ചെങ്ങന്നൂര്‍: ഒരു സിനിമയെ വെല്ലുന്ന ദുരൂഹതകളുടെ ചുരുളഴിയുകയാണ് ചെങ്ങന്നൂരിലെ യേശുദാസിന്റെ മരണത്തില്‍. ആ സ്വത്തങ്ങ് തട്ടിയെടുക്കാന്‍ രണ്ടുവര്‍ഷം മുന്‍പേ പ്ലാനിംഗ് നടന്നോ?
മരുമകള്‍ ലീനയുടെ ആരോപണങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. പള്ളിക്കല്ലറയില്‍ ഉറങ്ങുകയായിരുന്ന യേശുദാസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ കേസ് പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. സഹോദരന്‍ ഗബ്രിയേലിനെതിരെയാണ് കുടുംബം വിരല്‍ ചൂണ്ടുന്നത്.
രണ്ടുവര്‍ഷം മുന്‍പേ തയ്യാറാക്കിയ 'മരണക്കെണി'യെന്ന ആക്ഷേപം അടക്കം ഉയരുന്നത്. മരുമകള്‍ ലീനയുടെ ആരോപണങ്ങള്‍ തികച്ചും ഗൗരവതരമാണ്. മരുന്നുകള്‍ക്ക് ഡോസ് കൂട്ടി നല്‍കിയോ അതോ ഭക്ഷണത്തില്‍ മെല്ലെ മെല്ലെ വിഷം കലര്‍ത്തി നല്‍കിയോ എന്ന് ഇവര്‍ സംശയിക്കുന്നു. മകളും മരുമകളും വിദേശത്തായ സാഹചര്യം മുതലെടുത്ത് ഗബ്രിയേല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു ഹോം നേഴ്സിനെ വീട്ടില്‍ നിയമിച്ചു. ഈ നേഴ്സിന്റെ പെരുമാറ്റം തുടക്കം മുതലേ ദുരൂഹമായിരുന്നുവെന്നാണ് പരാതി.
യേശുദാസിന്റെ സ്വത്തുക്കള്‍ തന്റെ പേരിലാക്കി ആധാരം രജിസ്റ്റര്‍ ചെയ്ത് കൃത്യം 90-ാം ദിവസമാണ് മരണം സംഭവിക്കുന്നത്. ഈ ആധാരത്തില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് വീട്ടിലെ വേലക്കാരിയാണ് എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. യേശുദാസിന്റെ മരണം സംഭവിച്ചയുടന്‍ തന്നെ ആശുപത്രിയെ തെറ്റിദ്ധരിപ്പിക്കാനും മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാനും ഗബ്രിയേല്‍ നീക്കം നടത്തിയെന്ന് ബന്ധുവായ ശോശാമ്മ ആരോപിക്കുന്നു. 'മക്കളും മരുമക്കളും വിദേശത്തുനിന്ന് എത്തുന്നതുവരെ പോലും കാത്തുനില്‍ക്കാന്‍ ഗബ്രിയേല്‍ തയ്യാറായില്ല. പിറ്റേദിവസം തന്നെ അടക്കം നടത്താന്‍ ധൃതി കാണിച്ചത് തെളിവുകള്‍ നശിപ്പിക്കാനാണോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.' - ശോശാമ്മ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യേശുദാസിന്റെ മൃതദേഹം ശവക്കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മാര്‍ച്ച് 20നായിരുന്നു യേശുദാസിന്റെ മരണം. ആന്തരിക അവയവങ്ങളുടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ലീനയുടെ പരാതിയിലാണ് യേശുദാസിന്റെ കല്ലറ തുറന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
ഗബ്രിയേല്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു. യേശുദാസന്റെ പേരിലുള്ള സ്വത്ത് സഹോദരന്റെ പേരിലാക്കി ആധാരം രജിസ്റ്റര്‍ചെയ്ത് 90 ദിവസത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലീനയുടെ ആരോപണം. മരണത്തിന് പിന്നാലെ സഹോദരന്‍ തങ്ങളെ വീട്ടില്‍നിന്ന് പുറത്താക്കിയെന്നും ഒരു ആധാരത്തില്‍ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതെന്നും ഇവര്‍ പറയുന്നു. മരണസമയത്ത് യേശുദാസന്‍ ഛര്‍ദിച്ച് അവശനിലയിലായിരുന്നുവെന്നും ശരീരം കടുംനീല നിറത്തിലായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. മാത്രമല്ല, യേശുദാസനെ ആശുപത്രിയില്‍ കൊണ്ടുപോയതൊന്നും തന്നെയോ വിദേശത്തുള്ള മകളെയോ മറ്റുബന്ധുക്കളെയോ അറിയിച്ചില്ലെന്നും ലീന പറഞ്ഞു.
വീട്ടുജോലിക്കാരി ഉണ്ടാക്കിനല്‍കിയ കേക്ക് കഴിച്ചതിന് ശേഷമാണ് യേശുദാസന്‍ അവശനിലയിലായതെന്നാണ് മരുമകളുടെ ആരോപണം. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്ന് സംശയമുണ്ടെന്നും ഇവര്‍ പറയുന്നു. യേശുദാസിന് ഒരു മകനും ഒരു മകളുമാണുള്ളത്. മകന്‍ 2017-ല്‍ മരിച്ചിരുന്നു. മകള്‍ യുകെയിലാണ്. പിതാവിന്റെ മരണത്തില്‍ യുകെയിലുള്ള മകള്‍ക്കും പരാതിയുണ്ടെന്നാണ് മരുമകളായ ലീന മാധ്യമങ്ങളോട് പറഞ്ഞത്. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി.

