Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാജിക്.. മാസ്റ്ററി.. മെസ്സി..! കാല്‍പ്പന്തിൻ്റെ മിശിഹായ്ക്ക് ഇന്ന് 39ാം പിറന്നാള്‍

മാജിക്.. മാസ്റ്ററി.. മെസ്സി..! കാല്‍പ്പന്തിൻ്റെ മിശിഹായ്ക്ക് ഇന്ന് 39ാം പിറന്നാള്‍

News Malayalam 3 hrs ago

റ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍... ഒരു ലോകകപ്പ്... എട്ട് ബാലണ്‍ ഡി ഓർ പുരസ്കാരങ്ങള്‍.. രണ്ട് കോപ്പ അമേരിക്ക ട്രോഫികള്‍...

ആറ് ഗോള്‍ഡൻ ബൂട്ടുകള്‍... 46 ടീം ട്രോഫികള്‍... 11 ലീഗ് എംവിപികള്‍.... ഏറ്റവും കൂടുതല്‍ ലാ ലിഗ ഗോളുകള്‍.. 900ലേറെ വ്യക്തിഗത ഗോളുകള്‍... 410 അസിസ്റ്റുകള്‍.. അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരൻ... അങ്ങനെ അസംഖ്യം റെക്കോർഡുകള്‍... ഒരേ ഒരു മെസ്സി.....

1987 ജൂണ്‍ 24ന് അർജന്റീനയിലെ റൊസാരിയോയിലാണ് കാല്‍പന്തിന്റെ മിശിഹാ ലയണല്‍ ആൻഡ്രൂസ് മെസ്സിയുടെ ജനനം. ചെറുപ്രായത്തില്‍ തന്നെ പന്തു തട്ടിതുടങ്ങിയ മെസ്സിയെ പത്താം വയസ്സിലാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തേടിയെത്തിയത്. ശരീരവളർച്ചയ്ക്ക് അത്യാവശ്യമായ ഹോർമോണ്‍, ആവശ്യത്തിന് ഉല്‍പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോർമോണ്‍ ഡെഫിഷ്യൻസി എന്ന രോഗം മെസ്സിയെ പിടികൂടി. അസാമാന്യ പ്രതിഭയായിരുന്ന അവന്റെ ഫുട്ബോള്‍ ജീവിതം കൗമാര പ്രായത്തിനു മുന്നേ അവസാനിച്ചേക്കുമെന്ന ആശങ്കയിലെത്തി. എന്നാല്‍ ഹോർമോണ്‍ കുറവില്‍ ഇനിയും ഉയരം വയ്ക്കില്ലെന്ന് വിധിച്ച ബാലൻ ലോകത്തോളം ഉയർന്ന കഥയ്ക്ക് ഇന്നും സമാനതകളില്ല.

സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലൂടെയാണ് മെസ്സി തന്റെ ജീവിതവും കരിയറും കെട്ടിപ്പടുത്തത്. ബാഴ്സയുടെ കരാർ ലഭിച്ച മെസ്സി പത്രണ്ടാം വയസിലാണ് സ്പെയിനിലേക്ക് പറന്നത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമായിരുന്നു. 17ാം വയസില്‍ ബാഴ്സലോണയുടെ സീനിയർ ടീമിലേക്ക് മെസിയെ തെരഞ്ഞെടുത്തു. 2005 ഓഗസ്റ്റ് 17ന് ഹംഗറിക്കെതിരെ കളിച്ചുകൊണ്ട് അർജന്റീനയുടെ സീനിയർ ടീമിലും മെസ്സി അരങ്ങേറ്റം കുറിച്ചു.

ക്ലോസെയുടെയും മാർത്തയുടെയും റെക്കോർഡ് ക്ലോസാക്കി; പതിനെട്ടിൻ്റെ ചുറുചുറുക്കില്‍ മെസ്സി!

2008ലെ ഒളിമ്പിക്സില്‍ അർജന്റീനക്കൊപ്പം സ്വർണം നേടി‌. 2014ലെ ഫിഫ ലോകകപ്പില്‍ നെതർലാൻഡ്സിനെ പരാജയപ്പെടുത്തി അർജന്റീനയെ ഫൈനലില്‍ എത്തിച്ചു. ആ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും അയാള്‍ നേടി. 2015-16 വർഷങ്ങളില്‍ അർജന്റീന കോപ്പ അമേരിക്ക ഫൈനലില്‍ എത്തിയപ്പോഴും പിന്നില്‍ മെസ്സി ഉണ്ടായിരുന്നു. ദേശീയ ടീമിനു വേണ്ടി പ്രധാന കിരീടം നേടിയിട്ടില്ല എന്ന വിമർശനങ്ങള്‍ക്ക് കോപ്പ അമേരിക്കയും ഫൈനലിസിമയും പിന്നാലെയുള്ള ലോകകപ്പും നേടിയാണ് മെസ്സി മറുപടി നല്‍കിയത്.

മറ്റാർക്കും അതിവേഗം എത്തിപ്പിടിക്കാൻ ആകുന്നതിലും ഉയരത്തിലാണ് ഇന്ന് മെസ്സി. ഇനി ഒരാള്‍ കീഴടക്കാൻ സാധ്യത കുറഞ്ഞ ഒരുപിടി റെക്കോർഡുകളാണ് മെസ്സി ഈ കാലയളവില്‍ തന്റെ പേരില്‍ എഴുതിച്ചേർത്തിരിക്കുന്നത്. ഒരു തുകല്‍പ്പന്ത് കൊണ്ട് അവൻ കാണിച്ച ഇന്ദ്രജാലങ്ങളെ വർണിക്കാൻ കവിതകളോ കഥകളോ പോരാതെ വരും. കാലില്‍ പന്ത് ഉള്ളിടത്തോളം കാലം അവൻ ഈ കണക്കുകള്‍ മെച്ചപ്പെടുത്തികൊണ്ടേയിരിക്കും... നേട്ടങ്ങള്‍ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച മാന്ത്രികതയ്ക്ക് പിറന്നാള്‍ ആശംസകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam