Dailyhunt
പൂട്ടിപ്പോയ അക്കൗണ്ട് തുറക്കുമോ? കേരളത്തില്‍ പ്രചാരണം ശക്തമാക്കി എൻഡിഎ

പൂട്ടിപ്പോയ അക്കൗണ്ട് തുറക്കുമോ? കേരളത്തില്‍ പ്രചാരണം ശക്തമാക്കി എൻഡിഎ

News Malayalam 3 weeks ago

2026 നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളം ഭരിക്കുന്നത് എല്‍ഡിഎഫോ യുഡിഎഫോ എന്നാണ് പ്രധാന ചർച്ച. പക്ഷെ അതോടൊപ്പം തന്നെ രാഷ്ട്രീയ കേരളം, ഒരുപക്ഷെ ഇന്ത്യയൊട്ടാകെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു കാര്യമാണ് എൻഡിഎ അക്കൗണ്ട് തുറക്കുമോ എന്നതും.

2016 ല്‍ നേമത്ത് ഒ രാജഗോപാലിലൂടെ നേടിയ സീറ്റ് 2021 ല്‍ നഷ്ടമായതോടെ നിരാശയിലായ ബിജെപി ക്യാമ്പ് ഇത്തവണ വാശിയോടെ ഉണർന്ന് പ്രവർത്തിക്കുകയാണ്.

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയിലൂടെ തൃശൂരില്‍ നേടിയ ചരിത്ര വിജയത്തിൻ്റെ ആത്മവിശ്വാസവും തദ്ദേശ തെരഞ്ഞെടുപ്പിലെ അട്ടിമറികളും വോട്ടുകണക്കുകളും അതിന് കരുത്ത് പകരുന്നതാണ്. 2021 ല്‍ ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയ എൻഡിഎയ്ക്ക് ഇത്തവണ സീറ്റ് ലഭിക്കുമോയെന്നാണ് അറിയേണ്ടത്. മഞ്ചേശ്വരം,കാസർഗോഡ്, പാലക്കാട്, മലമ്പുഴ, ചാത്തന്നൂർ,കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ് ഇത്തവണ ബിജെപി പ്രതീക്ഷ ഉയർത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലേയും തദ്ദേശ തെരഞ്ഞെടുപ്പിലേയും വോട്ടുകണക്കുകള്‍ നല്‍കുന്ന പ്രചോദനവും ബിജെപിയെ ഈ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ കൈവിട്ടുപോയ നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ.

പ്രതിപക്ഷ നേതാവിൻ്റെ ഉരുക്കുകോട്ട ; ഇത്തവണ 'കൈ' വിടുമോ പറവൂർ?

എല്ലാ മണ്ഡലങ്ങളേയും പേരിന് പരിഗണിച്ചെങ്കിലും വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് എൻഡിഎ-ബിജെപി ക്യാമ്പിന്റെ പ്രവർത്തനം ശക്തമാക്കിയിരിക്കുന്നത്. പാലക്കാട് ശോഭാ സുരേന്ദ്രനാണ് ജനവിധി തേടി ഇറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരൻ 3859 വോട്ടിന് പരാജയപ്പെട്ട മണ്ഡലം. അന്ന് 35 ശതമാനം വോട്ട് വിഹിതം നേടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. ആ സാഹചര്യവും, ശോഭാ സുരേന്ദ്രനെന്ന മുൻനിര വനിതാ നേതാവിന്റെ സ്വാധീനവും ഇത്തവണ വിജയത്തിലേക്ക് അടുപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ. കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും പാലക്കാട്ടെ പ്രതിസന്ധിയും സഹായകമാകുമെന്നാണ് പ്രതീക്ഷ.സാക്ഷാല്‍ മോദിയെ തന്നെ പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തിച്ചതും ആ പ്രതീക്ഷയിലാണ്.

ബിജെപിക്ക് ആദ്യ എംപിയെ സമ്മാനിച്ച തൃശൂരില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളിലൊരാളായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജയെയാണ് എൻഡിഎ സ്ഥാനാർഥിയാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻഡിയയ്ക്ക് ലഭിച്ച പിന്തുണയും കോണ്‍ഗ്രസിലെ അസംതൃപ്തരുടെ വോട്ടുകളും കൂടിച്ചേർന്നാല്‍ പത്മജയിലൂടെ മണ്ഡലം പിടിക്കാം എന്ന പദ്ധതിയാണ് ഇത്തവണ എൻഡിഎ പരീക്ഷിക്കുക. മൂന്നു മുന്നണികകള്‍ക്കും വ്യക്തമായ സ്വാധീനമുള്ള നേമം കേരളത്തില്‍ ബിജെപി ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലമാണ്. 2016 ല്‍ ഒ. രാജഗോപാലിലൂടെ എൻഡിഎയെ നിയമസഭ കാണിച്ച മണ്ഡലം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെയാണ് അങ്കം കുറിക്കാൻ കച്ചകെട്ടി ഇറങ്ങുന്നത്.

രാജാഗോപാലിന് കിട്ടിയ സ്വീകാര്യത ഇത്തവണയും നേമം ബിജെപിക്ക് നല്‍കിയാല്‍. മണ്ഡലത്തിലെ വോട്ടുകള്‍ ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞാല്‍ 2016 ആവർത്തിച്ചേക്കാം. എല്‍ഡിഎഫിനുവേണ്ടി വി ശിവൻകുട്ടി തന്നെയാണ് പോരാട്ടത്തിനിറങ്ങുന്നത്. യുഎഡിഎഫിനുവേണ്ടി കെഎസ് ശബരീനാഥും. എല്‍ഡിഎഫ് വോട്ടുകള്‍ക്ക് പുറമേ മന്ത്രിയപ്പൂപ്പൻ എന്ന പുതിയ പരിവേഷവും ഇത്തവ ശിവൻകുട്ടിക്ക് നേമത്ത് ഗുണം ചെയ്തേക്കാം. ജനകീയതയും, കോണ്‍ഗ്രസിന്റെ യുവനിരയിലെ സൗമ്യമുഖവും. ജി. കാർത്തികേയനെന്ന അതികായനായ കോണ്‍ഗ്രസ് നേതാവിന്റെ മകനെന്നതും ശബരിനാഥനെ തുണച്ചേക്കാം എന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടു തന്നെ നേമം ഇത്തവണ ശക്തമായ പോരാട്ടത്തിനാകും സാക്ഷിയാകുക.

മഞ്ചേശ്വരത്താകട്ടെ ഏറെ പരിചിതനാണ് ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ. 20216 ലെ തെരഞ്ഞെടുപ്പില്‍ ചുണ്ടിനും കപ്പിനുമിടയില്‍ എന്ന വണ്ണം കെ സുരേന്ദ്രന് നഷ്ടമായ മണ്ഡലം.ഇത്തവണ തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് പാർട്ടി. കെ. സുന്ദര എന്ന അപരൻ 467 വോട്ടുകള്‍ നേടിയ മണ്ഡലത്തില്‍ അന്ന് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രൻ പരാജയം അറിഞ്ഞത്. പിന്നീട് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച്‌ കോടതിവരെ കയറിയെങ്കിലും ആ പരാജയം മാറിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മത്സരിച്ച്‌ തോല്‍വി അറിഞ്ഞെങ്കിലും പിന്മാറിയില്ല. ഇത്തവണ മഞ്ചേശ്വരത്ത് സുരേന്ദ്രന് അഭിമാനപ്പോരാട്ടമാണ്.

കാസർഗോഡും മഞ്ചേശ്വരവും പടിപടിയായി ബിജെപി ഉയർന്നുവരുന്ന മണ്ഡലങ്ങളാണ്. ജനങ്ങള്‍ക്കിടയില്‍ സുപരിചിതയായ എം. എല്‍. അശ്വിനിയെയാണ് എൻഡിഎ കാസർഗോഡ് പരീക്ഷിക്കുന്നത്. മണ്ഡലത്തിലെ അവരുടെ ജനപ്രീതി ഒരുപക്ഷെ വിജയമായി മാറുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. വി. മുരളീധരൻ കഴക്കൂട്ടത്ത് പോരിനിറങ്ങുമ്പോള്‍ കടകം പള്ളിയെ വീഴ്ത്തി കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഒന്നാക്കാനുള്ള സാധ്യതയാണ് ബിജെപി ഉയർത്തിപ്പിടിക്കുന്നത്. വട്ടിയൂർക്കാവില്‍ ആർ. ശ്രീലേഖയാണ് അങ്കത്തിനിറങ്ങുന്നത്. കെ. മുരളീധരന്റെ തിരിച്ച്‌ വരവും. വി.കെ. പ്രശാന്തിന്റെ ജനകീയതയും മറികടന്ന് ശ്രീലേഖ വിജയം നേടുമോ എന്ന് കണ്ടറിയണം.

പത്തനംതിട്ടയിലെ ആറന്മുളയില്‍ എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ വീണ ജോർജും യുഡിഎഫിനായി അബിൻ വർക്കിയും നേർക്ക് നേർ വരുമ്പോള്‍ വെല്ലുവിളിയാകുന്നത് ബിജെപിക്കായി പ്രമുഖ നേതാവ് കുമ്മനം രാജശേഖരൻ ഇറങ്ങുന്നു എന്നതാണ്. വിജയസാധ്യതയേക്കാള്‍ ബിജെപിക്ക് എത്രത്തോളം വോട്ടുകള്‍ സമാഹരിക്കാനാകും എന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക. നേമത്ത് രാജീവ് ചന്ദ്രശേഖറും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും, പാലക്കാട് ശോഭാ സുരേന്ദ്രനും മത്സരിക്കുന്നതിന് ഒപ്പമാണ് വിജയസാധ്യതയുള്ളവരുടെ പട്ടികയിലേക്ക് കുമ്മനം രാജശേഖരനും എത്തുന്നത്. നേരത്തെ കൊടുങ്ങല്ലൂർ സീറ്റ് ലഭിക്കാത്തതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിലാണ് ഭാഗ്യം പരീക്ഷിക്കുന്നത്. മേജർ രവി ഒറ്റപ്പാലത്ത് സ്ഥാനാർഥിയാകും. യുവാക്കളെ ആകർഷിക്കാൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷണൻ, വിവേക് ഗോപൻ പോലുള്ളവരെയും ബിജെപി കളത്തിലിറക്കിയിട്ടുണ്ട്.

ഇവിടെ നിന്നും മന്ത്രിമാരായത് ഏഴുപേർ; കാലാവധി പൂർത്തിയാക്കിയത് ഒറ്റയൊരാള്‍

മറ്റു പാർട്ടികളില്‍ നിന്നും ബിജെപിയിലേക്ക് എത്തിയവർക്കും പുതിയ പട്ടികയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. നാട്ടികയില്‍ സിപിഐ വിട്ടിറങ്ങിയ സിസി മുകുന്ദൻ എൻഡിഎ സ്ഥാനാർഥിയാകും. പറവൂരില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന വത്സല പ്രസന്ന കുമാറിനെയാണ് എൻഡിഎ പോരിനിറക്കുന്നത്. ബിഡിജെഎസിനൊപ്പം ഇത്തവണ ട്വൻ്റി 20 യും എൻഡിഎയുടെ ഭാഗമാണ്. 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ഇരവിപുരത്ത് ആര്‍എസ്‍പിയില്‍ നിന്ന് വന്ന സജി ഡ‍ി ആനന്ദ്. കുട്ടനാട്ടില്‍ സന്തോഷ് ശാന്തിയും, കായംകുളത്ത് തമ്പി മേട്ടുതറയും, അരൂരില്‍ പി. എസ്. ജ്യോതിസും, കോട്ടയത് പി അനില്‍കുമാർ ഉള്‍പ്പെടെ സ്ഥാനാർഥികളാണ്. അധ്യക്ഷനായ തുഷാർ വെള്ളാപ്പള്ളി മത്സരിത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇത്തവണ ബിഡിജെഎസിന് അത്ര ആവേശം ഇല്ലെന്നാണ് വിലയിരുത്തല്‍.

നടി അഞ്ജലി നായർ, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും വ്യവസായിയുമായ പ്രോമി കുര്യാക്കോസ്,ജെന്‍സീ തലമുറയുടെ പ്രതിനിധിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയുമായ 25 കാരി ആതിര ഡി. നായർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ബിഗ്ബോസ് താരം അഖില്‍ മാരാർ തുടങ്ങിയെ സെലിബ്രിറ്റികളെ രംഗത്തിറക്കിയാണ് ഇത്തവണ ട്വന്റി 20 യുടെ പോരാട്ടം.

എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളായെങ്കിലും ഇത്തവണത്തെ എൻഡിഎ സീറ്റ് ധാരണകള്‍ ഏറെ ചർച്ചയായിരുന്നു. പൂഞ്ഞാറും വൈക്കവും ബിഡിജെഎസ് ബിജെപിക്ക് നല്‍കി. പകരം കോട്ടയം കടുത്തുരുത്തി സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാർഥികള്‍ മത്സരിക്കുന്നു. ഉടുമ്പുംചോലയില്‍ മത്സരിക്കുന്ന സംഗീത വിശ്വനാഥ്‌ ആണ് ഏക വനിത സ്ഥാനാർഥി. കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ 32000ല്‍പ്പരം വോട്ട് നേടിയ കോന്നിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ശബരിമല ഉള്‍പ്പെടുന്ന റാന്നിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ഡീലിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. എൻഡിഎയില്‍ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച ഇവിടെ ഇത്തവണ ബിജെപി മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അപ്രതീക്ഷിത ട്വിസ്റ്റ് വന്നപ്പോള്‍ സീറ്റ് ട്വന്റി 20 ക്കാണ്. ചെറുകിട വ്യവസായിയായ തോമസ് കെ. സാമുവലാണ് എൻഡിഎ സ്ഥാനാർഥി. ഡീല്‍ ആരോപണം വിവാദമായതോടെ ഈ മണ്ഡലങ്ങളിലേക്കും ജനശ്രദ്ധ ഏറുകയാണ്.

"അപ്പയെ പോലെ ആവുകയാണ് എൻ്റെ ആഗ്രഹം"; വികസനവും തെരഞ്ഞെടുപ്പ് കാഴ്ചപ്പാടുകളും വ്യക്തമാക്കി ചാണ്ടി ഉമ്മൻ

സംസ്ഥാനത്ത് മൊത്തം 97 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക. ബിഡിജെഎസും , ട്വന്റി 20 യും ഉള്‍പ്പെടെ പ്രചാരണത്തില്‍ ശക്തമായ മേല്‍ക്കൈ പലയിടങ്ങളിലും കൊണ്ടുവരുന്നുണ്ടെങ്കിലും എൻഡിഎയ്ക്ക് ഏറെ പ്രതീക്ഷ പാലക്കാടും നേമവും തന്നെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സംഭവിച്ച അതേ വിസ്മയം ആവർത്തിച്ച്‌ ഏതു വിധേയനും ഇത്തവണ കേരളത്തില്‍ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കും എന്ന ആത്മവിശ്വാസമാണ് എൻഡിഎ ക്യാമ്പ് പങ്കുവയ്ക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam