Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വളര്‍ത്തുനായയെ വീടിനുള്ളിലാക്കിയെന്ന് വീട്ടുടമ; മീറ്റര്‍ റീഡിങ് എടുക്കുന്നതിനിടെ കെഎസ്‌ഇബി ജീവനക്കാരന് കടിയേറ്റു

വളര്‍ത്തുനായയെ വീടിനുള്ളിലാക്കിയെന്ന് വീട്ടുടമ; മീറ്റര്‍ റീഡിങ് എടുക്കുന്നതിനിടെ കെഎസ്‌ഇബി ജീവനക്കാരന് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ മീറ്റര്‍ റീഡിങ്ങിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ ക്രൂരമായ ആക്രമണം.

കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ ജീവനക്കാരനും മാവിന്‍ചുവട് സ്വദേശിയുമായ അഭിലാഷിനാണ് (36) ഡ്യൂട്ടിക്കിടെ പരിക്കേറ്റത്. നായയുടെ കടിയേറ്റ് കൈക്കും വയറിനും കാലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്നോടെ അരങ്ങാടത്ത് ശ്രീരാമകൃഷ്ണ റോഡിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. സോളാര്‍ മീറ്ററിലെ റീഡിങ് എടുക്കാനാണ് അഭിലാഷ് ഈ വീട്ടിലെത്തിയത്. വീട്ടില്‍ അപകടകാരിയായ നായയുള്ള വിവരം മുന്‍പേ അറിയാമായിരുന്നതിനാല്‍, ഗേറ്റിന് പുറത്തുനിന്നുതന്നെ അഭിലാഷ് വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. നായയെ വീടിനുള്ളിലാക്കി മുന്‍വശത്തെ വാതില്‍ പൂട്ടിയെന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീ ഉറപ്പുനല്‍കിയ ശേഷമാണ് അദ്ദേഹം വീടിന്റെ മുറ്റത്തേക്ക് പ്രവേശിച്ചത്.

എന്നാല്‍ മീറ്റര്‍ റീഡിങ് എടുത്തുകൊണ്ടിരിക്കെ, വീടിന്റെ പിന്‍വശത്തെ വാതിലിലൂടെ പുറത്തിറങ്ങിയ നായ അപ്രതീക്ഷിതമായി അഭിലാഷിനെ ആക്രമിക്കുകയായിരുന്നു. യാതൊരു മുന്‍കരുതലുമില്ലാതെ എത്തിയ നായ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. നിലവിളി കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് അഭിലാഷിനെ നായയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. വീടിന്റെ മുന്‍വാതില്‍ പൂട്ടിയെങ്കിലും പിന്‍വാതില്‍ തുറന്നുപോയതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മീറ്റര്‍ റീഡിങ്ങിന് എത്തുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വീട്ടുടമസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali