ഐപിഎല്‍ 2026 ...സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം
ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് സീസണിലെ അവസാന ലീഗ് മത്സരം
ഐ.പി.എല്‍. ക്രിക്കറ്റില്‍ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെ 29 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നേരിയ പ്രതീക്ഷ നിലനിർത്തി. സ്‌കോർ: കൊല്‍ക്കത്ത 20 ഓവറില്‍ രണ്ടിന് 247, ഗുജറാത്ത് 218/4. കൊല്‍ക്കത്തയുടെ ഓപ്പണർ ഫിൻ അലൻ (35 പന്തില്‍ 93) തുടങ്ങിവെച്ചത് ആങ്ക്രിഷ് രഘുവംശിയും (44 പന്തില്‍ 82*) കാമറൂണ്‍ ഗ്രീനും (28 പന്തില്‍ 52*) ഏറ്റെടുത്തതോടെ ഈ സീസണിലെ അവരുടെ ഉയർന്ന സ്‌കോറിലെത്തി.
അലൻ 10 സിക്സും നാലു ഫോറും നേടിയപ്പോള്‍ രഘുവംശി ഏഴു സിക്സും നാലു ഫോറും നേടി. കാമറൂണ്‍ ഗ്രീൻ നാലു സിക്സും മൂന്നു ഫോറും നേടി
കൊല്‍ക്കത്ത ഇന്നിങ്സില്‍ ആകെ 22 സിക്സുണ്ട്. മറുപടി ബാറ്റിങ്ങില്‍, സായ് സുദർശൻ (28 പന്തില്‍ 53*), ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ (49 പന്തില്‍ 85), ജോസ് ബട്ലർ (35 പന്തില്‍ 57) എന്നിവരുടെ തിരിച്ചടിയില്‍ ഗുജറാത്ത് പ്രതീക്ഷയർപ്പിച്ചെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.
ഗില്ലും സായ് സുദർശനും ചേർന്ന് മൂന്നോവറില്‍ 42 റണ്‍സ് ചേർത്തപ്പോള്‍ പന്ത് കാലില്‍ക്കൊണ്ട് സുദർശൻ റിട്ടയർ ചെയ്തു. പകരമെത്തിയ നിഷാന്ത് സിന്ധു (1) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഗില്ലും ബട്ലറും ചേർന്ന് 73 പന്തില്‍ 128 റണ്‍സ് ചേർത്തു.
അവസാന നാലോവറില്‍ 71 റണ്‍സ് വേണ്ട ഘട്ടത്തില്‍ സുനില്‍ നരെയ്‌ന്റെ പന്തില്‍ ഗില്‍ പുറത്തായി. ഗില്‍ ഏഴു സിക്‌സും അഞ്ചു ഫോറും നേടി. ഇതോടെ സുദർശൻ മടങ്ങിയെത്തി. കാർത്തിക് ത്യാഗി എറിഞ്ഞ 18-ാം ഓവറില്‍ 21 റണ്‍സ് നേടി. 19-ാം ഓവറില്‍ അഞ്ചു റണ്‍ മാത്രം വഴങ്ങിയ സൗരഭ് ദുബെ ബട്ലറെ പുറത്താക്കിയതോടെ ഗുജറാത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

