Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അബോര്‍ഷൻ ഗുളികയായ മിഫെപ്രിസ്റ്റോണ്‍ വിതരണത്തിന് യുഎസില്‍ രാജ്യവ്യാപക വിലക്ക്

അബോര്‍ഷൻ ഗുളികയായ മിഫെപ്രിസ്റ്റോണ്‍ വിതരണത്തിന് യുഎസില്‍ രാജ്യവ്യാപക വിലക്ക്

NRI Reporter 2 weeks ago

ന്യൂ ഓർലിയൻസ്: അമേരിക്കയില്‍ ഗർഭച്ഛിദ്രത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോണ്‍ എന്ന ഗുളിക ടെലിഹെല്‍ത്ത് വഴിയും തപാല്‍ വഴിയും വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് അപ്പീല്‍ കോടതി ഉത്തരവിട്ടു.

ലൂസിയാനയിലെ അഞ്ചാം സർക്യൂട്ട് അപ്പീല്‍ കോടതിയുടേതാണ് ഈ നിർണ്ണായക വിധി. ഇതോടെ ഫാർമസികള്‍ വഴിയുള്ള നേരിട്ടുള്ള വിതരണത്തിനും താല്‍ക്കാലിക തടസ്സമുണ്ടാകും.

ബൈഡൻ ഭരണകൂടം 2023-ല്‍ ഏർപ്പെടുത്തിയ ഇളവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്ടറെ നേരിട്ട് കാണാതെ തന്നെ ഓണ്‍ലൈൻ കണ്‍സള്‍ട്ടേഷൻ വഴി മരുന്ന് ലഭ്യമാക്കാൻ ബൈഡൻ ഭരണകൂടം അനുമതി നല്‍കിയിരുന്നു. എന്നാല്‍, നിലവിലെ സ്റ്റേ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ പഴയ കർശന നിയന്ത്രണങ്ങള്‍ വീണ്ടും നിലവില്‍ വരും.

ലൂസിയാന അറ്റോർണി ജനറല്‍ ലിസ് മുറില്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് ഫയല്‍ ചെയ്തത്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് കോടതി തീരുമാനമെന്ന് ഇവർ പ്രതികരിച്ചു. വിധി വന്നതോടെ വിഷയം വീണ്ടും യുഎസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തും. നേരത്തെ 2024-ല്‍ സമാനമായ ഒരു കേസ് സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.

മിഫെപ്രിസ്റ്റോണ്‍ സുരക്ഷിതമായ മരുന്നാണെന്നും ഇത്തരം നിയന്ത്രണങ്ങള്‍ ഗർഭച്ഛിദ്രം കൂടുതല്‍ ചെലവേറിയതും പ്രയാസകരവുമാക്കുമെന്നും റീപ്രൊഡക്റ്റീവ് റൈറ്റ്‌സ് സംഘടനകള്‍ ആരോപിക്കുന്നു. അബോർഷൻ വിരുദ്ധ സംഘടനകള്‍ ഈ വിധിയെ വലിയ വിജയമായി കാണുമ്പോള്‍, ആരോഗ്യ രംഗത്തുള്ളവർ ഇതിനെ രോഗികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായിട്ടാണ് വിലയിരുത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter