ബെയ്ജിങ്: ചൈനയില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരി അബദ്ധത്തില്‍ 50 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കട്ട വിഴുങ്ങിയ സംഭവം വലിയ നടുക്കമുണ്ടാക്കി.
തുടര്‍ന്ന് ബെയ്ജിംഗ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നടത്തിയ അടിയന്തര എന്‍ഡോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ വയറ്റില്‍ കുടുങ്ങിയ സ്വര്‍ണ്ണക്കട്ട വിജയകരമായി പുറത്തെടുത്തത്.
വീട്ടില്‍ കളിക്കുന്നതിനിടയിലാണ് അഞ്ചുവയസ്സുകാരി സ്വര്‍ണ്ണക്കട്ട വിഴുങ്ങിയത്. സംഭവം നടന്ന് ഏകദേശം ആറു മണിക്കൂറുകള്‍ക്ക് ശേഷമാണ് കുഞ്ഞിനെ ബെയ്ജിംഗ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഇതിന് മുന്‍പ് സമീപത്തുള്ള ചില പ്രാദേശിക ക്ലിനിക്കുകളില്‍ കുഞ്ഞുമായി കുടുംബം ഓടിയെത്തിയെങ്കിലും, ആവശ്യമായ അടിയന്തര എന്‍ഡോസ്‌കോപ്പി സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ബെയ്ജിംഗിലെ പ്രധാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയില്‍ നടത്തിയ എക്‌സ്-റേ പരിശോധനയില്‍ നാല് സെന്റീമീറ്റര്‍ നീളമുള്ള സ്വര്‍ണ്ണക്കട്ട കുട്ടിയുടെ ആമാശയത്തില്‍ ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. സ്വര്‍ണ്ണക്കട്ടയുടെ വലിപ്പവും ഭാരവും കാരണം ആമാശയത്തിന്റെ ആന്തരിക ഭിത്തികളില്‍ പോറലേല്‍ക്കാനും കടുത്ത രക്തസ്രാവത്തിനും സാധ്യതയേറെയായിരുന്നു. ഇത് മനസ്സിലാക്കി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അതീവ ജാഗ്രതയോടെ എന്‍ഡോസ്‌കോപ്പിയിലൂടെ സ്വര്‍ണ്ണക്കട്ട പുറത്തെടുക്കുകയായിരുന്നു. കുട്ടി നിലവില്‍ പൂര്‍ണ്ണ ആരോഗ്യവതിയായി സുരക്ഷിതമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

