, ബോണക്കാട്, പേപ്പാറ, മേഖലയിലെ നീരുറവകളും, നീർച്ചാലുകളും വറ്റി വരണ്ടിട്ട് ആഴ്ചകളേറയായി. ഇടയ്ക്കിടയ്ക്ക് നേരിയ തോതില്‍ വേനല്‍ മഴ പെയ്തെങ്കിലും ജലനിരപ്പ് ഉയർന്നിട്ടില്ല.

സാധാരണ വേനല്‍ക്കാലത്ത് പഞ്ചായത്തില്‍ ശുദ്ധജലക്ഷാമം ഉണ്ടാകാറുണ്ട്. നാട്ടുകാർ കുടിവെള്ളത്തിനായി വാമനപുരം നദിയെ ആശ്രയിക്കുകയാണ് പതിവ്. ടാങ്കർ ലോറികളിലും കുടിവെള്ളം വിതരണം നടത്തും.

കഠിനമായ ചൂടേറ്റ് കൃഷികളും ഉണങ്ങി നശിച്ചുതുടങ്ങി. ഇതുമൂലം കർഷകർക്ക് കനത്ത നാശനഷ്ടമുണ്ട്.

പൂർത്തിയാകാത്ത വിതുര,

തൊളിക്കോട് ശുദ്ധജല പദ്ധതി

തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി പത്ത് വർഷം മുൻപ് ആവിഷ്ക്കരിച്ച വിതുര, തൊളിക്കോട് ശുദ്ധജല പദ്ധതി ഇനിയും പൂർത്തീകരിച്ചിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. ഉടൻ പൂർത്തീകരിക്കുമെന്നാണ് വാട്ടർ അതോറിട്ടി വ്യക്തമാക്കുന്നത്. അതേസമയം കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

സമരം നടത്തും.

വിതുര പഞ്ചായത്തിലെ കുടിവെള്ളപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് യു.ഡി.എഫ് വിതുര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുവാൻ കമ്മിറ്റിയോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ഇ.എം.നസീർ, ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ, തേവിയോട് വാർഡ് മെമ്പർ സുരേഷ് കുമാർ, മുളയ്ക്കോട്ടുകര വാർഡ് മെമ്പർ സൈഫിൻസ, പേപ്പാറ വാർഡ് മെമ്പർ വിനോദ് കുമാർ, മണലി വാർഡ് മെമ്പർ മഞ്ജു, കല്ലാർ വാർഡ് മെമ്പർ വിഷ്ണു, ബോണക്കാട് വാർഡ് മെമ്പർ ആര്യചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi