കൊച്ചി: എറണാകുളത്ത് വയോധിക മരിച്ചത് എച്ച്1എന്‍1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബിക എന്ന 75കാരിയാണ് ഇന്നലെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
പന്നിപ്പനി മൂലമാണ് മരണമെന്നാണ് ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയത്. അതേസമയം, കൂടുതല്‍ പരിശോധനാഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇത് എച്ച്1എന്‍1 ബാധിച്ചുള്ള മരണമാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് ആരോഗ്യവകുപ്പ് ജില്ലാ അധികൃതര്‍ വ്യക്തമാക്കിയത്.
ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചതോടെ ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി കൂടുതല്‍ പരിശോധനകളുടെ ഫലം കൂടി അറിയേണ്ടതുണ്ടെന്നും എന്തൊക്കെ പരിശോധനകള്‍ ആശുപത്രിയില്‍ നടത്തിയിട്ടുണ്ടെന്നു നോക്കണമെന്നും അതിനു ശേഷമേ ശേഷമേ ഇത് എച്ച്1എന്‍1 മൂലമുള്ള മരണമാണോ എന്നു സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ വ്യക്തത വരുത്താന്‍ ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
വായുവിലൂടെ പകരുന്നതാണ് എച്ച്1എന്‍1 രോഗബാധയെങ്കിലും വലിയ രീതിയിലുള്ള പടര്‍ന്നുപിടിക്കലിന് സാധ്യത കുറവായതിനാല്‍ പൊതുജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കിയിട്ടുണ്ടെന്നും ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

