ന്യൂഡല്‍ഹി: ദാമ്പത്യ തര്‍ക്കങ്ങള്‍ക്കിടെ ഭര്‍ത്താവിന്റെ തൊഴില്‍ദാതാവിന് കത്തയക്കുന്ന ഭാര്യമാരുടെ നീക്കങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി.
ഇത്തരം നീക്കങ്ങള്‍ ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും, ഇത് ഭാര്യമാര്‍ക്ക് ലഭിക്കേണ്ട ജീവനാംശത്തെപ്പോലും പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണ്ണായകമായ ഈ പരാമര്‍ശം നടത്തിയത്.
ഭര്‍ത്താവിന്റെ സുഹൃത്ത് തനിക്കെതിരെ ഫയല്‍ ചെയ്ത മാനനഷ്ടക്കേസിന്റെ വിചാരണ അസമില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പ്രതികരണം. ഭര്‍ത്താവുമായുള്ള മറ്റ് ചില കേസുകളുടെ വിചാരണ ഗാസിയാബാദില്‍ നടക്കുന്നതിനാലാണ് മാനനഷ്ടക്കേസും അങ്ങോട്ടേക്ക് മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടത്. വ്യോമസേനാ ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ ബിസിനസ് നടത്തുന്നുണ്ടെന്നും, ഇക്കാര്യം വ്യോമസേനാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും യുവതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന ശക്തമായ ഭാഷയില്‍ നിരീക്ഷണം നടത്തിയത്.
വിവാഹമോചനക്കേസുകള്‍ക്കിടയില്‍ ഭര്‍ത്താവിന്റെ തൊഴില്‍ദാതാവിന് കത്തയക്കുന്നത് ഒരു ഭാര്യയ്ക്ക് ചെയ്യാനാകുന്ന ഏറ്റവും മോശം കാര്യങ്ങളില്‍ ഒന്നാണെന്നും, ഇത് ഭര്‍ത്താവിന്റെ ജോലി തന്നെ ഇല്ലാതാക്കുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. അതേസമയം, താനും സഹോദരനും ചേര്‍ന്ന് വ്യോമസേനയുടെ ഹെല്‍മറ്റ് മോഷ്ടിച്ചുവെന്ന് ഭര്‍ത്താവ് തങ്ങള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയിരുന്നെന്നും, അതിന് മറുപടിയായാണ് ഭര്‍ത്താവ് സ്വകാര്യ ബിസിനസ് നടത്തുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത് എന്നുമാണ് യുവതി കോടതിയെ അറിയിച്ചത്.

