നമ്മള്‍ ദിവസവും കേള്‍ക്കുന്ന ട്രെയിനുകളുടെ പേരുകള്‍ വെറുതെ അങ്ങ് ഇട്ടതല്ല. ആ പേരുകള്‍ക്ക് ഓരോന്നിനും ചില പ്രത്യേകതകളുണ്ട്.
രാജധാനി, ശതാബ്ദി, ദുരന്തോ, സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിങ്ങനെ ട്രെയിനുകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന പേരുകളും വിശേഷണങ്ങളും എങ്ങനെയാണ് ലഭിക്കുന്നത്? ഒരു ട്രെയിനിന് സൂപ്പര്‍ഫാസ്റ്റ് പദവി ലഭിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ പാലിക്കണം?.
സ്ഥലങ്ങളുടെ പേരിലും ട്രെയിനുകള്‍
ട്രെയിനുകള്‍ക്ക് പേരിടുമ്പോള്‍ പ്രധാനമായും പരിഗണിക്കുന്നത് അവയുടെ റൂട്ടുകള്‍, ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍, ചരിത്രപ്രാധാന്യമുള്ള ഇടങ്ങള്‍, നദികള്‍, പര്‍വതങ്ങള്‍, പ്രാദേശിക സവിശേഷതകള്‍ തുടങ്ങിയവയാണ്. ചില ട്രെയിനുകള്‍ക്ക് അവയുടെ പ്രത്യേകതകളുമായി ബന്ധപ്പെട്ട പേരുകളും നല്‍കാറുണ്ട്. ഉദാഹരണത്തിന് രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളുടെ പേരുകളില്‍ ആ നഗരങ്ങളുടെ പേരുകള്‍ ഉള്‍പ്പെടാറുണ്ട്. ചില ട്രെയിനുകളുടെ പേരുകള്‍ ചരിത്രസ്മാരകങ്ങളെയോ പ്രദേശങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെയോ ഓര്‍മിപ്പിക്കുന്നവയാണ്.

ബെര്‍ത്ത് ബുക്കിങ്ങില്‍ വന്‍ മാറ്റവുമായി റെയില്‍വേ; കൂട്ട യാത്രക്കാര്‍ക്ക് ആശ്വാസം
രാജധാനി എക്‌സ്പ്രസ്?
രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയെ വിവിധ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രീമിയം ട്രെയിന്‍ സര്‍വീസുകളാണ് രാജധാനി എക്‌സ്പ്രസുകള്‍. തലസ്ഥാനത്തെ സൂചിപ്പിക്കുന്ന 'രാജധാനി' എന്ന പേരാണ് ഈ ട്രെയിനുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ശതാബ്ദി എക്‌സ്പ്രസിന് ആ പേര് ലഭിച്ചത് എങ്ങനെ?
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ടാണ് ശതാബ്ദി എക്‌സ്പ്രസിന്റെ പേര് വന്നത്. 1988ലാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. പ്രധാന നഗരങ്ങള്‍ക്കിടയില്‍ പകല്‍സമയത്ത് വേഗത്തില്‍ യാത്ര ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത സര്‍വീസാണിത്. ശതാബ്ദി ട്രെയിനുകളില്‍ പ്രധാനമായും എസി ചെയര്‍ കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ തുടങ്ങിയ ഇരിപ്പിട സൗകര്യങ്ങളാണുള്ളത്. ചില സര്‍വീസുകളില്‍ അധിക സൗകര്യങ്ങളുള്ള കോച്ചുകളുമുണ്ട്.

സൂപ്പര്‍ഫാസ്റ്റ് പദവി ലഭിക്കുന്നത് എങ്ങനെ?
ഒരു ട്രെയിനിന്റെ പേര് മാത്രമല്ല അതിന്റെ ശരാശരി വേഗവും സൂപ്പര്‍ഫാസ്റ്റ് പദവി നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. 2007ലെ റെയില്‍വേ മാനദണ്ഡങ്ങള്‍ പ്രകാരം ബ്രോഡ് ഗേജ് ട്രെയിനുകള്‍ക്ക് ഇരു ദിശകളിലുമായി മണിക്കൂറില്‍ ശരാശരി 55 കിലോമീറ്റര്‍ വേഗം കൈവരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. മീറ്റര്‍ ഗേജ് ട്രെയിനുകള്‍ക്ക് ഇത് മണിക്കൂറില്‍ 45 കിലോമീറ്ററായിരുന്നു. ഇത് പരമാവധി വേഗത്തിന്റെ കണക്കല്ല. ശരാശരി വേഗവുമായി ബന്ധപ്പെട്ട മാനദണ്ഡമാണ്. അതിനാല്‍ ഒരു ട്രെയിന്‍ ചില ഭാഗങ്ങളില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്നതുകൊണ്ടുമാത്രം അതിന് സൂപ്പര്‍ഫാസ്റ്റ് പദവി ലഭിക്കണമെന്നില്ല.
സൂപ്പര്‍ഫാസ്റ്റ് ടിക്കറ്റിന് അധിക നിരക്ക് എന്തുകൊണ്ട്?
സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തില്‍പ്പെടുന്ന ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണ മെയില്‍/എക്‌സ്പ്രസ് നിരക്കിനു പുറമേ സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജും ഈടാക്കാറുണ്ട്. അതിനാല്‍ ട്രെയിനിന്റെ വിഭാഗവും അതിന് ബാധകമായ നിരക്കുകളും യാത്രക്കാരെ സംബന്ധിച്ച് പ്രധാനമാണ്. സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലെ ചില ട്രെയിനുകള്‍ നിശ്ചിത വേഗ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന വിഷയം കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (CAG) പരിശോധിച്ചിരുന്നു. 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 190 ട്രെയിനുകളില്‍നിന്ന് സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജായി 168.22 കോടി രൂപ ഈടാക്കിയതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു.

ട്രെയിൻ ഏത് പ്ലാറ്റ്‌ഫോമിലാണ് കയറേണ്ടതെന്ന് ലോക്കോ പൈലറ്റിന് എങ്ങനെ അറിയാം
സൂപ്പര്‍ഫാസ്റ്റ് പദവി മാറിയാല്‍ എന്തു സംഭവിക്കും?
ഒരു ട്രെയിനിനെ സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തില്‍നിന്ന് മെയില്‍/എക്‌സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റിയാല്‍ അതിന്റെ ട്രെയിന്‍ നമ്പറിലും മാറ്റമുണ്ടാകാം. സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള രണ്ട് ട്രെയിന്‍ ജോഡികളെ 2027 ജനുവരി 1 മുതല്‍ സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തില്‍നിന്ന് മെയില്‍/എക്‌സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ലോകമാന്യ തിലക് ടെര്‍മിനസ് തിരുവനന്തപുരം നോര്‍ത്ത് സര്‍വീസും മുംബൈ സി.എസ്.എം.ടി.ചെന്നൈ എഗ്മോര്‍ സര്‍വീസും ഉള്‍പ്പെടുന്നു.
Content Highlights :How do trains come to be identified by names and designations such as Rajdhani, Shatabdi, Duronto, and Superfast Express?

