ഷിക്കാഗോ: വരാനിരിക്കുന്ന കെ.സി.സി.എൻ.എ കണ്‍വെൻഷനിലെ ഘോഷയാത്രയില്‍ ഷിക്കാഗോ കെസിഎസിൻ്റെ അഭിമാനവും പാരമ്പര്യവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനായി കഴിവും നേതൃത്വമികവും തെളിയിച്ച ഒരു ശക്തമായ സംഘത്തെ തെരഞ്ഞെടുത്തു.
വിവിധ വിമൻസ് ഫോറം റീജിയണുകളില്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ അതീവ കാര്യക്ഷമതയോടെയും സംഘാടന മികവോടെയും വിജയകരമായി പൂർത്തിയാക്കിയ മാർഗരറ്റ് പാട്ടകണ്ടത്തില്‍, കൂടാതെ സെൻ്റ് ആൻ്റണീസ് കൂടാരയോഗത്തിൻ്റെ ക്രിസ്മസ് കരോള്‍ പരിപാടിയെ മികച്ച രീതിയില്‍ ഏകോപിപ്പിച്ച് സമൂഹത്തില്‍ ശ്രദ്ധേയനായ നവീൻ കണിയാപറമ്പില്‍ എന്നിവരാണ് ഈ വർഷത്തെ കെ.സി.സി.എൻ.എ കണ്‍വെൻഷനില്‍ കെ.സി.എസ്. ഷിക്കാഗോയുടെ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഇവരുടെ നേതൃത്വത്തിന് കൂടുതല്‍ കരുത്തേകുന്നതിനായി പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ മഞ്ജു കൊല്ലപ്പള്ളില്‍, ബിനി ചാലുങ്കല്‍, കൂടാതെ യുവജനങ്ങളുടെ പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുന്ന ടോണി പോങ്ങാന എന്നിവരും സംഘത്തോടൊപ്പം ചേരുന്നു. ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിക്കാഗോയുടെ ഘോഷയാത്ര ഈ വർഷം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസമാണ് സമൂഹാംഗങ്ങള്‍ പങ്കുവയ്ക്കുന്നത്.
പ്രോസഷൻ കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങളും പിന്തുണയും നല്‍കുകയും ചെയ്യുന്നതിനായി വിമൻസ് ഫോറം ഭാരവാഹികളായ ഷാനില്‍ വെട്ടിക്കാട്ട് (പ്രസിഡൻ്റ്), ജിനു നെടിയകാലായില്‍ (വെസ് പ്രസിഡൻ്റ്), മന്നൂ തിരുനെല്ലിപ്പറമ്പില്‍ (സെക്രട്ടറി), ജെയിൻ മുണ്ടപ്ലാക്കില്‍ (ജോ.സെക്രട്ടറി), ഡെന്നി തുരുത്തുവേലില്‍ (ട്രഷറർ) എന്നിവർ സജീവമായി പ്രവർത്തിച്ചുവരുന്നു.
കെ.സി.സി.എൻ.എ കണ്‍വെൻഷൻ ഘോഷയാത്രയില്‍ ഷിക്കാഗോ കെ.സി.എസ്. മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കട്ടെയെന്ന് ആശംസിച്ച്, കെ.സി.എസ്. പ്രസിഡൻ്റ് ജോസ് ആനമല പ്രോസഷൻ ടീമിനെ അഭിനന്ദിച്ചു. സമൂഹത്തിൻ്റെ ഐക്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഈ ഘോഷയാത്ര കണ്‍വെൻഷനിലെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായി മാറുമെന്ന പ്രതീക്ഷയിലാണ് ഷിക്കാഗോ കെ.സി.എസ്. കുടുംബം.
KCCNA Convention: Strong leadership team to lead KCS Chicago’s procession

