സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള സാധ്യത മുന്നിലുണ്ടായിട്ടും മുന്നൊരുക്കവും മുന്നറിയിപ്പുകളും ഇക്കുറിയും പാളി.
മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തില്‍ മഴക്കാലത്തെ മുന്നൊരുക്കങ്ങളും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും ദിവസങ്ങള്‍ക്ക് മുമ്പ് തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും അതിതീവ്ര മഴയുണ്ടായപ്പോള്‍ അവയെല്ലാം വെള്ളത്തില്‍ വരച്ച വര പോലായി. പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകള്‍ക്കും വൻവീഴ്‌ചയുണ്ടായതായും ദുരിതബാധിത പ്രദേശങ്ങളില്‍ സർക്കാർ സംവിധാനങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസവും നേരിട്ടെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അതിതീവ്ര മഴയുണ്ടായ ജില്ലകളില്‍ നേരത്തെ മുന്നറിയിപ്പ് നല്‍കി ഉചിതമായ നടപടി സ്വീകരിക്കാനായില്ല. പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ശനിയാഴ്ച രാവിലെ വരെയുണ്ടായിരുന്നത് ഓറഞ്ച് അലർട്ട് മാത്രമാണ്. കൃത്യമായി റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതില്‍ വന്ന വീഴ്ചയാണ് ഈ ജില്ലകളില്‍ ജനജീവിതം ദുസ്സഹമാക്കിയതും ജീവൻ പൊലിയുന്നതിന് കാരണമായതും. സർക്കാർ സ്പോണ്‍സേർഡ് വെള്ളപ്പൊക്കമാണെന്ന് പ്രതിപക്ഷവും ആരോപണവുമായി രംഗത്തെത്തിയതോടെ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖും പ്രതികരിച്ചിട്ടുണ്ട്.
കേരളം ഇനി എന്ന് പഠിക്കും
2018ലെ പ്രളയത്തില്‍ നിന്ന് കേരളം യാതൊരു പാഠവും പഠിച്ചില്ല. കേരളം വീണ്ടുമൊരു വെള്ളപ്പൊക്ക ഭീഷണി നേരിടുമ്പോള്‍ പ്രവചനങ്ങളുടെ പരിമിതികള്‍ വീണ്ടും ചോദ്യമാകുകയാണ്. ജൂലായ് 31-ന് രാത്രി 10ന് കാലാവസ്ഥാവകുപ്പ് ഏഴ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയത്. ഓറഞ്ച് മുന്നറിയിപ്പ് പ്രകാരം ശക്തമായ മഴയ്കുള്ള സാധ്യതയാണ് പ്രവചിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു ഓറഞ്ച് മുന്നറിയിപ്പ്. എന്നാല്‍ രാത്രി 10-ന് ശേഷം കാലാവസ്ഥ ആകെ മാറുന്നതാണ് കണ്ടത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ സ്ഥിതി അതിതീവ്ര മഴ മുന്നറിയിപ്പായ ചുവപ്പിലേക്ക് പൊടുന്നനെ കയറിപ്പോയി. കേരള തീരത്ത് മേഘരൂപവത്കരണം ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ പല ശാസ്ത്രജ്ഞരും കാലാവസ്ഥാ പോർട്ടലുകളും നല്‍കിയിട്ടും പൊടുന്നനെയുള്ള ഈ മാറ്റം പ്രവചിക്കാൻ അധികൃതർക്കായില്ല. ദുരന്തങ്ങള്‍ പതിവായ മലയോരമേഖലകളില്‍പ്പോലും മുന്‍കരുതലുകളുണ്ടായില്ലെന്ന വിമര്‍ശനം ശക്‌തമാണ്. 24 മണിക്കൂറിനിടെ പത്തനംതിട്ടയിലെ ളാഹയില്‍ 25 സെന്റിമീറ്ററും ഇടുക്കിയിലെ പീരുമേട്, തൊടുപുഴ എന്നിവിടങ്ങളില്‍ 21 സെന്റിമീറ്റര്‍ വീതവും മഴപെയ്‌തു. ഇത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാവുന്ന അതിതീവ്രമഴയുടെ തോതാണ്. എന്നാല്‍, 31-ന് രാത്രി ഒമ്പതുവരെ കാലാവസ്‌ഥാവകുപ്പിന്റെ മുന്നറിയിപ്പില്‍ സംസ്‌ഥാനത്തെവിടെയും റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. രാത്രി 10-നും ഓറഞ്ച് അലര്‍ട്ടായിരുന്നു. അതിതീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നു കാലാവസ്‌ഥാവകുപ്പ് 31-ന് രാത്രി 11.15-നാണ് മുന്നറിയിപ്പ് നല്‍കിയത്. പത്തനംതിട്ടയും ഇടുക്കിയും ഉള്‍പ്പെടെയുള്ള ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത് ശനിയാഴ്ച രാവിലെ ഏഴിനാണ്. അപ്പോഴേക്കു പല പ്രദേശങ്ങളും വെള്ളത്തിലായി.
ഉരുളില്‍ തെളിയുന്ന ജലപാഠങ്ങള്ദുരന്തമുണ്ടായപ്പോള് മാത്രം തുറന്ന ക്യമ്പുകള്‍
ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശപ്രകാരം, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ത്തന്നെ അടിയന്തരനടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍, മുമ്പ് ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും 2018-ലെ പ്രളയത്തില്‍ തകര്‍ന്ന പത്തനംതിട്ട, റാന്നിയിലും ഉള്‍പ്പെടെ ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചില്ല. ഇടുക്കിയിലെ തൊടുപുഴ കുടയത്തൂരില്‍ ദേശീയ ദുരന്തപ്രതികരണസേന വേഗത്തില്‍ എത്തിയെങ്കിലും കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ സമയബന്ധിതമായി എത്താന്‍ കഴിഞ്ഞില്ല. പത്തനംതിട്ടയില്‍ എത്തിയപ്പോഴേക്ക് സ്‌ഥിതി ഗുരുതരമായിരുന്നു. പമ്പ കരകവിഞ്ഞ് വെള്ളപ്പൊക്കസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും റാന്നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നും വിമര്‍ശനമുണ്ട്.
കോട്ടയം ജില്ലയില്‍ കനത്ത മഴ പെയ്യുമെന്നും ഉരുള്‍പൊട്ടലുണ്ടാകുമെന്നും തിരിച്ചറിഞ്ഞ് മുൻകരുതലെടുക്കുന്നതില്‍ സർക്കാർ സംവിധാനം സമ്പൂർണ പരാജയമായി. വെള്ളി, ശനി ദിവസങ്ങളില്‍ ഓറഞ്ച് അലർട്ട് ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതലുകളെടുത്തില്ല. മുന്നറിയിപ്പുകളും ഉണ്ടായിരുന്നില്ല. പീരുമേട് ബെല്‍റ്റിലെ കനത്തമഴയാണ് ഈരാറ്റുപേട്ടയെ ഇതേവരെ കാണാത്ത നാശത്തിലേക്ക് എത്തിച്ചത്. മീനച്ചിലാറിന്റെ കൈവഴികളായ പൂഞ്ഞാർ, തീക്കോയി എന്നിവയുടെ പ്രഭവകേന്ദ്രങ്ങളില്‍ ആറ് സ്ഥലത്ത് ചെറുതും വലുതുമായ ഉരുള്‍ പൊട്ടലുമുണ്ടായി. മലയോര മേഖലയില്‍ മഴ ശക്തി പ്രാപിക്കുന്നതിനു മുമ്പേ അപകടമേഖലയിലുള്ള ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതാണ് രീതി. സർക്കാരിന്റെ കണക്കുകൂട്ടലുകളിലൊന്നും ഇത്രയും വലിയ മഴ പ്രവചിച്ചിരുന്നില്ല. ദുരന്തമുണ്ടായപ്പോള്‍ മാത്രമാണ് ക്യാമ്പുകള്‍ തുറന്നത്.
സർക്കാർ നിർമിത പ്രളയമോ?
പത്തനംതിട്ടയില്‍ അതിതീവ്ര മഴയ്‌ക്കൊപ്പം മൂഴിയാർ, കാരികയം ഡാമുകള്‍ തുറന്നുവിട്ടതോടെ കല്ലാർ, കക്കാട്ടാറുകള്‍ കരകവിഞ്ഞത് ആഘാതം കൂട്ടി. അറ്റകുറ്റപ്പണിക്ക് മണിയാർ ഡാം തുറന്നിട്ടതോടെ സംഭവം കൈവിട്ടുപോയി. 2018ലെ പ്രളയത്തില്‍ തുടർച്ചയായി നാലുദിവസമുണ്ടായ മഴയിലാണ് റാന്നിയടക്കം മുങ്ങിയത്. അതിതീവ്രമായ മഴ പെയ്യുമെന്നോ ഡാം തുറന്നുവിടുമെന്നോ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ വീടുകളിലെയും കടകളിലെയും മറ്റും സാധനങ്ങള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻ അവസരം ലഭിച്ചേനെ. പുലർച്ചെ നാലിന് മറ്റുള്ളവർ അറിയിച്ച് പലരും എഴുന്നേറ്റപ്പോഴേക്കും വീടിനുള്ളിലും വ്യാപാരസ്ഥാപനങ്ങളിലുമൊക്കെ വെള്ളംകയറി കഴിഞ്ഞിരുന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പ് മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടായത് പോലും രാവിലെ ഒമ്പതരയ്‌ക്കാണ്. മഴക്കെടുതിയെ നേരിടുന്നതില്‍ സർക്കാർ തലത്തില്‍ ഏകോപനമില്ലായ്മയുണ്ടായെന്ന വിമര്‍ശനവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വെള്ളപ്പൊക്കമാണ് റാന്നിയില്‍ ഉണ്ടായതെന്നും വ്യാപാരികള്‍ക്ക് സംഭവിച്ച നഷ്ടത്തിന് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.
യുഡിഎഫില്‍ പിഎം ശ്രീ കലഹംമഴമുന്നറിയിപ്പില് വീഴ്ച ഇല്ലെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് കനത്തനാശവും ദുരിതവും വിതച്ച മഴയില്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് പറഞ്ഞ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ഗോപാല്‍ ഉയരുന്ന ആരോപണങ്ങള്‍ തള്ളി. എല്ലാ ജില്ലകളിലും രണ്ട് ദിവസത്തേക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചത്. വ്യാപകമായി മഴ കിട്ടുമെന്നായിരുന്നു കണക്കുകൂട്ടല്‍. മലയോരമേഖലകളില്‍ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാതിരുന്നതിനാല്‍ മിന്നല്‍പ്രളയ രൂപം കൈവരുകയായിരുന്നു. സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനം പെട്ടെന്നുണ്ടാകുന്നതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നത് വെല്ലുവിളിയാണെന്നും അവർ പറഞ്ഞു. ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കാനാകും.എന്നാല്‍ .പഞ്ചായത്ത് തലത്തില്‍ മുന്നറിയിപ്പ് നല്‍കുക അത്ര പ്രായോഗികമല്ല. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമാണ് എങ്ങനെ കൃത്യമായി വളരെ പ്രാദേശികമായ ഇടങ്ങളില്‍ പ്രകൃതി ദുരന്ത മുന്നറിയിപ്പ് നല്‍കാമെന്നത്. കാലാവസ്ഥ മുന്നറിയിപ്പിനായി വിവിധവകുപ്പുകളെ സംയോജിപ്പിച്ച് കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയം വിൻഡ്സ് എന്ന പദ്ധതി നടപ്പാക്കിവരികയാണെന്നും അവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
WINDS അഥവാ Weather Information Network Data System എന്നത് കർഷകർക്ക് കൃത്യമായ പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയം നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ്. രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളും റെയിൻ ഗേജുകളും സ്ഥാപിച്ച് അതിപ്രാദേശിക കാലാവസ്ഥാ ഡാറ്റ ശേഖരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത് സംസ്ഥാനത്ത് നടപ്പാലാക്കാൻ ഒരുങ്ങുകയാണ്. എന്നാല്‍ പദ്ധതിയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരം സ്ഥലങ്ങള്‍ കണ്ടെത്തുന്നത് പ്രായോഗികമായി വലിയ വെല്ലുവിളിയാണ്...ഈ തടസ്സം പരിഹരിക്കാൻ സംസ്ഥാനങ്ങളുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകളും ഭേദഗതികളും വരുത്തേണ്ടതുണ്ട്. ഇതിനുപുറമെ, ശേഖരിക്കുന്ന കാലാവസ്ഥാ വിവരങ്ങളുടെ ഉടമസ്ഥത, ചെലവ്, ഉത്തരവാദിത്തം എന്നിവയില്‍ അവ്യക്തത തുടരുകയാണ്. അതേസമയം തെക്കുപടിഞ്ഞാറൻ മണ്‍സൂണിനെ തുടർന്നുള്ള വെള്ളപ്പൊക്കം ബാധിച്ച സംസ്ഥാനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്രവിഹിതത്തില്‍ നിന്ന് 2,117.85 കോടി രൂപ മുൻകൂറായി അനുവദിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ മഴക്കെടുതി രൂക്ഷമായ കേരളത്തിന് ഇത്തവണ തുകയൊന്നും അനുവദിച്ചിട്ടുമില്ല.
വേണ്ടത് താഴേത്തട്ടിലെ ദുരന്ത നിവാരണ പ്രവർത്തനം
2018-ലെ മഹാപ്രളയത്തിന് ശേഷവും മുന്നൊരുക്കങ്ങളില്‍ പാളിച്ചകള്‍ ആവർത്തിക്കുന്നത് ആശങ്കാജനകമാണ്. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ പരമ്പരാഗത രീതികള്‍ ഇനി മതിയാകില്ല. കൃത്യമായ അതിപ്രാദേശിക മുന്നറിയിപ്പ് സംവിധാനങ്ങളും, ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള താഴേത്തട്ടിലെ സുസജ്ജമായ ദുരന്തനിവാരണ പ്രവർത്തനങ്ങളുമാണ് കേരളത്തിന് ആവശ്യം. പ്രളയപാഠങ്ങള്‍ വെറും ചർച്ചകളില്‍ ഒതുങ്ങാതെ, പ്രായോഗിക നടപടികളായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

