ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് 2026 ഫൈനലില്‍ അർജന്റീനയെ 1-0ന് തോല്‍പ്പിച്ച് സ്‌പെയിൻ കിരീടം നേടിയതിന് പിന്നാലെ നടന്ന ട്രോഫി സമ്മാനദാന ചടങ്ങിനിടെയുണ്ടായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ച ചെയ്യുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്‌പാനിഷ് താരങ്ങള്‍ക്കൊപ്പം വേദിയില്‍ തുടർന്നുനിന്നതോടെയാണ് വിവാദത്തിന് തുടക്കമായത്.
ന്യൂയോർക്ക്-ന്യൂജഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങാൻ സ്‌പെയിൻ താരങ്ങള്‍ വേദിയിലെത്തിയപ്പോഴും ട്രംപ് അവർക്കൊപ്പം തന്നെ നിന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരിട്ട് ഇടപെട്ട് ട്രംപിനെ വേദിയുടെ ഒരുവശത്തേക്ക് മാറ്റിയ ശേഷമാണ് സ്പാനിഷ് നായകൻ റോഡ്രിക്ക് സഹതാരങ്ങള്‍ക്കൊപ്പം ലോകകപ്പ് ട്രോഫി ഉയർത്താനായത്.
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും നിരവധി പ്രതികരണങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.
മത്സരശേഷം ട്രംപ് തന്നെയാണ് ലോകകപ്പ് ട്രോഫി സ്പാനിഷ് താരങ്ങള്‍ക്ക് കൈമാറിയത്. ട്രോഫി സമ്മാനദാനത്തിനായി ട്രംപും ഇൻഫാന്റിനോയും മൈതാനത്തിറങ്ങിയപ്പോള്‍ സ്റ്റേഡിയത്തിലെ ഒരു വിഭാഗം ആരാധകർ ഇരുവർക്കുമെതിരെ കൂവുകയും ചെയ്തു. ഹെലികോപ്റ്ററിലാണ് ട്രംപ് സ്റ്റേഡിയത്തിലെത്തിയത്. വേദിയിലൂടെ കടന്നുപോയ താരങ്ങളുമായി അദ്ദേഹം ഹസ്തദാനം നടത്തുകയും പിന്നീട് ട്രോഫി സമ്മാനദാന ചടങ്ങില്‍ സ്പാനിഷ് ടീമിനൊപ്പം വേദിയില്‍ നിലയുറപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഫൈനലില്‍ അധികസമയത്തിന്റെ 106-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്‌പെയിൻ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ 1-0ന് തോല്‍പ്പിച്ച് 2010ന് ശേഷമുള്ള ആദ്യ ലോകകപ്പ് കിരീടവും ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടവും സ്വന്തമാക്കിയത്. മത്സരത്തില്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്‌പെയിനായിരുന്നു മുന്നില്‍. ലയണല്‍ മെസ്സിയുടെ അർജന്റീന അധികസമയം വരെ മത്സരം നീട്ടിയെങ്കിലും ഒടുവില്‍ സ്പാനിഷ് ആക്രമണത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ലോകകപ്പിലെ മറ്റൊരു വിവാദത്തിലും ട്രംപ്
ലോകകപ്പിനിടെ മറ്റൊരു വിവാദത്തിലും ട്രംപ് വാർത്തകളില്‍ ഇടം നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ബോസ്നിയക്കെതിരായ മത്സരത്തില്‍ അമേരിക്കൻ താരം ഫോളറിൻ ബാലോഗണിന് ലഭിച്ച ചുവപ്പ് കാർഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി ട്രംപ് ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് ബാലോഗണിന്റെ ഒരു മത്സര വിലക്ക് പിൻവലിച്ചെങ്കിലും, പ്രീക്വാർട്ടറില്‍ ബെല്‍ജിയത്തോട് അമേരിക്ക 4-1ന് പരാജയപ്പെട്ട് ടൂർണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.
US President Donald Trump became one of the biggest talking points after Spain's FIFA World Cup trophy celebrations; Trump stood alongside the Spain players as they received the World Cup trophy and remained on the podium during the celebrations.

