പ്രാദേശികം
യാത്രക്കാരുടെ നടുവൊടിച്ച് നീളുന്ന റോഡ് നിര്‍മ്മാണം

ബാലരാമപുരം: ബാലരാമപുരം- എരുത്താവൂര്‍ റോഡിന്റെ ശോച്യാവസ്ഥയില്‍ വലഞ്ഞ് നാട്ടുകാര്‍. 2019 ജൂണില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ദേശീയപാത അതോറ്റിറ്റി മരാമത്ത് വിഭാഗത്തില്‍ നിന്നും റോഡിന്റെ പുനഃരുദ്ധാരണ ചുമതല ഏറ്റെടുത്തിരുന്നു. 10.20 കോടി രൂപ റോഡിന്റെ നവീകരണത്തിനായി അനുവദിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ ഭാഗമായി ദീര്‍ഘകാല സുരക്ഷിതത്വം ഉറപ്പ് വരുത്തി കാട്ടാക്കട-കോവളം നിയോജക മണ്ഡലത്തിലുള്‍പ്പെട്ട കാട്ടാക്കട-ബാലരാമപുരം റോഡും ഓടനിര്‍മ്മാണവും ഉള്‍പ്പെടെയുള്ള നിര്‍മ്മാണച്ചുമതല മരാമത്ത് വകുപ്പ് ദേശീയപാത അതോറിറ്റിക്ക് കൈമാറുകയായിരുന്നു. ആദ്യഘട്ടത്തില്‍ പ്രധാന ജംഗ്ഷനുകളില്‍ ഓട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു. കാട്ടാക്കട മാര്‍ക്കറ്റിന് സമീപം ടാറിംഗ് പുരോഗമിക്കുന്നതിനിടെ വര്‍ക്ക് ഏറ്റെടുത്ത കരാറുകാരന്‍ മരണപ്പെട്ടു. കൂടാതെ മെറ്റല്‍ മിക്സിംഗ് പ്ലാന്റിലെ പ്രാദേശിക പ്രശ്നങ്ങളും കാരണം നവീകരണം തടസപ്പെടുകയായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ട് മാസത്തോളം റോഡിന്റെ പുനഃരുദ്ധാരണ ജോലികള്‍ തടസപ്പെട്ടിരുന്നു. എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍മ്മാണജോലികള്‍ പുനഃരാരംഭിച്ചെങ്കിലും കരാറുകാരന്റെ മരണം റോഡിന്റെ പൂര്‍ത്തീകരണത്തിന് തിരിച്ചടിയാവുകയായിരുന്നു.
റോഡ് ദുരിതത്തിലായിട്ട് മൂന്ന് വര്‍ഷം
ബാലരാമപുരം-എരുത്താവൂര്‍ റോഡ് തകര്‍ന്നിട്ട് മൂന്നര വര്‍ഷത്തോളമായി. മരാമത്ത് വിഭാഗം മെയിന്റനസ് ഫണ്ട് അനുവദിച്ച് കുഴികള്‍ നികത്തിയെങ്കിലും ചുരുങ്ങിയ കാലയളവില്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് അപകടക്കുഴികള്‍ രൂപപ്പെടുകയാണ്. റോഡിലെ വന്‍കുഴികള്‍ വാഹനയാത്രികര്‍ക്ക് വെല്ലുവിളിയായിമാറിയിട്ടുണ്ട്.
പ്രതിഷേധം ശക്തം
അപകടം പതിയിരിക്കുന്ന ബാലരാമപുരം -എരുത്താവൂര്‍ റോഡിലെ അപകടക്കുഴികള്‍ എത്രയും വേഗം നികത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചാനല്‍പ്പാലം ജംഗ്ഷനിലും തണ്ണിക്കുഴിക്ക് സമീപവും റോഡിലെ കുഴികള്‍ വാഹനയാത്രികരുടെ ജീവനുതന്നെ വെല്ലുവിളിയായി മാറിയിട്ടുണ്ട്. താത്കാലിക ഫണ്ട് അനുവദിച്ച് അപകടക്കുഴികള്‍ എത്രയുംവേഗം നികത്തണമെന്ന് നാട്ടുകാര്‍ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.
ടാറിംഗ് റീടെന്‍ഡര്‍ ക്ഷണിക്കും
കരാറുകാരന്റെ മരണത്തെത്തുടര്‍ന്ന് റോഡിന്റെ ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ റീടെന്‍ഡര്‍ ക്ഷണിക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി. ഓടയുടെ നിര്‍മ്മാണജോലികള്‍ കരാറുകാരന്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. ടാറിംഗും അനുബന്ധ ജോലികളുടെ പൂര്‍ത്തീകരിക്കാന്‍ ഒന്നര മാസത്തിനുള്ളില്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് പുതിയ കരാറുകാരനെ കണ്ടെത്താനാണ് ദേശീയപാത അധികൃതരുടെ ശ്രമം. റോഡിലെ കുഴികള്‍ നികത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും
വിജയരാജ്, ദേശീയപാത വിഭാഗം, അസി.എന്‍ജിനിയര്‍