Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡെസ്‌കില്‍ തല ചായ്ച്ച്‌ മരിക്കുന്ന മനുഷ്യരുടെ കഥകള്‍; എന്താണ് 'കരോഷി'

ഡെസ്‌കില്‍ തല ചായ്ച്ച്‌ മരിക്കുന്ന മനുഷ്യരുടെ കഥകള്‍; എന്താണ് 'കരോഷി'

Reporter 2 weeks ago

രു രാത്രി പോലും ഉറങ്ങാതെ, ഒരു അവധി ദിനം പോലും ആഘോഷിക്കാതെ, ഡെസ്‌കില്‍ തലചായ്ച്ച്‌ മരിക്കുന്ന മനുഷ്യരുടെ കഥകള്‍ ജപ്പാനില്‍ നിന്ന് ലോകം കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു.

എന്നിട്ടും ആ മരണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ ആ ജനത അത്തരം മരണങ്ങള്‍ക്ക് ഒരു പേരിട്ടു: കരോഷി (അമിതാധ്വാനം കൊണ്ടുള്ള മരണം).

കരോഷി ജപ്പാന്റെ അതിര്‍ത്തി കടന്ന് ലോകമാകെ പടര്‍ന്നിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ലോകാരോഗ്യ സംഘടനയും (WHO),അന്താരാഷ്ട്ര തൊഴിലാളി സംഘടനയും(ILO), ചേര്‍ന്ന് 2021-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അക്ഷരാര്‍ഥത്തില്‍ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഒരു വര്‍ഷം ഏകദേശം 7.5 ലക്ഷം പേര്‍ അമിത ജോലിഭാരം കാരണം മരിക്കുന്നു എന്നാണ് കണക്ക്. 2026 ഏപ്രില്‍ 22-ന്, ലോക സുരക്ഷാ-ആരോഗ്യ ദിനത്തോടനുബന്ധിച്ച്‌, ILO പ്രസിദ്ധീകരിച്ച പുതിയ ആഗോള റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ 8.4 ലക്ഷത്തിന് മുകളിലാണ്.

മെലിഞ്ഞവരിലും കരളില്‍ കൊഴുപ്പടിയും; വില്ലനായി ലീന്‍ ഫാറ്റി ലിവര്‍

ജപ്പാനിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തിലെ ഷിപ്പിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 29-കാരന്‍ സ്‌ട്രോക്ക് ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്നു നടന്ന അന്വേഷണങ്ങളുടെ ഭാഗമായി 1969-ല്‍ ആദ്യ കരോഷി കേസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. 1980-കളില്‍ ജപ്പാന്റെ സാമ്പത്തിക കുതിപ്പിന്റെ ഉച്ചസ്ഥായിയില്‍ ഇത്തരം മരണങ്ങള്‍ ഒരു ദേശീയ പ്രശ്‌നമായി ചര്‍ച്ച ചെയ്യപ്പെടുന്നു. 1988-ല്‍ 'കരോഷി ഹോട്ട്ലൈന്‍' ആരംഭിച്ചപ്പോള്‍ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം താറുമാറാകുന്ന രീതിയിലാണ് കോളുകള്‍ വന്നത്.

കരോഷി പൊടുന്നനെ ഉണ്ടാകുന്നതല്ല. അത് ഒരു നിശ്ശബ്ദ തകര്‍ച്ചയാണ്. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനില്‍ക്കുന്ന, വര്‍ക്ക്-ലൈഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട ഒരു ആന്തരിക യുദ്ധത്തെ തുടര്‍ന്ന് ഹൃദയം ക്ഷീണിക്കുന്നു. അതിനോടനുബന്ധിച്ച്‌
നിരന്തരമായ സമ്മര്‍ദ്ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അനിയന്ത്രിതമായി ഉത്പ്പാദിപ്പിക്കുന്നു. ഇത് ഹൃദയമിടിപ്പ് ഉയര്‍ത്തുകയും രക്തക്കുഴലുകളില്‍ വീക്കമുണ്ടാക്കുകയും ക്രമേണ രക്തക്കുഴലുകള്‍ കട്ടിയാകുകയും (Atherosclerosis) ചെയ്യുന്നു. ഇതാണ് ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാകുന്ന അടിത്തറ. കരോഷി മരണങ്ങളില്‍ ഭൂരിഭാഗവും ഈ കാരണങ്ങള്‍ കൊണ്ടാണ്.

ഷിഫ്ടുകളില്‍ ഉള്‍പ്പെടെയുള്ള ഇടതടവില്ലാത്ത ജോലി ദീര്‍ഘകാലം ചെയ്യുന്നതു വഴി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (Hypertension) ഉണ്ടാക്കുന്നു. ചികിത്സ തേടാന്‍ സമയമില്ലാത്ത ഒരു തൊഴിലാളി ഇതിനെ ലക്ഷണങ്ങളില്ലാതെ ഉള്ളില്‍ കൊണ്ടുനടക്കുന്നു. ഒടുവില്‍ തലച്ചോറിലെ രക്തസ്രാവം (Intracerebral Hemorrhage) ജീവന്‍ അപഹരിക്കുന്നു.

വയോജന സൗഹൃദ കേരളം; കരുതലിന്റെയും അവകാശത്തിന്റെയും പുതിയ ചരിത്രം

'ഹസില്‍ കള്‍ച്ചര്‍' ലോകത്ത് ഉറക്കം ആഡംബരമായി ചിത്രീകരിക്കപ്പെടുന്നത് ഒട്ടും യാദൃശ്ചികമല്ല. നാല് മണിക്കൂര്‍ ഉറങ്ങിയാല്‍ മതി എന്ന് അഭിമാനിക്കുന്ന CEO-കള്‍ ഉണ്ട്. എന്നാല്‍ ശാസ്ത്രം പറയുന്നത് മറ്റൊന്നാണ്: ദീര്‍ഘകാലത്തെ ഉറക്കക്കുറവ് ചിന്താശേഷി നശിപ്പിക്കുകയും പ്രതിരോധ ശേഷി ക്ഷയിപ്പിക്കുകയും ആകെ ആരോഗ്യം തകര്‍ക്കുകയും ചെയ്യുന്നു.

2010 മുതല്‍ 2015 വരെ ജപ്പാനില്‍ 1,990 ജോലി-ബന്ധിത മാനസികാരോഗ്യ ആത്മഹത്യ കേസുകള്‍ പഠിച്ചതില്‍ നിന്ന് കരോഷിയുടെ ആഘാതശേഷി ഗവേഷകര്‍ തിരിച്ചറിഞ്ഞു. ആത്മഹത്യ കേസുകളില്‍ 55.7%-ലും ദീര്‍ഘ ജോലി സമയമായിരുന്നു പ്രധാന കാരണം. ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് ഐ.ടി, കമ്മ്യൂണിക്കേഷന്‍, ഗവേഷണ മേഖലകളിലെ 29 വയസ്സില്‍ താഴെയുള്ള യുവ തൊഴിലാളികളെ ആയിരുന്നു. വിശ്രമമില്ലാത്ത ജോലി മെറ്റബോളിസം തകര്‍ക്കുക മാത്രമല്ല ചെയ്യുന്നത് ഉറക്കമില്ലായ്മയും പൊണ്ണത്തടിയും ഇതിന്റെ നേരിട്ടുള്ള ഫലങ്ങളാണ്. ഇവ ഹൃദ്രോഗ സാധ്യത വീണ്ടും ഉയര്‍ത്തുന്നു.

ഷിഫ്റ്റ് ജോലി ഉള്‍പ്പെടെയുള്ള നിരന്തര സമ്മര്‍ദ്ദം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി (Immune System) ദുര്‍ബലപ്പെടുത്തുകയും ചെറിയ അണുബാധ പോലും ഗുരുതരമാക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. സമയമില്ലാത്ത ഒരു തൊഴിലാളി ഒടുവില്‍ ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും ഉറങ്ങാനും സ്വയം ശ്രദ്ധിക്കാനും മറക്കുന്നു. ആ ഒഴിവാക്കലുകള്‍ ഒന്നൊന്നായി ദീര്‍ഘകാല രോഗങ്ങളുടെ വിത്തുകള്‍ പാകുന്നു.

കുഞ്ഞുങ്ങളിലെ കാന്‍സര്‍; അറിയാതെ പോവരുത് ഓരോ ലക്ഷണങ്ങളും

കരോഷി ഒരു ജപ്പാനില്‍ മാത്രം ഉള്ള പ്രതിഭാസമല്ല. ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ ഉള്‍പ്പെടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച സ്വപ്നം കാണുന്ന ഏതു രാജ്യവും ഈ അടിയൊഴുക്കില്‍ പെട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ ഒരു EY ജീവനക്കാരി ജോലി സമ്മര്‍ദ്ദം മൂലം മരിച്ചപ്പോള്‍ ചെറുതായെങ്കിലും ചില ചര്‍ച്ചകള്‍ ഉണ്ടായി. മറ്റു വിഷയങ്ങള്‍ വരുമ്പോള്‍ അത് മറക്കപ്പെടുന്നു. പക്ഷേ ആ ഘടനയ്ക്ക് ഒരു മാറ്റവും വരുന്നില്ല. ഘടനാപരമായ ചൂഷണം ഒരു സ്ഥാപന നയമാകുമ്പോള്‍ വ്യക്തികള്‍ നിസ്സഹായരാകുന്നു.

ജപ്പാന്‍ 2014-ലാണ് കരോഷി പ്രതിരോധ നിയമം പാസ്സാക്കിയത്. ഓവര്‍ടൈം പരിധി, നിര്‍ബന്ധ അവധി, മാനസികാരോഗ്യ പിന്തുണ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജപ്പാന്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ബെല്‍ജിയം ആഴ്ചയില്‍ നാലു ദിവസം ജോലി എന്ന നയം ഫലപ്രദമായി നടപ്പാക്കി ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ചു. പോര്‍ച്ചുഗല്‍ ഓഫീസ് സമയം കഴിഞ്ഞ് തൊഴിലാളിയെ വിളിച്ചാല്‍ കമ്പനിക്ക് പിഴ ഈടാക്കുന്ന 'റൈറ്റ് ടു ഡിസ്‌കണക്‌ട്' നിയമം കൊണ്ടുവന്നു. ഈ ആഗോള മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യ 'റൈറ്റ് ടു ഡിസ്‌കണക്‌ട്' നിയമനിര്‍മ്മാണത്തിലേക്ക് ചുവടുവയ്ക്കുന്നത് ഈ മേഖലയില്‍ ആശാവഹമായ ഒരു നീക്കമാണ്. AI-യും റിമോട്ട് വര്‍ക്കും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ജോലിഭാരം വര്‍ധിപ്പിക്കുകയല്ല, ലഘൂകരിക്കുകയും ചെയ്യും.

ജോലിക്ക് ജീവന്റെ വില ഉണ്ടാകരുത്. ഹസില്‍ വര്‍ക്ക് കള്‍ച്ചര്‍ ഒരു ആദര്‍ശമല്ല, ഒരു കെണിയാണ്. ഏഴര ലക്ഷം ജീവനുകള്‍ ഒരു വര്‍ഷത്തില്‍ ഇല്ലാതാകുമ്പോള്‍, വ്യക്തികളുടെ പ്രശ്‌നമായി ചുരുക്കുന്നത് ഘടനാപരമായ കൊലയ്ക്ക് കൂട്ടുനില്‍ക്കലാണ്. ജോലി ജീവിക്കാന്‍ വേണ്ടിയാണ്. ജോലി ചെയ്ത് ജീവിതം തീര്‍ക്കാന്‍ വേണ്ടിയല്ല.

Content Highlights : It's been decades since the world began hearing stories from Japan of people dying with their heads on their desks, without a single night of sleep or a single day off. Let's find out what karoshi is.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter