ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില അനിയന്ത്രിതമായി കുതിച്ചുയരുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
1977-ലെ പ്രശസ്തമായ ബോളിവുഡ് ഗാനത്തിലെ 'ക്യാ ഹുവാ തേരാ വാദ, വോ കസം വോ ഇരാദാ' (നിന്റെ ആ വാഗ്ദാനം എന്തായി? ആ സത്യവും പ്രതിജ്ഞയും എവിടെപ്പോയി?) എന്ന വരികള്‍ ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രധാനമന്ത്രിയുടെ മൗനത്തെ രൂക്ഷമായി ചോദ്യം ചെയ്തത്.
വിപണിയില്‍ സാധാരണക്കാർ ഉപയോഗിക്കുന്ന അത്യാവശ്യ സാധനങ്ങളുടെ വില ആകാശം മുട്ടുകയാണെന്നും ഇത് രാജ്യത്തെ മധ്യവർഗത്തിന്റെയും പാവപ്പെട്ടവരുടെയും കുടുംബ ബജറ്റുകളെ പൂർണ്ണമായി തകിടം മറിച്ചുവെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയിലുണ്ടായ അമ്പരപ്പിക്കുന്ന വിലവർദ്ധനവിന്റെ കൃത്യമായ കണക്കുകളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നര മാസത്തിനിടെ രാജ്യത്തെ ശരാശരി ഉള്ളി വിലയില്‍ 82.3 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ജൂണില്‍ കിലോയ്ക്ക് 29.50 രൂപയുണ്ടായിരുന്ന ഉള്ളിക്ക് ഇപ്പോള്‍ 53.78 രൂപയായി ഉയർന്നു. ഇതിനുപുറമേ നിത്യേന ഉപയോഗിക്കുന്ന സാധനങ്ങള്‍ക്കും വലിയ തോതില്‍ വില വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഉണക്ക ഏലക്ക കിലോയ്ക്ക് 4400 രൂപയായും ജീരകം 400 രൂപയായും ജാതിപത്രി 3000 രൂപയായും കുതിച്ചുയർന്നു. പരിപ്പുവർഗ്ഗങ്ങളുടെയും പാചക എണ്ണകളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. തുവരപ്പരിപ്പ് കിലോയ്ക്ക് 130 രൂപയായും കടലപ്പരിപ്പ് 100 രൂപയായും ഉയർന്നപ്പോള്‍ കടുക് എണ്ണ ലിറ്ററിന് 210 രൂപയിലേക്കും സഫോള ഓയില്‍ 280 രൂപയിലേക്കും എത്തിനില്‍ക്കുകയാണ്.
രാജ്യം ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും വിലക്കയറ്റത്തിലൂടെയും കടന്നുപോകുമ്പോഴും പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്ന് ജയറാം രമേശ് ആരോപിച്ചു. 2014-ലെ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നല്‍കിയ ‘അച്ഛേ ദിൻ’ (നല്ല നാളുകള്‍) എന്ന വാഗ്ദാനം എവിടെപ്പോയെന്നും അത് വെറും പ്രസംഗങ്ങളില്‍ മാത്രമാണോ ഒതുങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. സാധാരണക്കാർക്ക് പട്ടിണി കിടക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും പാവപ്പെട്ടവർക്ക് അടിയന്തരമായി ആശ്വാസം നല്‍കാൻ ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
‘Kya Hua Tera Wada?’: Congress launches scathing attack on Prime Minister over price rise.

