ഫുട്ബോള്‍ ലോകകപ്പിനെ ചരിത്രവേദിയാക്കുന്നത് ഒരു ടീമിന്റെ കീരിടനേട്ടം മാത്രമല്ല. പന്ത് ഉരുണ്ടുതുടങ്ങി ലോകകിരീടം സമ്മാനിക്കുന്നതുവരെ വന്നുപോകുന്ന ചില അസുലഭ നിമിഷങ്ങളും ചേരുന്നതാണ് അതിന്റെ സൗന്ദര്യം.
അവിടെ ചില പ്രതീക്ഷകളും, വിശ്വാസങ്ങളുമൊക്കെ പിറവിയെടുക്കും. തോറ്റിറങ്ങുന്നൊരു ടീം പോരാട്ടത്തിന്റെ പുതിയ കഥകള്‍ പഠിപ്പിക്കും. ഒരുപാട് ആളുകളെ അത് പ്രചോദിപ്പിക്കും, ലോകകപ്പ് പോലുള്ള വിശ്വവേദികള്‍ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കും. കാബോ വെര്‍ദെ എന്ന കൊച്ചു രാജ്യം അത്തരമാരു കഥയാണ് പറയുന്നത്.
പശ്ചിമ ആഫ്രിക്കയില്‍ നിന്നാണ് കാബോ വെര്‍ദെ ആദ്യമായി കാല്‍പ്പന്തിന്റെ വിശ്വപോരിനെത്തിയത്. അഞ്ചര ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഒരു ദ്വീപുരാജ്യം ലോകകപ്പിനെത്തുമ്പോള്‍, അവരിലാര്‍ക്കും വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ കാബോ വെർദെയുടെ പേര് ഉണ്ടായിരുന്നെങ്കിലും, അതിന് ലഭിച്ച പിന്തുണ വെറും ഒരു ശതമാനം മാത്രമായിരുന്നു. ലോക ഭൂപടത്തില്‍ ചെറിയ പൊട്ടുകള്‍ പോലെ മാത്രമുള്ളൊരു രാജ്യത്തില്‍നിന്ന് അതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാവും?
പക്ഷേ, ഫുട്ബോള്‍ എപ്പോഴും കണക്കുകൂട്ടലുകളെ പരിഹസിക്കുന്ന കളിയാണ്. നിശ്ചയിക്കപ്പെട്ട 90 മിനുറ്റും കഴിഞ്ഞ് ആ കളി നീളാം. അധിക സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും, ആര്‍ക്കുവേണമെങ്കിലും ഗോള്‍വല കുലുക്കാം. ഗ്രൂപ്പ് എച്ചില്‍ കാബോ വര്‍ദെ അത് നമ്മെ പഠിപ്പിച്ചു. സ്പെയിന്‍, ഉറുഗ്വെ, സൗദ്യ അറേബ്യ എന്നിങ്ങനെ എതിരാളികളെ സമനിലയില്‍ തളച്ചു. പോയിന്റ് നിലയില്‍ സ്പെയിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി അവര്‍ റൗണ്ട് ഓഫ് 32വിലെത്തി. തോല്‍വി അറിയാതെയുള്ള മുന്നേറ്റം. അവിടെ അവരെ കാത്തിരുന്നത് ലയണല്‍ മെസിയുടെ, ലോക ചാമ്പ്യൻമാരായ അർജന്റീന ആയിരുന്നു. പല ടീമുകളുടെയും ആത്മവിശ്വാസം തകർക്കാൻ പോന്ന പേരുകള്‍. എന്നാല്‍ കാബോ വെർദെയെ അത് ഭയപ്പെടുത്തിയില്ല. അവര്‍ക്ക് അവരില്‍ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു.
ലോകകപ്പില്‍ 90 മിനുറ്റിനുള്ളില്‍ കാബോ വെർദെയെ കീഴടക്കാൻ അതുവരെ ആർക്കും കഴിഞ്ഞിരുന്നില്ല. മെസിയുടെ അർജന്റീനയ്ക്കും അതിന് സാധിച്ചില്ല. ഒടുവില്‍ മത്സരം സ്വന്തമാക്കാൻ ലോകചാമ്പ്യൻമാർക്ക് അധികസമയത്തിന്റെ സഹായം തേടേണ്ടിവന്നു. മെസിയുടെ മാന്ത്രിക നീക്കങ്ങളും, ഗോള്‍വലയുടെ കാവലാള്‍ എമിലിയാനോ മാർട്ടിനെസിന്റെ രക്ഷാപ്രവർത്തനങ്ങളും പോരാതെ വന്നു. മറുവശത്ത് വൊസീഞ്ഞ എന്നൊരു നാല്‍പ്പതുകാരന്‍ സകല ആക്രമണങ്ങളുടെയും മുനയൊടിച്ചു. ഒപ്പത്തിനൊപ്പം തിരിച്ചടിച്ച് ലോകചാമ്പ്യന്മാരെ വട്ടം കറക്കി. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍, സ്കോർബോർഡില്‍ ജേതാക്കള്‍ അർജന്റീനയായിരുന്നു. പക്ഷേ, ആ മത്സരത്തിന്റെ കഥ മറ്റൊന്നായിരുന്നു, അത് എഴുതിയത് കാബോ വെര്‍ദെയും.
"ചെറുരാജ്യങ്ങള്‍ക്കും സ്വപ്നം കാണാമെന്ന് തെളിയിക്കുന്നതാണ് ഞങ്ങളുടെ നേട്ടം. ഹൃദയം വിശാലമാണെങ്കില്‍, അസാധ്യമെന്നൊന്നില്ല. ഇന്ന് ഞങ്ങള്‍ കാട്ടിക്കൊടുത്തത് അടുത്ത ലോകകപ്പില്‍ ഇവിടെ എത്താൻ സ്വപ്നം കാണുന്ന കാബോ വെർദെയിലെ കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." മത്സരശേഷം പ്രതിരോധനിര താരം പിക്കോ ലോപ്സ് പറഞ്ഞ വാക്കുകള്‍ വെറും പ്രതികരണമായിരുന്നില്ല, ആത്മവിശ്വാസത്തോടെയുള്ള പ്രഖ്യാപനമായിരുന്നു.
ലോകകപ്പ് വേദിക്ക് കാബോ വെർദെയെ സംബന്ധിച്ച് കിരീടത്തേക്കാള്‍ വലിയൊരു അർഥമുണ്ട്. തലമുറകളായി നെഞ്ചിലേറ്റിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു അവര്‍ക്കത്. "ഞങ്ങള്‍ യോഗ്യത നേടിയ നിമിഷം, അത് ടീമിന്റെ മാത്രം നേട്ടമായിരുന്നില്ല. കാബോ വെർദെയിലെ ഓരോ മനുഷ്യരുടെയും സ്വപ്നം യാഥാർഥ്യമായ നിമിഷമായിരുന്നു. അടുത്ത റൗണ്ടിലെത്താൻ കഴിഞ്ഞില്ലെന്ന നിരാശയുണ്ട്. എന്നാല്‍ ലോകചാമ്പ്യൻമാരെ നേരിട്ട ശേഷം ഞങ്ങള്‍ തല ഉയർത്തിപ്പിടിച്ചാണ് മടങ്ങുന്നത്. ഈ ടീമിനെക്കുറിച്ചും, ഈ രാജ്യത്തെക്കുറിച്ചും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്." വൊസീഞ്ഞയുടെ വാക്കുകളിലും തോല്‍വിയുടെ വേദന മാറിനിന്നു.
വിറച്ചു, വിയര്‍ത്തു, ഒടുവില്‍ ജയിച്ച് അര്‍ജന്റീന; വിറപ്പിച്ച് കേപ് വെര്‍ദെ"ലോകകപ്പിലെത്തിയപ്പോള്‍ ഞങ്ങള്‍ ആരാണെന്ന് ലോകത്തെ കാണിക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ ഒരു കാര്യം ഉറപ്പാണ്; ഇനിയാരും 'കാബോ വെർദെ എവിടെയാണ്?' എന്ന് ചോദിക്കില്ല. ഭൂപടത്തില്‍ ഞങ്ങള്‍ എവിടെയാണെന്നും, ഒരു ഫുട്ബോള്‍ ടീം എന്ന നിലയില്‍ ഞങ്ങള്‍ ആരാണെന്നും ലോകത്തിനറിയാം. ഞങ്ങളുടെ കുട്ടികള്‍ക്ക് ഫുട്ബോള്‍ സ്വപ്നം കാണാനുള്ള വഴി ഞങ്ങള്‍ തുറന്നുകൊടുത്തുവെന്ന് വിശ്വസിക്കുന്നു." ലോപ്സ് പറഞ്ഞ വാക്കുകളില്‍ ഒരു കൊച്ചു ദ്വീപുരാജ്യത്തിന്റെ വരവിന്റെ ഉദ്ദേശ്യം വ്യക്തം.
ലോകകപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന വിശേഷണത്തോടെയാണ് കാബോ വെര്‍ദെ യുഎസിലെത്തിയത്. എന്നാല്‍ കന്നി ലോകകപ്പിലെ പോരാട്ടം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ അവര്‍ കാല്‍പ്പന്തുപ്രേമികളുടെ ഹൃദയം കവര്‍ന്നു. അവരുടെ സമനില നേട്ടം പോലും ഗാലറിക്ക് ആഘോഷമായിരുന്നു. ഗോള്‍വലയ്ക്കുമുന്നില്‍ വൊസീഞ്ഞ അത്ഭുതങ്ങള്‍ കാട്ടിയപ്പോള്‍, കെവിന്‍ പിന രാജ്യത്തിന്റെ ആദ്യ ലോകകപ്പ് ഗോള്‍ നേടിയപ്പോള്‍, ഹീലിയോ വരേലയും സിഡ്‍നി ലോപെസ് കബ്രാലും, ഡെറോയ് ഡുവാര്‍ട്ടെയും എതിരാളികളുടെ ഗോള്‍വല കുലുക്കിയപ്പോള്‍ അത് ഇരട്ടിയിരട്ടിയായി പ്രതിഫലിച്ചു. ബ്ലൂ ഷാര്‍ക്കുകളുടെ മിന്നലാട്ടങ്ങളില്‍ ലോകവും ശ്രദ്ധവെച്ചു.
പക്ഷം പിടിച്ചും, അന്ധമായി ആരാധിച്ചും ആരവം സൃഷ്ടിക്കുന്നവരല്ല, ശരിക്കുമുള്ള കാല്‍പ്പന്തു പ്രേമികളായിരുന്നു കാബോ വര്‍ദെയ്ക്കായി കൈയടിച്ചത്. വെറും ഒരു ശതമാനത്തിന്റെ സാധ്യതയില്‍നിന്ന്, ഫൈനല്‍ വിസില്‍ കേള്‍ക്കും വരെ അര്‍ജന്റീനയുടെ ജയം ഉറപ്പിക്കാറായിട്ടില്ലെന്ന് തോന്നിപ്പിക്കാന്‍ കഴിയുന്നിടത്തേക്കാണ് ആ കാല്‍പ്പന്ത് വിശ്വമനോഹരമായത്. മത്സരശേഷം, കണ്ണീരോടെ പരസ്പരം ആശ്ലേഷിച്ച താരങ്ങള്‍ തോറ്റ ടീമിന്റെ ചിത്രമായിരുന്നില്ല, ചരിത്രം എഴുതിയ ഒരു തലമുറയുടെ മുഖങ്ങളായിരുന്നു അവര്‍. അത് അങ്ങനെയാണ്. ചിലപ്പോള്‍ ജേതാക്കളായിരിക്കില്ല, തോറ്റിറങ്ങുന്ന ചിലരാകും ലോകത്തിനു മുഴുവൻ ഓർത്തുവയ്ക്കാനാകുന്ന പോരാട്ടത്തിന്റെ കഥകള്‍ പറഞ്ഞുതരുന്നത്. ലോകകപ്പില്‍ അത് കാബോ വെര്‍ദെയാണ്.

