തിരുവനന്തപുരം: സര്‍വകലാശാലകളില്‍ സംഘപരിവാര്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് എല്ലാക്കാലവും യുഡിഎഫ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
പ്രതിപക്ഷത്തായിരുന്നപ്പോഴും ഭരണപക്ഷത്തായപ്പോഴും ഇതേ നിലപാടാണ് യുഡിഎഫ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് സര്‍വമേഖലകളിലും സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനും ശ്രമം നടന്നിരുന്നു. ഇതിനായി ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംഘപരിവാറുകാരെ സര്‍വകലാശാലകളില്‍ തിരുകിക്കയറ്റാനാണ് നോക്കിയത്.
മുന്‍ ഗവര്‍ണര്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ആരും മറന്നിട്ടുണ്ടാകില്ല. വിസി നിയമനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി തവണ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. ബഹുഭൂരിപക്ഷം കേസുകളിലും സര്‍ക്കാരിന് അനുകൂലമായ വിധിയാണ് ഉണ്ടായത്. താത്കാലിക വിസിമാരെ നിയമിക്കുന്നതിനുള്ള പാനല്‍ മുഖ്യമന്ത്രിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ണയിക്കുന്ന പാനലില്‍ നിന്ന് അനുസരിച്ച് നിയമനം നടത്തണമെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ സംഘപരിവാര്‍ സര്‍വകലാശാല സെനറ്റ് ഹാളില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു. മതേതരമായിടത്ത് വര്‍ഗീയതയുടെ വിത്തുപാകാനുള്ള ഗൂഢാലോചനയാണ് അവിടെ അരങ്ങേറിയത്. ആര്‍എസ്‌എസിന്റെ ഭാരതാംബയെ അംഗീകരിക്കില്ലെന്ന് ഒറ്റസ്വരത്തില്‍ നമ്മള്‍ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഗവര്‍ണറുടെ സംഘപരിവാര്‍ സേവയ്ക്ക് കുടപിടിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍വകലാശാലകളുടെ മതേതര മൂല്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന് അടിയറവെക്കാനാണ് ശ്രമിക്കുന്നത്. നിലവിലെ സര്‍ക്കാരിന് വിഷയത്തില്‍ കാര്യമായ നിലപാടില്ലെന്നും ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് ഓരോ ഘട്ടത്തിലും യുഡിഎഫ് എടുത്തത്. ചാന്‍സലര്‍ പദവി സംബന്ധിച്ച് ബില്ല് കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് എതിര്‍ത്തു. യുഡിഎഫ് ഭരണത്തില്‍ വന്നതോടെ സര്‍വകലാശാലകളില്‍ കാവിവല്‍ക്കരണത്തിനെതിരായ ചെറുത്തുനില്‍പ്പ് അവസാനിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

