കൊച്ചി: കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ വര്‍ധന കണക്കിലെടുത്ത് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു.
പ്രവൃത്തി ദിവസങ്ങളിലെ (തിങ്കള്‍ മുതല്‍ ശനി വരെ) തിരക്കേറിയ സമയങ്ങളിലാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാന്‍ സര്‍വീസുകള്‍ കൂട്ടിയത്.
ജൂലൈ 22 മുതല്‍ രാവിലെ 8:00 മുതല്‍ 10:00 വരെയും, വൈകിട്ട് 4:00 മുതല്‍ 7:00 വരെയുമുള്ള തിരക്കുള്ള സമയങ്ങളില്‍ 6 മിനിറ്റ് 45 സെക്കന്‍ഡ് ഇടവേളയില്‍ മെട്രോ ട്രെയിനുകള്‍ ഓടും. ഇതിനായി പ്രതിദിനം എട്ട് അധിക ട്രെയിന്‍ സര്‍വീസുകള്‍ കൂടി പുതുതായി ആരംഭിക്കും. പുതിയ ക്രമീകരണം നിലവില്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് മെട്രോയ്ക്കായി കാത്തുനില്‍ക്കേണ്ടി വരുന്ന സമയം ഗണ്യമായി കുറയുകയും തിരക്ക് ഫലപ്രദമായി നിയന്ത്രിക്കപ്പെടുകയും ചെയ്യും.

