നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ഏഴുവയസ്സുകാരി മരിച്ചു. ജയ്പുർ സ്വദേശിനിയായ പിഹു കുമാവത്താണ് മരിച്ചത്. കുട്ടിയുടെ മൂത്ത സഹോദരി ദിവ്യാംശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവർക്കും ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് പ്രാഥമിക സംശയം.
വ്യാഴാഴ്ച ഉച്ചയോടെയാണ് ദിവ്യാംശിയും പിഹുവും വീട്ടില്‍ നൂഡില്‍സ് തയ്യാറാക്കി കഴിച്ചത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഇരുവരും ക്ഷീണിതരായ നിലയിലായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിഹുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ദിവ്യാംശി ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ കഴിച്ച നൂഡില്‍സിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് വ്യക്തമാകൂ.
ഇതിനിടെ, കുട്ടികളുടെ സഹോദരൻ ഗോവിന്ദും അസുഖബാധിതനായി കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലാണെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

