ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു. 35 വയസായിരുന്നു. ഡല്‍ഹിക്ക് സമീപം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപ്രതീക്ഷിത അന്ത്യം. രണ്ടാഴ്ചയിലേറെയായി കൊവിഡ് ചികിത്സയിലായിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് 12 മണിയോടെ ഗുഡ്ഗാവില്‍ മൃതദേഹം സംസ്‌കരിച്ചു.
കൊവിഡ് ബാധിച്ച് ആദ്യം സൗത്ത് ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആശിഷിന് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് 12ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് മേദാന്തയിലേക്ക് മാറ്റിയത്.
മകന്റെ മരണവിവരം ട്വിറ്ററിലൂടെ പങ്കുവച്ച യെച്ചൂരി ഡോക്ടര്‍മാരടക്കം ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ലോണ്‍ഡ്രിയില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു ആശിഷ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഏഷ്യാവില്ലെ, പൂനെ മിറര്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ചെന്നൈ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്നാണ് മാദ്ധ്യമപഠനം പൂര്‍ത്തിയാക്കിയത്. ഇന്ദ്രാണി മജുംദാറാണ് അമ്മ. ഭാര്യ സ്വാതി. സഹോദരി അഖില.
ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചിച്ചു.

