ഇന്ത്യൻ പ്രീമിയർ ലീഗില്‍ ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ഇന്ന്. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്സിനെ നേരിടും.
ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങുന്നു എന്നത് തന്നെയാണ് മത്സരത്തിലെ സവിശേഷത. പരിക്കേറ്റ എംഎസ് ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. പരിക്കേറ്റ ധോണി കളത്തിന് പുറത്തിരിക്കുമ്പോള്‍ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്ക് തന്നെയാകും. ആദ്യമത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
മുൻ വർഷങ്ങളിലെ മത്സരങ്ങള്‍ എടുത്ത് നോക്കുമ്പോള്‍ ചെന്നൈയ്ക്കാണ് മുൻതൂക്കമെങ്കിലും, സമീപകാലത്തെ പ്രകടനങ്ങള്‍ പഞ്ചാബ് കിംഗ്‌സിന് അനുകൂലമാണ്. പരസ്പരമുള്ള പോരിന്റെ കണക്ക് നോക്കുമ്പോള്‍ ഇരു ടീമുകളും 16 ജയം വീതം നേടി സമാസമം നില്‍ക്കുകയാണ്. മാത്രമല്ല, അവസാന ഏഴ് മത്സരങ്ങളില്‍ ആറിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു. ചേപ്പോക്കിലെ ചെന്നൈയുടെ 'കോട്ട'യില്‍ തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇറങ്ങുമ്പോള്‍, സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയിക്കുക മാത്രമായിരിക്കും സിഎസ്കെയുടെ ലക്ഷ്യം. 2023, 2024, 2025 സീസണുകളില്‍ ചെന്നൈയില്‍ വെച്ച് ചെന്നൈയെ തോല്‍പ്പിച്ച ഏക ടീമെന്ന റെക്കോർഡും പഞ്ചാബിന് അവകാശപ്പെട്ടതാണ്.
'സഞ്ജുവിന് ബൗണ്ടറി നേടാൻ അവസരമൊരുക്കിയതു പോലും ഞങ്ങളുടെ കൃത്യമായ പ്ലാനിന്റെ ഭാഗം'; റിയാൻ പരാഗ്
ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ തകർത്താണ് പഞ്ചാബ് സീസണ്‍ തുടങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്നാം നമ്പറില്‍ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കൂപ്പർ കോണോലി ടീമിന് ഈ സീസണില്‍ വലിയ മുതല്‍ക്കൂട്ട് തന്നെയാകും. നായകൻ ശ്രേയസ് അയ്യർ പരിക്കിന്‍റെ ആശങ്കകള്‍ അകറ്റി ടീമിലേക്ക് തിരിച്ചെത്തുന്നതും പഞ്ചാബിന് ആത്മവിശ്വാസം പകരുന്നു.
Content highlights: All eyes on the Chettan, Sanju Samson Chepauk debut against Punjab Kings

