അമേരിക്കയിലെ തൊഴില്‍ വിസാ നിയമങ്ങള്‍ കർശനമാക്കിയ നടപടി ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ.
അമേരിക്കൻ തൊഴിലാളികള്‍ക്കും ദേശീയ താല്‍പര്യങ്ങള്‍ക്കും മുൻഗണന നല്‍കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിച്ചേക്കാവുന്ന എച്ച്-1ബി വിസ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെയാണ് ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റൂബിയോയുടെ പ്രതികരണം.
പുതിയ നിയന്ത്രണങ്ങള്‍ അമേരിക്കയില്‍ ജോലി തേടുന്ന ഇന്ത്യക്കാരെയും അവരെ നിയമിക്കാൻ ശ്രമിക്കുന്ന യുഎസ് കമ്പനികളെയും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ളതോ ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതോ ആയ നടപടിയല്ല ഇത്. അമേരിക്കയില്‍ വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെയും അവരെ നിയമിക്കാൻ ശ്രമിക്കുന്ന കമ്പനികളെയും ഇത് ബാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ള നടപടിയല്ല ഇതെന്നും ആഗോളതലത്തില്‍ ബാധകമാണെന്നും റൂബിയോ പറഞ്ഞു.
വ്യാവസായിക മേഖല പുനർനിർമിക്കാൻ ശ്രമിക്കുന്ന അമേരിക്ക, ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ തുടർന്നും സ്വാഗതം ചെയ്യുമോയെന്ന ചോദ്യത്തിന്, കുടിയേറ്റ സംവിധാനത്തിലെ ദീർഘകാല പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. വിസാ തട്ടിപ്പുകളും ദുരുപയോഗങ്ങളും അമേരിക്കൻ തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ കുടിയേറ്റ സംവിധാനം തകരാറിലായിരുന്നു. തൊഴില്‍ ആവശ്യങ്ങള്‍ക്കായുള്ള ചില കുടിയേറ്റ പദ്ധതികളില്‍ വ്യാപകമായ തട്ടിപ്പും ദുരുപയോഗവും നടന്നിട്ടുണ്ട്. യുക്തിരഹിതമായ രീതികളിലും ഈ പദ്ധതികള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും പൗരന്മാർക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കുടിയേറ്റ സംവിധാനം പരിഷ്കരിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ ഇന്ത്യയെ മാത്രമല്ല, ലോകത്തെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നതാണെന്നും വ്യക്തമാക്കി.
പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലികളില്‍ വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ പദ്ധതി. ഈ വിസ ലഭിക്കുന്നവരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരായതിനാല്‍, നിയമങ്ങളിലെ മാറ്റങ്ങള്‍ ഇന്ത്യൻ ഐടി ജീവനക്കാരെയും മറ്റ് പ്രൊഫഷണലുകളെയും വിദേശ വിദഗ്ധരെ ആശ്രയിക്കുന്ന കമ്പനികളെയും കാര്യമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. അമേരിക്കൻ നയങ്ങളിലെ മാറ്റങ്ങള്‍ ആനുപാതികമായി കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങള്‍ക്ക് തങ്ങളെ ലക്ഷ്യമിടുകയാണെന്ന തോന്നലുണ്ടാകാമെന്ന് റൂബിയോ സമ്മതിച്ചു.
എന്നിരുന്നാലും, ഒരു പ്രത്യേക രാജ്യത്തിനെതിരായ നടപടിയല്ല ഇതെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്ത്യൻ സർക്കാർ എപ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ക്കും രാജ്യത്തിന്റെ ദേശീയ താല്‍പര്യങ്ങള്‍ക്കും മുൻഗണന നല്‍കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുപോലെ, പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയും സ്വന്തം ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും രാജ്യത്തിനും മുൻഗണന നല്‍കുമെന്ന് എല്ലാവരും മനസ്സിലാക്കണം. കുടിയേറ്റവും വ്യാപാരവും സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീർഘകാല ബന്ധത്തിലൂടെയും പൊതുതാല്‍പര്യങ്ങളിലൂടെയും പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
US visa curbs not aimed at India, Rubio says.

