ഫിലാഡെല്‍ഫിയ: ലോകകപ്പില്‍ പരാഗ്വെയുടെ വെല്ലുവിളി മറികടന്ന് ഫ്രാൻസ് ക്വാർട്ടറില്‍. സൂപ്പർതാരം കിലിയൻ എംബാപ്പെ നേടിയ പെനാല്‍റ്റി ഗോളിൻ്റെ കരുത്തിലാണ് ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് കയറിപ്പറ്റിയത്.
ക്വാർട്ടറില്‍ ഫ്രാൻസും മൊറോക്കോയും തമ്മിലാണ് സൂപ്പർ പോരാട്ടം.
ഫ്രഞ്ച് പട ഇത് നാലാം തവണയാണ് തുടർച്ചയായി ലോകകപ്പ് ക്വാർട്ടറിലെത്തുന്നത്. പരാഗ്വേയുടെ ശക്തമായ പ്രതിരോധത്തെ മറികടന്ന് ഒറ്റ ഗോള്‍ ജയവുമായാണ് അവർ ക്വാർട്ടറിലെത്തുന്നത്. ജർമനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ ഫ്രാൻസിനേയും വരിഞ്ഞ് മുറുക്കി. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും മൂന്നോ അതിലധികമോ ഗോള്‍ നേടിയ ഫ്രാൻസിൻ്റെ മികവുറ്റ മുന്നേറ്റ നിരയ്ക്ക് പക്ഷേ പരാഗ്വെയ്ക്ക് മുന്നില്‍ ശോഭിക്കാനായില്ല. ഫ്രഞ്ച് മധ്യനിരയില്‍ നിന്നും എംബാപ്പെയിലേക്ക് പന്തെത്തുന്നത് തടഞ്ഞ പരാഗ്വെ താരങ്ങള്‍, സമാനമായി തന്നെ ഉസ്മാൻ ഡെംബലെയും കൃത്യമായി തടഞ്ഞു. ലോകകപ്പില്‍ ഇതേവരെ മിന്നുന്ന ഫോമിലായിരുന്ന ഒലീസെയും നിറംമങ്ങിയതോടെ ആദ്യ നോക്കൗട്ട് മത്സരത്തില്‍ തന്നെ ഗോളില്ലാതെ ഫ്രാൻസ് വിയർത്തു.

രണ്ടാം പകുതിയില്‍ ബ്രാഡ്ലി ബാർക്കോളയ്ക്ക് പകരം ദിസൈർ ദുവെ എത്തിയതോടെയാണ് ഫ്രഞ്ച് മുന്നേറ്റങ്ങള്‍ക്ക് ജീവൻവച്ചത്. 70ാം മിനിറ്റില്‍ ദുവെയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചു. ഈ ലോകകപ്പിലെ എംബാപ്പെയുടെ ഏഴാമത്തെ ഗോളാണിത്. ഇതോടെ കരിയറിലെ ആകെ ഗോള്‍ നേട്ടം 19 ആക്കി ഉയർത്താനും താരത്തിനായി. എന്നാല്‍ തിരിച്ചടിക്കാനുള്ള പരാഗ്വെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. മൊറോക്കോയാണ് ക്വാർട്ടറില്‍ ഫ്രാൻസിൻ്റെ എതിരാളികള്‍.
അതേസമയം, ഇന്നലെ ആദ്യ മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മൊറോക്കോ കാനഡയെ പരാജയപ്പെടുത്തിയത്. ഉന്നാഹിയുടെ ഇരട്ട ഗോളിൻ്റെ തിളക്കത്തിലാണ് മൊറോക്കോയുടെ ജയം.
കാനഡയെ തകർത്ത് ക്വാർട്ടറില്‍ കടന്ന് മൊറോക്കോആദ്യ പകുതിയില്‍ കാനഡ കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അമ്പതാം മിനിറ്റില്‍ ഉന്നാഹി നേടിയ ആദ്യ ഗോള്‍ മൊറോക്കോയ്ക്ക് മുൻതൂക്കം നല്‍കി. പിന്നീട് 82ാം മിനിറ്റില്‍ ഉന്നാഹിയിലൂടെ തന്നെ രണ്ടാം ഗോളും സ്വന്തമാക്കിയ മൊറോക്കോ കാനഡയ്ക്കെതിരെ കൃത്യമായ ലീഡ് എടുത്തു.
തിരിച്ചടിക്കാനുള്ള നിരന്തര ശ്രമം കാനഡയുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും ഇഞ്ച്വറി ടൈമില്‍ കാനഡയുടെ വല വീണ്ടും കുലുക്കി റഹീമി മൊറോക്കോയുടെ ജയം പൂർത്തിയാക്കി. ബ്രാഹിം ഡിയാസിൻ്റെ അസിസ്റ്റുകളായിരുന്നു രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത്. ക്വാർട്ടറില്‍ ഫ്രാൻസിനെയാണ് മൊറോക്കോയ്ക്ക് നേരിടേണ്ടി വരിക.

