ചെന്നൈ: ചെന്നൈ പട്ടണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റും നിയമസഭാ സമുച്ചയവും നിര്‍മ്മിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഏകപക്ഷീയ നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന നേതൃത്വം രംഗത്തെത്തി.
പ്രതിപക്ഷ കക്ഷികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍, നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സര്‍ക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരാകുമെന്ന് സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം വ്യക്തമാക്കി. ചെന്നൈയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിലെ ജനങ്ങളുടെ 34 ശതമാനം വോട്ട് മാത്രമാണ് വിജയ് നേതൃത്വം നല്‍കുന്ന ടി.വി.കെ നേടിയിട്ടുള്ളതെന്ന് ഷണ്‍മുഖം ഓര്‍മ്മിപ്പിച്ചു. സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. സര്‍ക്കാരും അധികാരത്തിലിരിക്കുന്നവരും പ്രാഥമികമായ ജനാധിപത്യ മര്യാദ പാലിക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ഭരണപക്ഷത്തിനെതിരായ നിലപാട് മാറ്റാന്‍ സി.പി.എം നിര്‍ബന്ധിതരാകും. ഒക്ടോബര്‍ ആറിന് മധുരാന്തകം, ധാരാപുരം സംവരണ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സി.പി.എം നിലപാട് കടുപ്പിച്ചിരിക്കുന്നത്.
പട്ടണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് നിര്‍മ്മിക്കുന്നത് പ്രദേശത്തെ തീരദേശ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗത്തെ സാരമായി ബാധിക്കുകയും നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്യും. അതിനുപകരം കൊയമ്പേട്, ഗിണ്ടിയിലെ റേസ് കോഴ്സ്, കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ (ഐ.എം.ഡി) കാമ്പസ് തുടങ്ങി അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ പദ്ധതിക്കായി സര്‍ക്കാര്‍ പരിഗണിക്കണം. രാഷ്ട്രീയ പാര്‍ട്ടികളോടോ പൊതുജനങ്ങളോടോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും ഇത് ജനാധിപത്യപരമായ ഭരണരീതിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സെക്രട്ടേറിയറ്റ് നിര്‍മ്മാണത്തിനായി പുറപ്പെടുവിച്ച വിവാദ ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിച്ച് പട്ടണപ്പാക്കത്ത് പുതിയ സമുച്ചയം സ്ഥാപിക്കില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തരമായി സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കണം. സര്‍ക്കാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ തള്ളി പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നേരിട്ട് തടസ്സപ്പെടുത്തിക്കൊണ്ട് മത്സ്യത്തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഷണ്‍മുഖം മുന്നറിയിപ്പ് നല്‍കി.

