Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാക്കിസ്ഥാന്‍ നിര്‍മിത ബെഡ്ഷീറ്റുകള്‍ വില്‍ക്കുന്നുവെന്ന രഹസ്യവിവരം;  രണ്ട് ബിഹാറികള്‍ പൊലീസ് കസ്റ്റഡിയില്‍

പാക്കിസ്ഥാന്‍ നിര്‍മിത ബെഡ്ഷീറ്റുകള്‍ വില്‍ക്കുന്നുവെന്ന രഹസ്യവിവരം; രണ്ട് ബിഹാറികള്‍ പൊലീസ് കസ്റ്റഡിയില്‍

പട്‌ന: പാക്കിസ്ഥാനില്‍ നിര്‍മിച്ച ബെഡ്ഷീറ്റുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും കള്ളക്കടത്തായി എത്തിച്ച്‌ വില്‍പന നടത്തിയ സംഭവുമായി ബന്ധപ്പെട്ട് ബിഹാറില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍.

പാക്കിസ്ഥാന്‍ നിര്‍മിത ഉല്‍പന്നങ്ങളുടെ വ്യാപാരത്തിന് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കെ, അതിര്‍ത്തി കടന്ന് കള്ളക്കടത്തിലൂടെ എത്തിയ സാധനങ്ങള്‍ വില്‍പ്പന നടത്തിയ രണ്ട് പ്രാദേശിക വ്യാപാരികളെയാണ് ബിഹാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബിഹാറിലെ മോതിഹാരി ജില്ലയിലെ രഘുനാഥ്പുര്‍, ചാന്ദ്മാരി പ്രദേശങ്ങളില്‍ പാക്ക് നിര്‍മിത ബെഡ്ഷീറ്റുകള്‍ രഹസ്യമായി വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

മോതിഹാരിയിലെ ബഞ്ചരിയ പന്തല്‍ ചൗക്കിലെ ഒരു തുണിക്കടയില്‍ നിന്നാണ് ഈ ബെഡ്ഷീറ്റുകള്‍ ലഭിച്ചതെന്ന് കച്ചവടക്കാര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇത്തരം പാക്ക് നിര്‍മിത സാധനങ്ങള്‍ അനധികൃതമായി രാജ്യത്തേക്ക് കടത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. പിടിച്ചെടുത്ത ബെഡ്ഷീറ്റുകളുടെ ഉറവിടം, അവ എത്തിച്ചുനല്‍കിയ ശൃംഖല, വിതരണക്കാര്‍ എന്നിവരെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് ചമ്പാരന്‍ എസ്പി സ്വര്‍ണ് പ്രഭാത് വ്യക്തമാക്കി.

ബെഡ്ഷീറ്റുകള്‍ക്ക് പുറമേ പാക്കിസ്ഥാനില്‍ നിര്‍മിച്ച സൗന്ദര്യവര്‍ദ്ധക വസ്തുക്കളും കള്ളക്കടത്തുവഴി ഇന്ത്യയിലെത്തിച്ച്‌ വ്യാപാരം നടത്തുന്നതായി അടുത്തിടെ സുരക്ഷാ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്ക് ഉല്‍പന്നങ്ങളുടെ വ്യാപാരത്തിന് ഇന്ത്യ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ബംഗ്ലാദേശ്, നേപ്പാള്‍ അതിര്‍ത്തികള്‍ ദുരുപയോഗം ചെയ്ത് ഇത്തരം സാധനങ്ങള്‍ രാജ്യത്തേക്ക് എത്തുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികളും പൊലീസും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali