സന: ചെങ്കടലില്‍ അമേരിക്കൻ കപ്പലുകളെ ആക്രമിക്കില്ലെന്നും എന്നാല്‍ സൗദി അറേബ്യക്കെതിരായ സൈനിക നടപടികള്‍ തുടരുമെന്നും ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ.
ഹൂതി പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ മുഹമ്മദ് അല്‍-ബുഖൈതി അസോസിയേറ്റഡ് പ്രസ്സിന് (എ.പി.) നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക- ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ പ്രതികരണത്തിനായി ഇറാൻ കാത്തിരിക്കുമ്പോഴാണ് ഹൂതികളുടെ ഈ പ്രസ്താവന.
സൗദിയെ അല്ലാതെ അമേരിക്കയെയോ മറ്റ് രാജ്യങ്ങളെയോ ആക്രമിക്കില്ലെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും നിലവിലുള്ള സ്ഥിതിയും ഇതുതന്നെയാണെന്നും അല്‍-ബുഖൈതി അറിയിച്ചു. യെമന്റെ പടിഞ്ഞാറൻ തീരത്തുകൂടി തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദേബ് കടലിടുക്കിലേക്ക് ഹൂതികള്‍ നടത്തിയ മുന്നേറ്റത്തിന് പിന്നാലെ അമേരിക്ക ബന്ധപ്പെട്ടിരുന്നതായും യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ സൗദി അറേബ്യയോടൊപ്പം ചേരുന്നതില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നും കേവലം ഒരു ആഭ്യന്തര സംഘർഷം മാത്രമല്ല, ഒരു അന്താരാഷ്ട്ര പോരാട്ടവും നയിക്കാൻ തങ്ങള്‍ക്ക് ഇന്നു ശേഷിയുണ്ടെന്നും അല്‍-ബുഖൈതി പറഞ്ഞു.
മധ്യസ്ഥത വഹിക്കുന്ന ഒമാൻ വഴി പരോക്ഷമായ ചർച്ചകള്‍ മാത്രമാണ് നടന്നത്. ചെങ്കടലിനെയും ഏദൻ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന സമുദ്രപാതയായ ബാബ് അല്‍-മന്ദേബ് കടലിടുക്ക് ഉപരോധിക്കാൻ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഞങ്ങളുടെ സൈനിക നടപടികളുടെ ലക്ഷ്യം ബാബ് അല്‍-മന്ദേബ് കടലിടുക്ക് അടച്ചുപൂട്ടുക എന്നതല്ല, മറിച്ച് യെമൻ ഉള്‍പ്പെടെയുള്ള എല്ലാവർക്കും അതിലൂടെയുള്ള നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതാണെന്നും അല്‍-ബുഖൈതി കൂട്ടിച്ചേർത്തു.
അതേസമയം, ഹൂതികളുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും എന്നാല്‍ അമേരിക്കയോട് യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കിയതായും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപും സ്ഥിരീകരിച്ചിരുന്നു. യു.എസ്. പ്രതിനിധികളും ഹൂതി പ്രതിനിധികളും തമ്മില്‍ ഒമാനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായാണ് എ.പി. റിപ്പോർട്ട് ചെയ്തത്.
Houthis say they will not attack American ships in the Red Sea; attacks against Saudi Arabia will continue.

