തിരുവനന്തപുരം: തിരുവനന്തപുരം വെള്ളയമ്പലത്ത് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികളടക്കം നാലു പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി പത്തോടെ രണ്ട് കാറുകളും ഒരു ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. എലങ്കം ഗാര്‍ഡന്‍സ് റോഡില്‍നിന്ന് വെള്ളയമ്പലം കവടിയാര്‍ പ്രധാന റോഡിലേക്ക് വരികയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലേക്ക് വിമന്‍സ് കോളേജ് ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുക ആയിരുന്നു.
ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചെങ്കിലും നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ വന്ന ടാക്‌സി കാറിലേക്ക് ഇടിച്ചുകയറി. കവടിയാര്‍ സ്വദേശിയായ യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ ജിമ്മില്‍നിന്ന് മടങ്ങുംവഴിയാണ് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ പൗഡിക്കോണം സ്വദേശികളായ ദമ്പതിമാര്‍ക്ക് കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബൈക്ക് ഓടിച്ചിരുന്ന ആളുടെ കാല്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. പിന്നിലിരുന്ന യുവതിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ടാക്‌സി കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റോഡില്‍ അല്‍പ്പസമയം ഗതാഗതം തടസ്സപ്പെട്ടു. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി.

