കൊച്ചി: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ഹിറ്റിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'.
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്‌ലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രം നസ്‌ലന് വേണ്ടി എഴുതിയതാണെന്നും നടൻ 'നോ' പറഞ്ഞിരുന്നെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു എന്നുമാണ് സംവിധായകൻ പറയുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
"സിനിമയുടെ എഴുത്ത് തുടങ്ങുന്നതിന് മുൻപ് ഞാൻ നസ്‌ലനെ വിളിച്ചു. നിങ്ങളുമായി ചേർന്ന് ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. കഥ ആലോചിക്കുകയാണ്. നിങ്ങള്‍ ചെയ്യാമെന്ന് ഉറപ്പുപറഞ്ഞാല്‍ മാത്രമേ ഞാൻ അത് എഴുതൂ. സ്ക്രിപ്റ്റ് വായിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ 'നോ' പറഞ്ഞോളൂ. നിങ്ങള്‍ക്ക് വേണ്ടിയാണ് എഴുതുന്നത്. നിങ്ങള്‍ 'ഒക്കെ' പറഞ്ഞാല്‍ മാത്രമേ എഴുത്ത് തുടങ്ങൂ. എനിക്കൊപ്പം വർക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടോ എന്ന് ഇപ്പോള്‍ പറയണമെന്ന് ഞാൻ പറഞ്ഞു. 'യെസ്' എന്നായിരുന്നു നസ്‌ലന്റെ മറുപടി. ഈ സിനിമ നസ്‌ലന് വേണ്ടിയാണ്," എന്നാണ് അഭിനവ് പറഞ്ഞത്.
"മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ സീക്വലല്ല 'മോളിവുഡ് ടൈംസ്' എന്നും അഭിനവ് സുന്ദർ നായക് വ്യക്തമാക്കി. "സക്സസിനെപ്പറ്റി മൂന്ന് സിനിമകള്‍ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു സക്സസ് ട്രിലോജി. സക്സസ്ഫുള്‍ ആകാൻ ശ്രമിക്കുന്ന മൂന്ന് പേരുടെ കഥ. അതില്‍ ആദ്യ പടമാണ് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്'. രണ്ടാമത്തെ ഐഡിയ ആണ് 'മോളിവുഡ് ടൈംസ്'," സംവിധായകൻ പറഞ്ഞു.
സിനിമാ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായിട്ടാണ് ചിത്രത്തില്‍ നസ്‌ലൻ എത്തുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് 'മോളിവുഡ് ടൈംസ്' നിര്‍മിക്കുന്നത്. രാമു സുനിലാണ് സിനിമയുടെ തിരക്കഥ. വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് ഛായാഗ്രഹണം. ജൂണ്‍ അഞ്ചിന് സിനിമ ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.
എഡിറ്റിങ്: നിധിൻ രാജ് അരോള്‍ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കണ്‍ട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കണ്‍ട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്‌എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എ.എസ്. ദിനേശ് , സ്റ്റില്‍സ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്.

