Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎസിന് മുമ്പാകെ പുതിയ നിര്‍ദേശങ്ങള്‍ വച്ച്‌ ഇറാൻ; തൃപ്തനാകാതെ ട്രംപ്

യുഎസിന് മുമ്പാകെ പുതിയ നിര്‍ദേശങ്ങള്‍ വച്ച്‌ ഇറാൻ; തൃപ്തനാകാതെ ട്രംപ്

News Malayalam 0 months ago

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസുമായി തുടരുന്ന സമാധാന നീക്കങ്ങളുടെ ഭാഗമായി പുതിയ നിർദേശങ്ങള്‍ മുന്നോട്ടു വച്ച്‌ ഇറാൻ.

വ്യാഴാഴ്ച രാത്രിയോടെയാണ് ഈ സമാധാന നിർദേശങ്ങള്‍ മധ്യസ്ഥരായ പാകിസ്ഥാന് മുന്നില്‍ ഇറാൻ വച്ചതെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഈ നിർദേശങ്ങളില്‍ യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് തൃപ്തനല്ലെന്നും റിപ്പോർട്ടുണ്ട്.

"ഇപ്പോള്‍ ചർച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ അവ ഉദ്ദേശ്യലക്ഷ്യത്തില്‍ എത്തുന്നില്ല. ഒന്നുകില്‍ ഞങ്ങള്‍ അവരെ കത്തിച്ചു തീർക്കും, അല്ലെങ്കില്‍ ഒരു ഉടമ്പടിയിലെത്തും. അവരുടെ നിബന്ധനകള്‍ എനിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല," ട്രംപ് പറഞ്ഞു. എന്നാല്‍ ഇറാൻ്റെ ആവശ്യങ്ങളെ കുറിച്ച്‌ വിശദീകരിക്കാൻ ട്രംപ് തയ്യാറായില്ല.

പാകിസ്ഥാനില്‍ ഇന്ധനവില കുതിക്കുന്നു; എണ്ണശേഖരം 20 ദിവസത്തിനുള്ളില്‍ തീരുമെന്ന് പാക് മന്ത്രി

അതേസമയം, പാകിസ്ഥാൻ്റെ മധ്യസ്ഥതയില്‍ സമാധാന നീക്കങ്ങള്‍ തുടരുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. യുഎസ്-ഇറാൻ ചർച്ചകള്‍ക്ക് വേഗം കുറഞ്ഞതോടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സന്ദേശങ്ങള്‍ കൈമാറുകയാണ് പാകിസ്ഥാൻ്റെ ദൗത്യം. ഊർജസ്വലമായ നയതന്ത്ര നീക്കങ്ങളാണ് ഇക്കാര്യത്തില്‍ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഒരു സമാധാന കരാർ സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാകിസ്ഥാനുള്ളത്. എന്നാല്‍ വിട്ടുവീഴ്ചയല്ല, വിജയമാണ് യുഎസ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന.

പശ്ചിമേഷ്യയിലെ സമാധാനം മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പും, ലോകത്തിലെ ദശലക്ഷക്കണക്കിന് ദരിദ്രരുടെ ഉപജീവനമാർഗവും അപകടത്തിലാണെന്ന് പാകിസ്ഥാൻ പറയുന്നു. യുദ്ധം കാരണം പ്രതിമാസ ഊർജ ഇറക്കുമതി ബില്‍ ഏകദേശം മൂന്നിരട്ടിയായി വർധിച്ചെന്നും പാകിസ്ഥാൻ ചൂണ്ടിക്കാട്ടി.

പാക്-യുഎസ് ബന്ധത്തില്‍ വിള്ളല്‍? ഇറാനിലേക്കുള്ള 6 കരമാർഗങ്ങള്‍ തുറന്ന് നല്‍കി പാകിസ്ഥാൻ

ഇറാൻ ഭരണകൂടത്തിനുള്ളില്‍ തന്നെ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞ് കടുത്ത അഭിപ്രായവ്യത്യാസം നിലനില്‍പ്പുണ്ടെന്നും, നേതൃത്വത്തിന് കൃത്യമായ ഒരു തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ട്രംപ് പരിഹസിച്ചു. ബോംബാക്രമണം പുനരാരംഭിക്കാൻ തനിക്ക് വ്യക്തിപരമായി താല്‍പ്പര്യമില്ലെങ്കിലും, യുഎസ് സെൻട്രല്‍ കമാൻഡില്‍ നിന്ന് സൈനിക നീക്കങ്ങള്‍ക്കുള്ള പുതിയ പ്ലാനുകള്‍ താൻ സ്വീകരിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി.

അതേസമയം, യുദ്ധം തുടരുന്നതിന് കോണ്‍ഗ്രസിന്‍റെ അനുമതി തേടില്ലെന്ന സൂചനയും ട്രംപ് നല്‍കി. യുദ്ധം തുടങ്ങി 60 ദിവസത്തിനകം പാർലമെന്‍റിന്‍റെ അനുമതി വാങ്ങണമെന്ന 1973ലെ 'വാർ പവേഴ്‌സ് റെസല്യൂഷൻ' ഭരണഘടനാ വിരുദ്ധമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. മാർച്ച്‌ രണ്ടിനാണ് യുദ്ധം തുടങ്ങിയതായി ട്രംപ് കോണ്‍ഗ്രസിനെ അറിയിച്ചത്. ഇതനുസരിച്ച്‌ നിയമപരമായ 60 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനോട് അനുവാദം ചോദിക്കാൻ താൻ ബാധ്യസ്ഥനല്ലെന്ന നിലപാടിലാണ് ട്രംപ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam