സർക്കാരിന് എതിരെ വരുന്ന വാർത്തകള്‍ ഇനി നിയന്ത്രിക്കപ്പെടും എന്ന തരത്തില്‍ ചില സൂചനകള്‍ പുറത്ത് വരുന്നു... അങ്ങനെ ജനങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എങ്കില്‍ അത് എതിർക്കപ്പെടുക തന്നെ ചെയ്യും. ഇപ്പോള്‍ അതിശക്തമായ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ വന്നു കഴിഞ്ഞു. മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര-സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി.
മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സർക്കാരിനെതിരായ വാർത്തകള്‍ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും രാജ്യത്തെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകാത്ത തരത്തില്‍ നിയന്ത്രിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. വിമർശനങ്ങളെ നേരിടാൻ കഴിയാതെ വരുമ്പോള്‍ അവയെ ഇല്ലാതാക്കാൻ ഭരണകൂടം സാങ്കേതിക സംവിധാനങ്ങളെ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. സർക്കാരിനെ വിമർശിക്കുന്ന വാർത്തകള്‍ നീക്കം ചെയ്യാൻ ഐടി നിയമങ്ങളുടെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സർക്കാരിന് ഇഷ്ടപ്പെടാത്ത വാർത്തകള്‍ ഇല്ലാതാക്കാനുള്ള അധികാരം ഭരണകൂടത്തിന് ആരും നല്‍കിയിട്ടില്ല. മാധ്യമങ്ങളുടെ ഉള്ളടക്കം എന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല.
കേന്ദ്രസർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന വാർത്തകള്‍ മാത്രമല്ല, സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന വാർത്തകളും ഇത്തരത്തില്‍ നിയന്ത്രിക്കപ്പെടുന്നുവെന്നത് കൂടുതല്‍ ആശങ്കാജനകമാണ്. അധികാരത്തിന്റെ രാഷ്ട്രീയനിറം എന്തുതന്നെയായാലും, മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നടപടികള്‍ ശക്തമായി എതിർക്കപ്പെടേണ്ടതാണ്. വി ഡി സതീശൻ സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള വാർത്തകള്‍ കൈരളി ന്യൂസ്, ദേശാഭിമാനി, റിപ്പോർട്ടർ ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍നിന്ന് ഇന്ന് വ്യാപകമായി നീക്കം ചെയ്തു. ടി ജി മോഹൻദാസിന്‍റെ അറസ്റ്റില്‍ വിഡി സതീശൻ സർക്കാരിനെതിരായ വിമർശനവും, എംഡിഎംഎ കേസില്‍ അറസ്റ്റിലായവരും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ഫേസ്ബുക്ക് ചിത്രം പുറത്തുവന്നതും, മോദി സർക്കാരിനെ വിമർശിക്കുന്ന പിണറായി വിജയന്‍റെ വാർത്തയുമൊക്കെ മെറ്റ നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
വ്യക്തിഗത പ്രൊഫൈലുകളില്‍നിന്നും ഇത്തരത്തില്‍ വാർത്തകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാരിനെ ചോദ്യം ചെയ്യാനും വിമർശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും മാധ്യമങ്ങള്‍ക്ക് പൂർണ സ്വാതന്ത്ര്യമുണ്ടാകണം.
വിമർശനാത്മകമായ വാർത്തകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ കൂടി ഹനിക്കുന്നതാണ്. ഐടി റൂളിന്‍റെ മറവില്‍ മാധ്യമ ഉള്ളടക്കങ്ങള്‍ മെറ്റയില്‍ സമ്മർദ്ദം ചെലുത്തി നിയന്ത്രിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഏത് സർക്കാർ ആയാലും വിമർശനം സഹിക്കാനുള്ള ജനാധിപത്യപരമായ പക്വത കാണിക്കണം. മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തെ മുഴുവൻ മാധ്യമ സമൂഹവും ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതികരിക്കണം.

