Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉരുളില്‍ തെളിയുന്ന ജലപാഠങ്ങള്‍

ഉരുളില്‍ തെളിയുന്ന ജലപാഠങ്ങള്‍

News Malayalam 3 weeks ago

ടുക്കി ജില്ലയിലെ അടൂർമലയിലും പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലും മറ്റുമുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലുകള്‍ കേരളത്തെ നടുക്കിയിരിക്കുന്നു.

ശനിയാഴ്ച പുലർച്ചെയുണ്ടായ പ്രകൃതിക്ഷോഭത്തില്‍ നിരവധി ജീവനുകള്‍ നഷ്ടമായി. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിലാണ് മുതലപ്പൊഴിയില്‍ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് തൊഴിലാളികളെ കാണാതായത്. പ്രളയകാലത്തിനു ശേഷം മഴ , ഭീതിയുടെയും ദുരന്തത്തിൻെറയും കാലമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഉരുളില്‍ തെളിയുന്ന ജലപാഠങ്ങള്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച്‌ തീവ്ര ന്യൂനമർദമായി കരകയറി മധ്യ ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നതാണ് ഇപ്പോഴത്തെ മഴയുടെ പ്രധാന പ്രഭവകേന്ദ്രം. ഈ ന്യൂനമർദത്തിന്റെ സ്വാധീനത്താല്‍ അറബിക്കടലില്‍ നിന്ന് കേരള തീരത്തേക്ക് ശക്തമായ പടിഞ്ഞാറൻ, വടക്കു-പടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ട്. ഇത് കേരളത്തില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്നു. തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പില്‍ ന്യൂനമർദ പാത്തി നിലനില്‍ക്കുന്നുണ്ട്. കാലവർഷത്തില്‍ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് സമുദ്രനിരപ്പില്‍ തീരത്തിന് സമാന്തരമായി രൂപപ്പെടുന്ന നീളമുള്ള ന്യൂനമർദ മേഖലയാണിത്...ഈർപ്പമുള്ള കാറ്റിനെ കേരള തീരത്തേക്ക് പിടിച്ചുനിർത്തി തുടർച്ചയായ മഴ നല്‍കുന്ന ഒരു അന്തരീക്ഷ ചാലകമായാണ് തീരദേശ ന്യൂനമർദ പാത്തി പ്രവർത്തിക്കുന്നത്. അതിന്റെകൂടെ ഫലമാണ് ഇപ്പോഴത്തെ അതിശക്തമായ മഴ.

പെരുമ്പാവൂരില്‍ അങ്കണവാടിക്ക് മുകളില്‍ മരം വീണു; വൻ ദുരന്തം ഒഴിവായത് നിമിഷങ്ങളുടെ വ്യത്യാസത്തില്‍

ചുരുങ്ങിയ സമയത്ത് തീവ്ര മഴപ്പെയ്ത്ത്

കുറഞ്ഞ സമയത്തില്‍ അതിശക്തമായ മഴപ്പെയ്ത്തിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകുന്നത്. മണ്‍സൂണ്‍ മേഘങ്ങളുടെ ഘടന മാറിയതാണ് ഈ പ്രതിഭാസത്തിന് പ്രധാന കാരണം. പശ്ചിമതീരത്ത് തെക്കു കിഴക്കൻ അറബിക്കടലില്‍ കേരളത്തോട് ചേർന്നു കിടക്കുന്ന ഭാഗത്തുള്ള മേഘങ്ങളുടെ ഘടനയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. പണ്ട് കാലത്ത് അഞ്ചോ ആറോ കിലോമീറ്റർ ഉയരത്തിലുള്ള മേഘങ്ങള്‍ ഇപ്പോള്‍ പത്തു കിലോമീറ്റർ ഉയരത്തിലേക്കാണ് എത്തുന്നത്. ചില അവസരങ്ങളില്‍ പതിനാലും പതിനഞ്ചും കിലോമീറ്റർ ഉയരത്തിലേക്കും ഈ മേഘങ്ങള്‍ എത്താറുണ്ട്.

ആ സമയത്താണ് നമുക്ക് ലഘുമേഘ വിസ്‌ഫോടനവും മേഘ വിസ്‌ഫോടനവും ലഭിക്കുന്നത്. ഇപ്പോള്‍ ഏകദേശം പത്തു കിലോമീറ്റർ ഉയരത്തിലാണ് മേഘങ്ങളുള്ളത്. കൂമ്പാര മേഘങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഇത്തരത്തിലുള്ള മേഘങ്ങളാണ് മഴയുടെ തീവ്രത കൂട്ടുന്നത്. ചുരുങ്ങിയ സമയത്ത് തീവ്രമായ മഴ ലഭിക്കാനുള്ള കാരണവും ഇതാണ്. അങ്ങനെയാണ് പല പ്രദേശത്തും വെള്ളക്കെട്ടും മിന്നല്‍ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എല്ലാം ഉണ്ടാകുന്നത്. ഈ ഒരു പാറ്റേണാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴയുടെ രീതിയില്‍ കാണുന്നത്....മേഘങ്ങളുടെ ഘടന മാറുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരു വലിയ വില്ലൻ ഗസ്റ്റ് വിൻഡാണ്. മേഘത്തിന്റെ ഉള്ളില്‍ നിന്നും താഴേക്ക് പ്രവഹിക്കുന്ന തണുത്ത കാറ്റിന്റെ പ്രവാഹമാണത്. മണിക്കൂറില്‍ 70 കിലോമീറ്ററോ അതില്‍ കൂടുതലോ ആണ് ഈ കാറ്റിന്റെ വേഗത. അങ്ങനെ വരുമ്പോഴാണ് കേരളം മുഴുവൻ വ്യാപകമായി അഞ്ചു മുതല്‍ പത്തു മിനുറ്റ് വരെ നീണ്ടു നില്‍ക്കുന്ന ശക്തമായ കാറ്റ് വീശുന്നത്.

ഉരുള്‍ പൊട്ടലിനെ ഭയന്ന് ജനം

ഒരൊറ്റ കനത്ത മഴയില്‍ ചായ കുതിർത്ത ബണ്ണു പോലെയാകുന്നു നമ്മുടെ മലയോരങ്ങള്‍. ഏത് സമയവും പ്രതീക്ഷിക്കാവുന്ന ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍. കനത്ത മഴ പെയ്യുമ്പോള്‍ സംഭരിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ച്‌ മണ്ണിനടിയില്‍ മർദം വർധിക്കും. ഈ മർദത്തിന്റെ ഫലമായാണ് ഉരുളായി വെള്ളം പുറത്തേക്കു ശക്‌തിയില്‍ കുതിച്ചൊഴുകുക. പശ്ചിമഘട്ട മലനിരകളുടെ ഭൂപ്രകൃതിയും തീവ്രമായ മണ്‍സൂണ്‍ മഴയും അശാസ്ത്രീയമായ ഭൂവിനിയോഗവും കാരണം കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ പ്രധാന പ്രകൃതിദുരന്തമായി മാറിയിട്ടുണ്ട്. കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യത നേരിടുന്നതായി പഠനങ്ങള്‍ പുറത്ത് വന്നിരുന്നു.

മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുമായി ചേർന്ന് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസിന്റെ പഠനമായിരുന്നു അത്. ചരിവുള്ള പ്രദേശങ്ങളില്‍ റോഡ് നിർമാണത്തിനായി മാറ്റങ്ങള്‍ വരുത്തുന്നതും ഭൂമി ഉപയോഗിക്കുന്നതിലെ അശാസ്ത്രീയമായ രീതികളുമാണ് അപകട സാധ്യത വലിയതോതില്‍ വർധിപ്പിക്കുന്നത് എന്ന് പഠനത്തില്‍ കണ്ടെത്തി.

10 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന്റെ സാധ്യത കൂടുതലുള്ളത്. 2018 ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത 3.46 % വർധിപ്പിച്ചെന്നു റിപ്പോർട്ടില്‍ പറയുന്നു. ഏതാണ്ട് 31 ശതമാനം പ്രദേശങ്ങളും 600 മീറ്ററിന് മുകളിലുള്ള സംസ്ഥാനത്തെ ഹൈറേഞ്ച് മേഖല അതിരൂക്ഷമായ മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളില്‍ ഉള്‍പ്പെടുന്നു. ജനസാന്ദ്രതയുള്ള സ്ഥലങ്ങള്‍ക്കു പുറമേ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്കും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടിയിരുന്നു..

മാറിയ മണ്‍സൂണ്‍ സങ്കല്‍പം

കാലാവസ്ഥാ വ്യതിയാനത്തില്‍ ക്ലാസിക്കല്‍ മണ്‍സൂണ്‍ സങ്കല്‍പം തന്നെ മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് മുമ്പത്തെ മഴക്കാലമല്ല, ഇപ്പോള്‍ കാണുന്നത്. മണ്‍സൂണ്‍ കാലഗണന തന്നെ മാറി. ജൂണ്‍-ജൂലൈ മാസങ്ങളില്‍ 30 ശതമാനത്തിലേറെ മഴക്കുറവ് വന്നിട്ടുണ്ട്. എല്‍നിനോ പ്രവചനങ്ങളില്‍ മഴക്കുറവും വരള്‍ച്ചയും തന്നെയാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കാലാവസ്ഥ പ്രവചനങ്ങളെ നിഷ്പ്രഭമാക്കി വൻ മഴപ്പെയ്ത്തും ഇതിനെത്തുടർന്ന് വെള്ളക്കെട്ടും സർവസാധാരണമായി.

മഴ പെയ്ത് ലഭിക്കുന്ന വെള്ളം ഒഴുകി പോകാനുള്ള പാത ഇല്ലാത്തതാണ് ഇതിന് കാരണം. കൃഷിഭൂമി നികത്തപ്പെട്ടതും അശാസ്ത്രീയ വികസന പദ്ധതികളും നിർമാണങ്ങളും ഇതിന് കാരണമാകുന്നു...അതിലുപരി സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ അഭാവം പ്രകടമാണ്. മാറുന്ന ഈ കാലാവസ്ഥ ഏറ്റവും കൂടുതലായി ബാധിക്കുന്നത് വനങ്ങളെയും പരിസ്ഥിതിയെയും കൂടുതലായി ആശ്രയിക്കുന്ന കർഷകരെയും മത്സ്യത്തൊഴിലാളികളെയും ആണ്. മണ്‍സൂണിന്റെ സമയത്ത് തീര പ്രദേശത്ത് കടലാക്രമണം രൂക്ഷമാവുകയും ശക്തമായ കാറ്റ് കാരണം നല്ലരീതിയില്‍ കടലേറ്റം ഉണ്ടാവുകയും ഇത് തീരദേശത്ത് വലിയ നാശം വിതക്കുകയും ചെയ്യുന്നു. ഈ അവസരങ്ങളില്‍ കാറ്റോ മറ്റ് കാലാവസ്ഥാ മാറ്റങ്ങളോ ഇല്ലാതെ, അപ്രതീക്ഷിതമായി വലിയ തിരമാലകള്‍ ആഞ്ഞടിക്കാൻ സാധ്യത ഏറെയാണ്.

അതിനിർണായകമായ കോടതി വിധി

നമ്മുടെ നാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളിലൊന്നായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിന് കഴിഞ്ഞ ദിവസം രണ്ടുവയസ് തികഞ്ഞതേ ഉള്ളൂ...മുൻകൂർ പരിസ്ഥിതി അനുമതിയില്ലാതെ ആരംഭിച്ച പദ്ധതികള്‍ക്ക് പിന്നീട് അനുമതി നല്‍കി നിയമവിധേയമാക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2021ല്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയത് ഈ ഘട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകരുത്. ഈ റദ്ദാക്കല്‍ ഭാവിയിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ നിലവിലുള്ള ഒരു പദ്ധതിയെയും തടസപ്പെടുത്തുകയുമില്ല... അതോടൊപ്പം 2006ലെ പരിസ്ഥിതി അനുമതി വിജ്ഞാപനത്തെ ഭരണപരമായ ഉത്തരവിലൂടെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നും കോടതി വിധിച്ചിരുന്നു... ഇതൊരു ഔപചാരിക കടലാസ് നടപടി മാത്രമല്ലെന്നും പരിസ്ഥിതി നിയമത്തിന്റെ അടിസ്ഥാന ശിലയാണെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു.

അടിയന്തിര പ്രതികരണ പദ്ധതിയാണ് വേണ്ടത്

പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യാൻ പ്രാഥമികമായി വികേന്ദ്രീകൃതവും, സുശക്തമായതുമായ അടിയന്തിര പ്രതികരണ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനുള്ള ഏറ്റവും സുപ്രധാന നടപടികളിലൊന്നാണിത്. എന്നാല്‍ കേരളത്തില്‍ സംസ്ഥാന- ജില്ലാ തലങ്ങളില്‍ ഉരുള്‍പൊട്ടല്‍ അടിയന്തര പ്രതികരണ പദ്ധതികള്‍ ഉണ്ടായിരുന്നിട്ടും കമ്മ്യൂണിറ്റി തലത്തിലുള്ള ദുരന്ത പ്രതികരണ പദ്ധതി സജ്ജമായിട്ടില്ല.

പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിർമ്മിതികളും പ്രവർത്തനങ്ങളും തന്നിഷ്ടം പോലെ ആവർത്തിച്ചാല്‍ അതിന്റെ തിരിച്ചടി രൂക്ഷമായിരിക്കും എന്നത് നേരില്‍ അനുഭവമുള്ള നാടുകളില്‍ ഒന്നാണ് കേരളം... ഇക്കാര്യം വർഷങ്ങള്‍ക്ക് മുന്നെതന്നെ ഗാഡ്ഗില്‍ തൊട്ട് കസ്തൂരി രംഗൻ വരെയുള്ള പല വിദഗ്ധ സമിതികളും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. മലവെള്ളപാച്ചില്‍ സർവ്വവും കവർന്നെടുത്ത നിസഹായതയുടെ മുഖങ്ങള്‍ എന്നും നൊമ്പരമായി ഓരോ മലയാളികളുടെയും മനസ്സിലുണ്ട്. ജാഗ്രതയും മുൻകരുതലും എത്രത്തോളം ഫലപ്രാപ്തമാകും എന്നതിനെ ആശ്രയിച്ചാണ് മലയോരത്തും കുന്നുകളിലും താമസിക്കുന്ന ജീവനുകളുടെ സുരക്ഷിതത്വം.

കാലവർഷക്കെടുതി: ദുരിതാശ്വാസ പ്രവർത്തനത്തിന് ഒന്നിച്ചിറങ്ങാമെന്ന കുറിപ്പുമായി പിണറായി വിജയൻ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam