തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് ഡിജിപി സ്ഥാനത്തിനായി നടക്കുന്ന കടുത്ത മത്സരങ്ങളെയും ഉദ്യോഗസ്ഥര്‍ക്കിടയിലെ തമ്മിലടിയെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പോലീസ് സേനയ്ക്ക് തന്നെ നാണക്കേടാകുന്നു.
അടുത്ത വര്‍ഷം നിലവിലെ ഡിജിപി രവഡാ ചന്ദ്രശേഖര്‍ വിരമിക്കും. കഴിഞ്ഞ വര്‍ഷമാണ് പോലീസ് മേധാവിയായി രവഡാ എത്തിയത്. അറുപതു വയസ്സായെങ്കിലും ഒരു കൊല്ലം കൂടി കാലാവധി നീട്ടിക്കൊടുത്തു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍.
കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനകള്‍ ശക്തമായതോടെ പോലീസ് സേനയുടെ തലപ്പത്തും വലിയ അഴിച്ചുപണികള്‍ക്ക് സാധ്യത തെളിഞ്ഞിരിക്കുകയാണ്. പുതിയ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഉന്നത പദവികള്‍ ഉറപ്പിക്കാന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ നീക്കങ്ങളാണ് നടക്കുന്നത്. നിലവിലെ ഡിജിപി രവത ചന്ദ്രശേഖരന് പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഈ കാലാവധി പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെ പുതിയ ഡിജിപിയെ നിയമിക്കാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ വിലയിരുത്തുന്നു.
ഡിജിപി നിയമന മാനദണ്ഡം: സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക യുപിഎസ്സിക്ക് നല്‍കുകയും അതില്‍ നിന്ന് വരുന്നത് മൂന്നുപേരുടെ ലിസ്റ്റില്‍ നിന്ന് ഒരാളെ സര്‍ക്കാരിന് തിരഞ്ഞെടുക്കുകയും ചെയ്യാം എന്നതാണ് നിയമം. ഇതിനായി സീനിയര്‍ ഉദ്യോഗസ്ഥര്‍ ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞു. തനിക്ക് പദവി ലഭിക്കില്ലെന്ന് ഉറപ്പുള്ളവര്‍ മറ്റുള്ളവര്‍ക്ക് ആ പദവി ലഭിക്കാതിരിക്കാന്‍ ശ്രമിക്കുന്ന 'വെട്ടല്‍' രാഷ്ട്രീയമാണ് ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് നടക്കുന്നത്. ഇതിനായി പഴയ കേസുകള്‍ പൊടിതട്ടിയെടുക്കലും കള്ളപ്പരാതികള്‍ നല്‍കലും സജീവമാണ്.
യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എം.ആര്‍. അജിത് കുമാര്‍, എസ്. ശ്രീജിത്ത് എന്നിവരാണ് നിലവില്‍ സീനിയോറിറ്റിയില്‍ മുന്‍പന്തിയിലുള്ള നാല് ഉദ്യോഗസ്ഥര്‍. ഇതില്‍ യോഗേഷ് ഗുപ്തയ്ക്കാണ് ഏറ്റവും കൂടുതല്‍ സീനിയോറിറ്റിയുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ എംപാനല്‍ ചെയ്ത ഡിജിപിയാണ് യോഗേഷ് ഗുപ്ത. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയില്‍ യോഗേഷ് മേധാവിയാകും. അതിനാല്‍ കേരളത്തിലെ പോലീസ് മേധാവിയാകാന്‍ സാധ്യത കുറവാണ്.
ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന അജിത് കുമാറിന് നിലവില്‍ ഡിജിപി പദവി ലഭിക്കാന്‍ സാധ്യത കുറവാണ്. പ്രതിപക്ഷത്തിന് അദ്ദേഹം അനഭിമതനായതിനാല്‍ ഭരണമാറ്റം ഉണ്ടായാല്‍ അദ്ദേഹം തഴയപ്പെട്ടേക്കാം. സീനിയോറിറ്റിയില്‍ രണ്ടാമനായ മനോജ് എബ്രഹാം ഡിജിപി പദവിയില്‍ എത്തിയാല്‍ 2031 വരെ കാലാവധിയുണ്ടാകും. ഇത് തടയാനായി പഴയ കേസുകള്‍ വീണ്ടും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എഡിജിപി എസ്. ശ്രീജിത്തിനെതിരെ പുതിയ വിവാദങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നു എന്നതാണ് വസ്തുത. ഇതും പോലീസ് മേധാവിയാകാതിരിക്കാനുള്ള നീക്കമാണ്.
ശ്രീജിത്ത് ഔദ്യോഗിക യൂണിഫോമില്‍ ദുബായില്‍ പോയി ഒരു 'സ്പാ' ഉദ്ഘാടനം ചെയ്തു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും അദ്ദേഹം സന്ദര്‍ശിച്ചത് ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രമായിരുന്നുവെന്നും വ്യക്തമാണ്. യൂണിഫോം വിവാദത്തിലെ വസ്തുത: ഉദ്ഘാടന ചടങ്ങില്‍ ശ്രീജിത്ത് പങ്കെടുത്തത് സിവില്‍ വേഷത്തിലായിരുന്നു. എന്നാല്‍ ഏതോ പഴയ യൂണിഫോം ഫോട്ടോ ഉപയോഗിച്ച് അദ്ദേഹം നിയമലംഘനം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ഗൂഢാലോചന നടന്നത്. ഇതിനെതിരെ പരാതികളുണ്ട്.
വിദേശ യാത്രയ്ക്ക് ഇപ്പോള്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്നുമുള്ള ചട്ടങ്ങള്‍ നിലവിലുണ്ട്. ശ്രീജിത്ത് കൃത്യമായ അറിയിപ്പ് നല്‍കിയാണ് യാത്ര ചെയ്തതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ ആയുര്‍വേദ സെന്ററിലെ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ഏഴ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ വ്യക്തിജീവിതത്തെ വാര്‍ത്ത ദോഷകരമായി ബാധിച്ചതിനെ തുടര്‍ന്നാണിത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഡിബിന്‍ എടവണ്ണയെ അഴിമതിയുടെയും പീഡന പരാതിയുടെയും പേരില്‍ ശ്രീജിത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും ഈ വിവാദങ്ങള്‍ക്ക് പിന്നിലുണ്ട്. ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ചട്ട ലംഘനമൊന്നും ഇതില്‍ ഇല്ലെന്നതാണ് വസ്തുത. ഇത് ശ്രീജിത്തിന്റെ പ്രമോഷന്‍ തടയാന്‍ കരുതിക്കൂട്ടി ചെയ്ത നീക്കമാണെന്ന് വ്യക്തം.
പോലീസ് തലപ്പത്തെ ഈ ആഭ്യന്തര കലഹം സേനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നിലയിലാണ്. ഒരു ഉദ്യോഗസ്ഥന്‍ ഉയര്‍ന്ന സ്ഥാനത്ത് എത്താതിരിക്കാന്‍ സഹപ്രവര്‍ത്തകര്‍ തന്നെ കള്ളക്കേസുകള്‍ നിര്‍മ്മിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നതാണ് വസ്തുത.

