Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ആത്രേയ, ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്ലബ്ബുകള്‍ ശക്തമായ നിലയില്‍

ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ആത്രേയ, ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്ലബ്ബുകള്‍ ശക്തമായ നിലയില്‍

കൊച്ചി: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കെസിഎ ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ തൃശൂര്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് ലീഡ്.

ബികെ 55 കേരളയ്‌ക്കെതിരെ ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് ലീഡിലേക്ക് നീങ്ങുമ്പോള്‍ എസ്.ജി. ക്രിക്കറ്റ് സ്‌കൂളും വിന്റേജ് ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരം ആവേശകരമായ നിലയില്‍ പുരോഗമിക്കുകയാണ്.

തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 154 റണ്‍സിനെതിരെ അഞ്ച് വിക്കറ്റിന് 63 റണ്‍സെന്ന നിലയില്‍ പതറിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെ നീരജ് ബിജുവിന്റെയും നിരഞ്ജന്‍ അരുണ്‍കുമാറിന്റെയും ഇന്നിങ്‌സുകളാണ് ശക്തമായ നിലയിലെത്തിച്ചത്. നീരജിന്റെയും (101) നിരഞ്ജന്റെയും (66) മികവില്‍ ആത്രേയ ഒന്‍പത് വിക്കറ്റിന് 269 റണ്‍സെടുത്തു. തൃപ്പൂണിത്തുറയ്ക്ക് വേണ്ടി ആദിഷ് സതീഷ്, കെ.എസ്. കാര്‍ത്തിക്, കൃഷ്ണദര്‍ശന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ തൃപ്പൂണിത്തുറ രണ്ട് വിക്കറ്റിന് 48 റണ്‍സെന്ന നിലയിലാണ്.

ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ബികെ 55 കേരളയുടെ ആദ്യ ഇന്നിങ്‌സ് 172 റണ്‍സിന് അവസാനിച്ചു. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹൃതിക് ഹരിദാസാണ് ബികെ 55-ന്റെ ടോപ് സ്‌കോറര്‍. ലിറ്റില്‍ മാസ്റ്റേഴ്‌സിന് വേണ്ടി ദേവനാരായണ്‍, മുഹമ്മദ് ഷാനിബ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റില്‍ മാസ്റ്റേഴ്‌സ് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 156 റണ്‍സെന്ന നിലയിലാണ്. ലിറ്റില്‍ മാസ്റ്റേഴ്‌സിന് വേണ്ടി അഭിറാം ജി.ബി. 73-ഉം ക്യാപ്റ്റന്‍ ദേവര്‍ഷ് ബി. പുറത്താകാതെ 59 റണ്‍സും നേടി.

മറ്റൊരു മത്സരത്തില്‍ എസ്.ജി. ക്രിക്കറ്റ് സ്‌കൂളിനെതിരെ വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് ലീഡിനായി പൊരുതുകയാണ്. നിര്‍മ്മല്‍ അജിത്തിന്റെയും (126), അര്‍ജുന്‍ വി. നായരുടെയും (47) മികവില്‍ എസ്.ജി. ക്രിക്കറ്റ് സ്‌കൂള്‍ 316 റണ്‍സെടുത്തു. വിന്റേജിന് വേണ്ടി അര്‍മാന്‍ നിജി അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്റേജ് കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 309 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ജൂബിന്‍ തോമസാണ് (105) വിന്റേജിന്റെ ടോപ് സ്‌കോറര്‍. ധക്ഷ് ആര്‍. 47-ഉം അഭിനവ് വി.വി. 35-ഉം ശിവ്ഹരി ശര്‍മ്മ പുറത്താകാതെ 37-ഉം റണ്‍സെടുത്തു. എസ്.ജി. ക്രിക്കറ്റ് സ്‌കൂളിന് വേണ്ടി വൈഷ്ണവ് എസ്. മൂന്ന് വിക്കറ്റ് വീഴ്ത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali