Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൃദ്ധയുടെ മാല പൊട്ടിച്ചക്കേസ്: കാപ്പ പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

വൃദ്ധയുടെ മാല പൊട്ടിച്ചക്കേസ്: കാപ്പ പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

വെഞ്ഞാറമൂട്: വൃദ്ധയുടെ ഒന്നേമുക്കാല്‍ പവന്റെ മാലയും താലിയും പൊട്ടിച്ചെടുത്ത കേസില്‍ രണ്ടുപേരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.നെയ്യാറ്റിൻകര പെരുമ്പഴുതൂർ തൊഴുക്കല്‍ തൈത്തോട്ടം സാജൻ നിവാസില്‍ സാജൻ (29),പുളിമാത്ത് വില്ലേജില്‍ കാരേറ്റ് മാടൻവിള വീട്ടില്‍ സിനു (25) എന്നിവരാണ് വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായത്.

വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സാജൻ,കാപ്പ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിച്ച്‌ അടുത്തിടെയാണ് പുറത്തിറങ്ങിയത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.40ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.വാമനപുരം ആനകുടി പോസ്റ്റോഫീസില്‍ പണം പിൻവലിക്കാനായെത്തിയ മുദാക്കല്‍ പൊയ്ക്മുക്ക് ലക്ഷം വിള ആഞ്ജനേയം വീട്ടില്‍ പ്രശോഭനയുടെ (56) മാലയാണ് ബൈക്കിലെത്തിയ പ്രതികള്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.ജയിലില്‍ കിടന്നുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഒന്നിച്ച്‌ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളില്‍ ഇടറോഡുകള്‍ കേന്ദ്രീകരിച്ച്‌ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതികള്‍ ആക്രമണം നടത്തിയിരുന്നത്.വാമനപുരത്തെ മോഷണത്തിന് തൊട്ടുമുൻപ് ഇതേദിവസം തന്നെ അരുവിക്കര സ്റ്റേഷൻ പരിധിയിലും ഇവർ സമാനരീതിയില്‍ മാല പൊട്ടിക്കാൻ ശ്രമം നടത്തിയിരുന്നു.

സംഭവം നടന്ന ഉടൻ റൂറല്‍ ജില്ലാ പൊലീസ് മേധാവി പ്രശാന്തന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സന്തോഷ് കുമാർ വെഞ്ഞാറമൂട് സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ അന്വേഷണം ആരംഭിക്കുകയായിരുന്നു.വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ നിരവധി സി.സി ടിവി ദൃശ്യങ്ങളും, മൊബൈല്‍ ഫോണ്‍ കോള്‍ രേഖകളും, സമാന സ്വഭാവമുള്ള മുൻകാല കുറ്റവാളികളുടെ വിവരങ്ങളും കേന്ദ്രീകരിച്ച്‌ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

വെഞ്ഞാറമൂട് സി.ഐ പ്രജീഷ് ടി.ഡി,എസ്.ഐമാരായ ഷെമീർ.എസ്,അംബരീഷ്.പി,ഷാജി.എം.എ,ജി.എസ്.ഐ ബിജു.എസ്,നജിംഷാ,അനൂപ്,സിയാസ്,അഭിജിത്ത്.എം.പി,അനീഷ്,നംഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi