കട്ടപ്പന : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വീട്ടില്‍ കയറി യുവാവിനെ മർദിച്ച സംഭവത്തില്‍ ബി.ജെ.പി കട്ടപ്പന മണ്ഡലം കമ്മിറ്റി സമരത്തിന്.
ചൊവ്വാഴ്ച രാവിലെ 11ന് കട്ടപ്പനയിലെ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തും. സൗത്ത് ജില്ലാ പ്രസിഡന്റ് വി .സി വർഗീസ് ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നരിയമ്പാറ മേപ്പാറ മഴവന്നൂർ കൃഷ്ണകുമാറിനെയാണ് ജീവനക്കാരായ ഏഴംഗ സംഘം കഴിഞ്ഞദിവസം മർദിച്ചതായി പരാതിയുള്ളത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാല്‍ കുറ്റക്കാർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. മുമ്പും സ്ഥാപനത്തിലെ ജീവനക്കാർ സമാനമായ രീതിയില്‍ ആളുകളെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക് അമിത പലിശയ്ക്ക് വായ്പ നല്‍കുകയും തിരിച്ചടവ് മുടങ്ങിയാല്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതി മൈക്രോഫിനാൻസ് സ്ഥാപനങ്ങള്‍ അവസാനിപ്പിക്കണം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജീവനക്കാരെ സ്ഥാപന നടത്തിപ്പുകാർ പുറത്താക്കണമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി, സെക്രട്ടറി ബോണി വർഗീസ്, ഏരിയ പ്രസിഡന്റ് രാഹുല്‍ സുകുമാരൻ എന്നിവർ ആവശ്യപ്പെട്ടു..
